നീചാ... നീയോ... നീതിപാലകന്‍...? ഈ ചോദ്യം ഭര്‍ത്താവ് ജയിലിലായി ഒറ്റപ്പെട്ടു പോയ വീട്ടമ്മയെ സഹായ വാഗ്ദാനം നല്‍കി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കസ്റ്റഡിയിലായ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍ സുനുവിനോട് മാത്രമുള്ളതല്ല. കേരളാ പൊലീസിലെ കൊടും ക്രിമിനലുകളായ ഓരോ പൊലീസുകാരനോടുമുള്ളതാണ്.
അതില്‍ കൊല്ലം കിളികൊല്ലൂര്‍ സ്‌റ്റേഷനില്‍ സൈനികനെയും സഹോദരനെയും പഞ്ഞിക്കിട്ട ഏമാന്‍മാരുണ്ട്... തലശേരിയില്‍ വെറും ആറ് വയസുകാരനായ നാടോടി ബാലനെ കാറില്‍ ചാരി നിന്നെന്ന കാരണത്താല്‍ ചവിട്ടിത്തെറുപ്പിച്ച യുവാവിനെ സംരക്ഷിക്കാനൊരുങ്ങിയ 'നീതിപാലകരുണ്ട്'... തിരുവനന്തപുരത്ത് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം ചെയ്ത എസ്.ഐയുണ്ട്...
വയനാട്ടില്‍ പോക്‌സോ കേസ് ഇരയായ ആദിവാസി പെണ്‍കുട്ടിയോട് ലൈംഗിക പരാക്രമം കാണിച്ച എ.എസ്.ഐയുണ്ട്... പീഡനക്കേസിലെ പ്രതിയും മാങ്ങാ കള്ളനുമായ ഇടുക്കി എ.ആര്‍ ക്യാമ്പിലെ പൊലീസുകാരനുണ്ട്... അമ്മയേയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെയും പീഡിപ്പിച്ച കേസില്‍ പ്രതിയായി ഇന്ന് സസ്‌പെന്‍ഷനിലായ കോഴിക്കോട് കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറുണ്ട്... ഇങ്ങനെ ഓരോന്നും എണ്ണിയെണ്ണിപ്പറഞ്ഞാല്‍ നിരവധിയുണ്ട് കാക്കിക്കുള്ളിലെ കാപാലികന്‍മാര്‍.
സ്ത്രീപീഡനം ഉള്‍പ്പെടെ മറ്റ് മൂന്ന് ക്രിമിനല്‍ കേസുകളും വകുപ്പുതലത്തില്‍ എട്ട് അന്വേഷണവും ശിക്ഷാ നടപടിയും നേരിട്ട വ്യക്തിയാണ് കൂട്ടബലാത്സംഗ കേസില്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍.സുനു. സ്ത്രീപീഡനക്കേസില്‍ ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്.
കൊച്ചിയില്‍ ജോലിചെയ്യുമ്പോള്‍ 2019 ല്‍ പരാതിയുമായി സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കാറില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. ഈ വര്‍ഷം തന്നെ തൃശൂര്‍ നഗരത്തിലെ ഹോട്ടലില്‍ നിന്ന് സ്ത്രീയുമായി പിടിയിലായെന്ന കേസും ഈ മാന്യ ദേഹത്തിനെതിരെയുണ്ട്. എന്നിട്ടും ഇയാളൊക്കെ ഇപ്പോഴും സര്‍വീസില്‍ തുടരുകയാണ്... ഇത് പൊലിസ് സേനയ്ക്ക് മാത്രമല്ല, മലയാളികള്‍ക്കെല്ലാം അപമാനകരം തന്നെ.
അടുത്തയിടെ നിയമ സഭയില്‍ വച്ച കണക്കു പ്രകാരം കേരളാ പൊലീസില്‍ 744 ക്രിമിനല്‍ കേസ് പ്രതികളുണ്ട്. കുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കല്‍, ലൈംഗിക പീഡനം, കസ്റ്റഡി മരണം, സ്ത്രീധന പീഡനം തുടങ്ങിയ കേസുകളിലെ പ്രതികളും ഇക്കൂട്ടത്തിലുണ്ട്. ഇങ്ങനെ 65 പൊലീസുകാര്‍ പീഡനക്കേസുകളില്‍ മാത്രം പ്രതികളാണ്. മറ്റ് കേസുകളിലടക്കം 691 ഉദ്യോഗസ്ഥര്‍ വകുപ്പുതല അന്വേഷണം നേരിടുന്നവരാണ്.
ക്രിമിനലുകളായ പൊലീസുകാരുടെ തൊപ്പി തെറിപ്പിക്കുമെന്ന് മുഖ്യമന്ത്രി നാഴികയ്ക്ക് നാല്‍പ്പതു വട്ടം ആവര്‍ത്തിക്കാറുണ്ടെങ്കിലും ഒരു ചുക്കും സംഭവിക്കാറില്ല. സസ്‌പെന്‍ഷന്‍, നല്ല നടപ്പ്, സ്ഥലം മാറ്റം എന്നിങ്ങനെ നിസാര അച്ചടക്ക നടപടികളില്‍ കാര്യങ്ങള്‍ ഒതുങ്ങും.
ആറു മാസത്തെ സസ്‌പെന്‍ഷനു ശേഷം ക്രിമിനലുകള്‍ വീണ്ടും കാക്കിയിട്ട് വിലസും. മുന്‍പൊക്കെ ഇത്തരക്കാര്‍ക്ക് ക്രമസമാധാനച്ചുമതല നല്‍കിയിരുന്നില്ല. ഇപ്പോള്‍ അങ്ങനെയൊരു മുന്‍കരുതല്‍ പോലുമില്ല. കൃത്യമായി നടന്നു വന്നിരുന്ന ഇന്റലിജന്‍സ് റിവ്യൂവും പഴങ്കഥയായി. ഗുണ്ടകളുമായും മാഫിയകളുമായും പല പൊലീസുദ്യോഗസ്ഥരും അവിശുദ്ധ ബന്ധം പുലര്‍ത്തുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും യാതൊരു നടപടിയുമില്ല.
കുറ്റവാളികളായ പൊലീസുകാര്‍ രാഷ്ട്രീയ സംരക്ഷണത്തിലൂടെ നിയമപാലകരായി തുടരുന്നതാണ് പൊലീസ് സേനയുടെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം. തൊപ്പി തെറുപ്പിക്കുമെന്ന് ഭീഷണി മുഴക്കുന്ന മുഖ്യമന്ത്രി ചെങ്കൊടി പിടിക്കുന്ന പൊലീസ് സംഘടനാ നേതാക്കളുടെ മുന്നില്‍ 'സായ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കും' എന്ന അവസ്ഥയിലാണ്. വാചകമടി മാത്രം മിച്ചം.
സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിന് ചുമതലപ്പെട്ട പൊലീസുകാര്‍ കുറ്റവാളികളായി മാറിയാല്‍ അവരെ ജോലിയില്‍ നിന്നും പിരിച്ചു വിടാന്‍ പൊലീസ് ആക്ടില്‍ വ്യക്തമായ ചട്ടങ്ങളുണ്ട്. പൊലീസ് ആക്ടിലെ 86 (ബി) ചട്ട പ്രകാരം അക്രമം, അസാന്മാര്‍ഗികം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടാല്‍ സേനയില്‍ നിന്ന് പുറത്താക്കാം.
ഇനി ശിക്ഷിക്കപ്പെട്ടില്ലെങ്കിലും ശാരീരികവും മാനസികവും പെരുമാറ്റപരവുമായി പൊലീസ് ജോലിക്ക് 'അണ്‍ഫിറ്റാണെങ്കില്‍' 86(സി) ചട്ട പ്രകാരം പുറത്താക്കാം. പൊലീസ് ആക്ടില്‍ 2012 ല്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം ഡ്യൂട്ടിയില്‍ ഗുരുതരമായ വീഴ്ചവരുത്തിയാല്‍ പോലും പിരിച്ചു വിടാം.
എന്നാല്‍ സംഭവിക്കുന്നതൊക്കെയും മറിച്ചാണ്. കുറ്റകൃത്യങ്ങളില്‍ പ്രതികളായ പൊലീസുകാരെ ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും. ഈ കാലയളവില്‍ ജോലിയൊന്നും ചെയ്യാതെ പകുതി ശമ്പളം ലഭിക്കും. ആറ് മാസം കഴിയുമ്പോള്‍ പുനപരിശോധിക്കും.
ഇതില്‍ 95 ശതമാനം പൊലീസുകാരെയും തിരിച്ചെടുക്കും. ഗുരുതരമായ ചാര്‍ജ് മെമ്മോ നല്‍കാതെ രക്ഷിക്കും. അവര്‍ക്ക് ക്രമസമാധാന പാലനം തന്നെ നല്‍കുകയും ചെയ്യും. പിന്നെ പെന്‍ഷന്‍ മുടങ്ങാത്ത രീതിയില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തും. 'ഏട്ടിലെ പശു പുല്ലു തിന്നില്ല' എന്നു പറയുന്ന മാതിരിയാണ് ഇത്തരക്കാര്‍ക്കെതിരായ വകുപ്പുതല അന്വേഷണം.
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വലിയ വര്‍ത്തമാനങ്ങള്‍ പറഞ്ഞ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതല്ലാതെ പൊലീസ് സേനയ്ക്കാകെ പേരുദോഷം വരുത്തുന്ന ക്രിമിനല്‍ പൊലീസുകാര്‍ക്കെതിരെ കര്‍ക്കശമായ നടപടികള്‍ സ്വീകരിക്കാത്തതാണ് കാക്കിയിട്ട് അഴിഞ്ഞാടാന്‍ ഇത്തരം വഷളന്‍മാര്‍ക്ക് വീണ്ടും അവസരമൊരുക്കുന്നത്.
സര്‍ക്കാരിന്റെ ഈ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ക്രിമിനലുകളെ കാക്കിയഴിച്ച് വീട്ടില്‍ പറഞ്ഞു വിടണം. മനുഷ്യന് ഭ്രാന്ത് പിടിച്ചാല്‍ ചങ്ങലയ്ക്കിടാം... ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ പിന്നെ എന്തു ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.