അമേരിക്കയെ ഞെട്ടിച്ച് എയര്‍ ഷോയ്ക്കിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് വന്‍ അപകടം; ആറു മരണമെന്ന് റിപ്പോര്‍ട്ട്

അമേരിക്കയെ ഞെട്ടിച്ച് എയര്‍ ഷോയ്ക്കിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് വന്‍ അപകടം; ആറു മരണമെന്ന് റിപ്പോര്‍ട്ട്

ഡാളസ്: അമേരിക്കയെ ഞെട്ടിച്ച് എയര്‍ ഷോയ്ക്കിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് വന്‍ അപകടം. ടെക്‌സാസ് സംസ്ഥാനത്തെ ഡാളസ് എക്സിക്യുട്ടിവ് വിമാനത്താവളത്തില്‍ നടന്ന എയര്‍ ഷോയ്ക്കിടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. സംഭവത്തില്‍ ആറു പേര്‍ മരിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ബോയിങ് ബി-17 ബോംബര്‍ വിമാനവും ബെല്‍ പി - 63 കിങ് കോബ്ര എന്ന ചെറുവിമാനവും തമ്മിലാണ് കൂട്ടിയിടിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.

'മെമ്മോമറേറ്റീവ് എയര്‍ഫോഴ്സ് വിങ്സ് ഓവര്‍ ഡാലസ്' എന്ന പേരില്‍ നടത്തിയ എയര്‍ ഷോയാണ് ദുരന്തത്തില്‍ കലാശിച്ചത്. ആകാശത്തുണ്ടായ കൂട്ടിയിടിയില്‍ ഇരു വിമാനങ്ങളിലും ഉണ്ടായിരുന്നവരാണ് മരിച്ചത്.


ബി -17 ബോംബര്‍ വിമാനത്തിന്റെ മുകളിലാണ് ബെല്‍ പി-63 കിങ് കോബ്ര ഇടിച്ചത്. നിയന്ത്രണംവിട്ട കിങ് കോബ്ര ബോംബറിന്റെ മുകളില്‍ ഇടിക്കുകയായിരുന്നു. വിമാനം ഇടിച്ചു കയറുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ടു വിമാനങ്ങളും തകര്‍ന്ന് രണ്ടു കഷ്ണങ്ങളായെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ആളുകള്‍ ഭീതിയോടെ നിലവിളിക്കുന്നതും സഹായത്തിനായി കേഴുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമായി കേള്‍ക്കാം. സംഭവത്തില്‍ യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

ഹൃദയഭേദകമെന്ന് വിമാനാപകടത്തെ ഡാളസ് മേയര്‍ എറിക് ജോണ്‍സണ്‍ വിശേഷിപ്പിച്ചു. കൂട്ടിയിടിയുടെ കാരണം അവ്യക്തമാണെന്നും അന്വേഷണം നടത്തുമെന്നും എറിക് ജോണ്‍സണ്‍ ട്വീറ്റ് ചെയ്തു.


യുഎസ് കമ്പനിയായ ബെല്‍ ക്രാഫ്റ്റ് നിര്‍മിച്ച യുദ്ധവിമാനമായ കിങ് കോബ്ര സോവിയറ്റ് സേനയാണ് കൂടുതലായി ഉപയോഗിച്ചിരുന്നത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മനിക്കെതിരെ ബോംബ് ആക്രമണത്തിന് ഉപയോഗിച്ചിരുന്ന നാല് എന്‍ജിന്‍ ബോംബറാണ് ബി-17. യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റിയും നാഷനല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അന്വേഷണം ആരംഭിച്ചു.

2019 ഒക്ടോബര്‍ രണ്ടിന് യുഎസിലെ വിന്‍ഡ്‌സര്‍ ലോക്സിലെ വിമാനത്താവളത്തില്‍ ബി-17 വിമാനം അപകടത്തില്‍പെട്ട് ഏഴ് പേര്‍ മരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.