പിടിയിലായ കപ്പല്‍ ജീവനക്കാരുടെ മോചനം വൈകും: വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങാതെ നൈജീരിയ; ലക്ഷ്യം വന്‍ മോചനദ്രവ്യം

പിടിയിലായ കപ്പല്‍ ജീവനക്കാരുടെ മോചനം വൈകും: വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങാതെ നൈജീരിയ; ലക്ഷ്യം വന്‍ മോചനദ്രവ്യം

ന്യൂഡല്‍ഹി: നൈജീരിയ പിടിച്ചെടുത്ത ഹിറോയിക് ഇഡുന്‍ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള നാവികരുടെ മോചനം വൈകും. കപ്പല്‍ ജീവനക്കാരെ മോചിപ്പിക്കാന്‍ ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങള്‍ പാളിയതോടെയാണ് ജീവനക്കാരുടെ മോചനം വൈകുമെന്ന് ഉറപ്പായത്.

പ്രശ്‌നപരിഹാരം തേടി കപ്പല്‍ ജീവനക്കാര്‍ അന്താരാഷ്ട്ര ട്രിബ്യൂണലിനെ സമീപിച്ചതോടെ നിയമപരമായ തീര്‍പ്പുണ്ടാകട്ടെ എന്ന നിലപാടിലേക്ക് നൈജീരിയ നീങ്ങിയിട്ടുണ്ട്.

ക്രൂഡ് ഓയില്‍ മോഷണം, സമുദ്രാതിര്‍ത്തി ലംഘനം തുടങ്ങിയ പരാതികളില്‍ തീര്‍പ്പുണ്ടാകട്ടെയെന്ന നിലപാടില്‍ നൈജീരിയ ഉറച്ച് നില്‍ക്കുകയാണ്. ഇതിനിടെ വന്‍ സൈനിക വലയത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പടെ 26 കപ്പല്‍ ജീവനക്കാരെ നൈജീരിയയില്‍ എത്തിച്ചു.

കഴിഞ്ഞ ഓഗസ്റ്റ് 12നാണ് ഹിറോയിക് ഇഡുന്‍ എന്ന ഓയില്‍ കപ്പല്‍ ഇക്വറ്റോറിയല്‍ ഗിനി പിടികൂടിയത്. തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം നയതന്ത്ര ഇടപെടലുകള്‍ നടത്തിയെങ്കിലും ഈ നീക്കങ്ങളൊന്നും വിജയം കണ്ടില്ല. അബൂജയിലെ എംബസി വഴിയും ഹൈക്കമ്മീഷന്‍ വഴിയും പല കുറി ഇടപെടലുകള്‍ നടത്തിയെന്നാണ് മന്ത്രാലയത്തിന്റെ അവകാശവാദം.

നൈജീരിയയിലെ നിയമ കുരുക്ക് ഒഴിവാക്കാന്‍ അന്വേഷണം ഇന്ത്യയിലേക്കോ, ഇക്വറ്റോറിയല്‍ ഗിനിയിലേക്കോ മാറ്റണമെന്ന അഭ്യര്‍ത്ഥനയും വിജയിച്ചില്ല. നിയമത്തിന്റെ വഴിക്ക് കാര്യങ്ങള്‍ പോകട്ടേ എന്ന ഉറച്ച നിലപാടാണ് നൈജീരിയ സ്വീകരിച്ചിട്ടുള്ളതെന്നാണ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

പിഴത്തുകയായി 20 ലക്ഷം ഡോളര്‍ അടച്ചെങ്കിലും കപ്പല്‍ പരിശോധിക്കണമെന്നാണ് അവരുടെ നിലപാട്. നൈജീരിയയിലെ അക്‌പോ ഓയില്‍ ഫീല്‍ഡില്‍ നിന്ന് ക്രൂഡ് ഓയില്‍ മോഷ്ടിച്ചുവെന്ന ആരോപണത്തില്‍ വിശദമായ അന്വേഷണം വേണം. കടല്‍ നിയമങ്ങള്‍ അട്ടിമറിച്ചതിലും അന്വേഷണം നടക്കേണ്ടിയിരിക്കുന്നു. പിടികൂടുന്നതിന് മുമ്പ് ഉപഗ്രഹവുമായുള്ള ബന്ധം കപ്പല്‍ വേര്‍പെടുത്തിയതിലും നൈജീരിയ ദുരൂഹത ആരോപിക്കുന്നുണ്ട്.

നിയമവിരുദ്ധമായാണ് കപ്പല്‍ പിടിച്ചെടുത്തെന്നും ജീവനക്കാരെ തടവിലാക്കിയെന്നും കാണിച്ച് കപ്പല്‍ കമ്പനി നേരത്തെ അന്താരാഷ്ട്ര ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. നൈജീരിയയിലെ ഫെഡറല്‍ കോടതിയിലും കേസുണ്ട്. ഈ കേസുകളില്‍ തീരുമാനമാകട്ടെ എന്നിട്ടാകാം മറ്റ് നടപടികള്‍ എന്ന നിലപാടിലേക്ക് നൈജീരിയ നീങ്ങിയതോടെ നയതന്ത്ര നീക്കങ്ങളെല്ലാം തടസപ്പെട്ടിരിക്കുകയാണ്.

തടവിലാക്കപ്പെടുന്നവര്‍ക്ക് മനുഷ്യത്വപരമായ എല്ലാ അവകാശങ്ങളും നിഷേധിക്കുന്ന ഭരണകൂടമാണ് നൈജീരിയയിലേത് എന്നതാണ് നാവികരിലും അവരുടെ കുടുംബാംഗങ്ങളിലും ആശങ്കയുളവാക്കുന്നത്. ഏതൊരു നാവികനും കാലുകുത്താന്‍ ഏറ്റവും അധികം ഭയപ്പെടുന്ന രാജ്യമാണ് നൈജീരിയ.

'അവിടെ എത്തിയാല്‍ ചത്തതിന് തുല്യം' എന്ന വാമൊഴി പോലും മെര്‍ച്ചന്റ് നേവിക്കാര്‍ക്ക് ഇടയിലുണ്ടത്രേ. നിര്‍ഭാഗ്യവശാല്‍ ജയിലറയ്ക്കുള്ളിലായാല്‍ പുറംലോകം കാണുക എന്നത് സ്വപ്നമായി അവശേഷിക്കുമെന്നാണ് പല മെര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥരുടെയും പ്രതികരണം.

പിടിയിലായ ഉടന്‍ കപ്പല്‍ കമ്പനിയായ ഹീറോയിക് ഇഡുന്‍ ഗിനി സര്‍ക്കാരിന് 20 ലക്ഷം ഡോളറാണ് പിഴത്തുകയായി നല്‍കിയത്. ഗിനി തീരത്തു നിന്ന് മോചിപ്പിക്കാമെന്ന ഉറപ്പിലായിരുന്നു ഇത്. എന്നാല്‍ കമ്പനി കബളിപ്പിക്കപ്പെടുകയായിരുന്നു. ഗിനി നാവിക സേന ആവശ്യപ്പെട്ടതുപോലെ വമ്പന്‍ മോചന ദ്രവ്യമാണ് നൈജീരിയന്‍ സേനയും ലക്ഷ്യമിടുന്നതെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.