രാജീവ് ഗാന്ധി വധക്കേസ്: നളിനി ഉള്‍പ്പെടെ ആറ് പേര്‍ക്കും മോചനം; ഉത്തരവിട്ട് സുപ്രീം കോടതി

രാജീവ് ഗാന്ധി വധക്കേസ്: നളിനി ഉള്‍പ്പെടെ ആറ്  പേര്‍ക്കും മോചനം; ഉത്തരവിട്ട് സുപ്രീം കോടതി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട നളിനി ശ്രീഹരനും ആര്‍.പി രവിചന്ദ്രനും ഉള്‍പ്പെടെ കേസിലെ ആറ് പേരെയും മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. മറ്റേതെങ്കിലും കേസുകളില്‍ പ്രതികള്‍ക്ക് ബന്ധമില്ലെങ്കില്‍ മോചിപ്പിക്കാനാണ് സുപ്രീം കോടതി നിര്‍ദേശം.

ഇതേ കേസില്‍ ശിക്ഷിക്കപ്പെട്ട എ.ജി പേരറിവാളനെ മോചിപ്പിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് ഇവര്‍ക്കും ബാധകമാണെന്ന് ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, ബി.വി നാഗരത്ന എന്നിവര്‍ വ്യക്തമാക്കി.

മോചനം തേടി നളിനിയും രവി ചന്ദ്രനും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 31 വര്‍ഷമായി ജയിലിലാണ് ഇരുവരും. ഇവര്‍ ഉള്‍പ്പെടെ ആറു പേരെയും മോചിപ്പിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു.

ഭരണഘടനയുടെ 142-ാം അനുഛേദ പ്രകാരമുള്ള അസാധാരണ അധികാരം ഉപയോഗിച്ചാണ് പേരറിവാളനെ മോചിപ്പിക്കാന്‍ മെയ് 18 ന് സുപ്രീം കോടതി ഉത്തരവിട്ടത്.

1991 മെയ് 21 നാണ് തമിഴ്നാട്ടിലെ ശ്രീപെരുപത്തൂരില്‍ വച്ച് രാജീവ് ഗാന്ധി വധിക്കപ്പെട്ടത്. നളിനി, രവിചന്ദ്രന്‍, ശാന്തന്‍, മുരുകന്‍, പേരറിവാളന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരാണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്.

പേരറിവാളന്‍, മുരുകന്‍, ശാന്തന്‍ എന്നിവരുടെ വധശിക്ഷ 1999ല്‍ സുപ്രീം കോടതി ശരിവച്ചിരുന്നു. എന്നാല്‍ ദയാഹര്‍ജിയില്‍ രാഷ്ട്രപതിയുടെ തീരുമാനം നീണ്ടതോടെ ശിക്ഷ ജീവപര്യന്തമായി ചുരുക്കി 2014ല്‍ ഉത്തരവിറക്കുകയായിരുന്നു. നളിനിക്കു മകള്‍ ഉള്ളതു കണക്കിലെടുത്ത് 2001ല്‍ വധശിക്ഷ ഇളവു ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.