ഉക്രെയ്‌ൻ മുന്നേറുന്നു: തന്ത്രപ്രധാന നഗരമായ ഖേർസണിൽ റഷ്യ പിന്മാറി തുടങ്ങി; 12 അധിനിവേശ പ്രദേശങ്ങൾ മോചിപ്പിച്ചു

ഉക്രെയ്‌ൻ മുന്നേറുന്നു: തന്ത്രപ്രധാന നഗരമായ ഖേർസണിൽ റഷ്യ പിന്മാറി തുടങ്ങി; 12 അധിനിവേശ പ്രദേശങ്ങൾ മോചിപ്പിച്ചു

കീവ്: അധിനിവേശത്തിൽ പിടിച്ചെടുത്ത ഉക്രെയ്നിന്റെ കിഴക്കന്‍ നഗരമായ ഖേർസണിൽ നിന്നും റഷ്യൻ സൈന്യം പിന്മാറി തുടങ്ങിയതായി റിപ്പോർട്ട്. നഗരത്തില്‍ നിന്നും പിന്‍വാങ്ങാന്‍ റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. പ്രദേശത്തേക്ക് ഉക്രെയ്‌ൻ സൈന്യം മുന്നേറുകയാണ്.

പിന്മാറുന്ന റഷ്യൻ സൈന്യം ഖേർസണെ ഒരു "മരണത്തിന്റെ നഗരമായി" മാറ്റിയേക്കുമെന്ന് ഉക്രെയ്‌ൻ അധികൃതർ മുന്നറിയിപ്പ് നൽകുന്നു. മറ്റൊരു തന്ത്രത്തിന് റഷ്യ ലക്ഷ്യമിടുന്നതായി ഉക്രെയ്‌ൻ സൈന്യം സംശയിക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരി 24 ന് രാജ്യത്ത് അധിനിവേശം നടത്തിയ റഷ്യ പിടിച്ചെടുത്ത ഏക പ്രാദേശിക തലസ്ഥാനം ഖേർസൺ നഗരമായിരുന്നു.

ഉക്രെയ്‌ൻ പട്ടാളക്കാരുടെ സംഘത്തെ ഖേർസൺ നഗരത്തിന് 55 കിലോമീറ്റർ വടക്ക് മധ്യഭാഗത്തുള്ള സ്‌നിഹുറിവ്ക ഗ്രാമത്തിന്റെ നിവാസികൾ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വരുന്നുണ്ട്. പ്രത്യേക ഇന്റലിജൻസ് ബറ്റാലിയന്റെ സൈന്യം സ്നിഹുറിവ്കയെ റഷ്യൻ സൈന്യത്തിൽ നിന്നും മോചിപ്പിച്ചതായി പ്രഖ്യാപിച്ചു.

യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ ശാന്തമായ രാത്രിയാണെന്ന് ഗ്രാമത്തിലെ നിവാസികൾ പ്രതികരിച്ചു. ഉക്രെയ്‌ൻ സൈന്യം 24 മണിക്കൂറിനുള്ളിൽ 7 കിലോമീറ്റർ മുന്നേറി. തെക്ക് 12 അധിനിവേശ പ്രദേശങ്ങൾ തിരിച്ചുപിടിച്ചുവെന്ന് ഉക്രെയ്ൻ സൈനിക മേധാവി വലേരി സലുഷ്നി പറഞ്ഞു. എങ്കിലും റഷ്യ പ്രഖ്യാപിച്ചതുപോലെ പിൻവാങ്ങുകയാണോ എന്ന് താൻ സ്ഥിരീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യയുടെ തീരുമാനത്തെ ഉക്രെയ്‌ൻ സംശയത്തോടെയാണ് കാണുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഖേർസൺ മേഖലയിൽ റഷ്യയുടെ 40,000 സൈനികരുടെ സംഘമുണ്ടെന്നും നഗരത്തിലും നഗരത്തിനുചുറ്റും വിശാലമായ ഡിനിപ്രോ നദിയുടെ പടിഞ്ഞാറൻ തീരത്തും തങ്ങളുടെ സൈന്യം നിലനിൽക്കുന്നതായി ഇന്റലിജൻസ് കണ്ടെത്തിയതായും ഉക്രൈൻ പ്രതിരോധ മന്ത്രി ഒലെക്സി റെസ്നിക്കോവ് പറഞ്ഞു. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഈ സൈനികരെ കെർസണിൽ നിന്ന് പിൻവലിക്കുക അത്ര എളുപ്പമല്ല. ഇതിന് കുറഞ്ഞത് ഒരാഴ്ച എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചില റഷ്യൻ സേനകൾ ഇപ്പോഴും ഖേർസണിൽ ഉണ്ടെന്നും പിൻവലിക്കലിനെക്കുറിച്ച് സംസാരിക്കാൻ ഇപ്പോള്‍ കഴിയില്ലെന്നും ഇത് വളരെ നേരത്തെയായെന്നും ഉക്രെയ്‌ൻ പ്രസിഡന്‍റിന്‍റെ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് പറഞ്ഞു. ഉക്രെയ്‌നിന്റെ പതാക ഖേര്‍സണിന് മുകളില്‍ പറക്കുന്നതുവരെ, റഷ്യൻ പിൻവലിക്കലിനെക്കുറിച്ച് സംസാരിക്കുന്നതിൽ അർത്ഥമില്ലെന്നും പോഡോലിയാക് കൂട്ടിച്ചേർത്തു.

ഖേര്‍സണില്‍ നിന്നുള്ള റഷ്യയുടെ പിന്‍വാങ്ങല്‍ യുക്രൈനിലെ റഷ്യയുടെ 'പ്രത്യേക സൈനിക നടപടി'ക്ക് തിരിച്ചടിയാകുമെന്നും യുദ്ധവിദഗ്ദര്‍ അഭിപ്രായപ്പെട്ടതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യ പിടിച്ചടക്കിയ ഖേർസൺ നഗരം ഉൾപ്പെടെ, ഡിനിപ്രോ നദിയുടെ പടിഞ്ഞാറൻ തീരത്തുള്ള റഷ്യൻ നിയന്ത്രണത്തിലുള്ള മുഴുവൻ പ്രദേശങ്ങളിൽ നിന്നും സൈനികരോട് പിൻമാറാൻ റഷ്യ ഉത്തരവിട്ടിരുന്നു.

നേരത്തെ ഖേര്‍സന്‍ പിടിച്ചെടുത്തതിന് പിന്നാലെ റഷ്യ ഏകപക്ഷീയമായി പ്രദേശത്ത് ഹിതപരിശോധന നടത്തുകയും പ്രദേശത്തെ റഷ്യയുടെ ഭാഗമാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ റഷ്യ കീഴടക്കിയ തങ്ങളുടെ പ്രദേശങ്ങളെല്ലാം പ്രത്യേകിച്ചും 2014 ല്‍ കീഴടക്കിയ ക്രിമിയ ഉള്‍പ്പടെയുള്ള പ്രദേശങ്ങളെല്ലാം തിരിച്ച് പിടിക്കുമെന്ന് ഉക്രെയ്‌ൻ പ്രസിഡന്‍റ് വോളിഡമിര്‍ സെലെന്‍സ്കി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ രാജ്യത്തിന്‍റെ തെക്ക് കിഴക്കന്‍ മേഖലയില്‍ ഉക്രെയ്‌ൻ സൈനിക നടപടി ശക്തമാക്കുകയും ചെയ്തു.

ഡിനിപ്രോ നദിയുടെ പടിഞ്ഞാന്‍ പ്രദേശങ്ങളില്‍ നിന്ന് ഇതോടെ റഷ്യന്‍ സേന പൂര്‍ണ്ണമായും പുറത്തായി. ഇതോടെ തെക്കന്‍ നഗരങ്ങളില്‍ പോരാട്ടം കനക്കുമെന്ന് പ്രതീക്ഷിക്കുന്നു. റഷ്യന്‍ സൈന്യം പിന്‍വാങ്ങാന്‍ തീരുമാനിച്ചതിന് പിന്നാലെ ഖേർസണിൽ നിന്ന് കിഴക്ക് ഭാഗത്തേക്കുള്ള പ്രധാന ഹൈവേയിലെ ദാരിവ്ക പാലം പൂർണ്ണമായും തകർന്നു. റഷ്യന്‍ സൈന്യം പിന്മാറുന്നതിന്‍റെ പിന്നാലെ പാലം തകര്‍ത്തെന്ന് ഉക്രെയ്‌ൻ ചിത്രങ്ങള്‍ സഹിതം പുറത്ത് വിട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.