കൈയില്‍ ചുവന്ന റോസാപ്പൂവുമായെത്തി ബോംബ് സ്ഥാപിച്ചു; ഇസ്താംബൂള്‍ സ്‌ഫോടനത്തിനു പിന്നില്‍ സിറിയന്‍ വനിത, വീട്ടിലെത്തി അറസ്റ്റ്

കൈയില്‍ ചുവന്ന റോസാപ്പൂവുമായെത്തി ബോംബ് സ്ഥാപിച്ചു; ഇസ്താംബൂള്‍ സ്‌ഫോടനത്തിനു പിന്നില്‍ സിറിയന്‍ വനിത, വീട്ടിലെത്തി അറസ്റ്റ്

ഇസ്താംബുള്‍: തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലെ നഗരത്തില്‍ ആറു പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തില്‍ ബോംബ് സ്ഥാപിച്ചത് സിറിയന്‍ വനിത. കുര്‍ദിഷ് ഭീകരരുടെ ആവശ്യപ്രകാരം ബോംബ് സ്ഥാപിച്ചതാണെന്ന കാര്യം യുവതി സമ്മതിച്ചതായി തുര്‍ക്കിഷ് പൊലീസ് വ്യക്തമാക്കി. സംഭവത്തിനു പിന്നില്‍ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയാണെന്നു (പി.കെ.കെ) തുര്‍ക്കി ആഭ്യന്തര മന്ത്രാലയം ആരോപിച്ചു. ഞായറാഴ്ച വൈകിട്ടാണ് തുര്‍ക്കിയെ ഞെട്ടിച്ച ഭീകരാക്രമണമുണ്ടായത്.

അഹ്ലം അല്‍ബാഷിര്‍ എന്ന യുവതിയാണ് അറസ്റ്റിലായത്. കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയാണ് വനിതയെ ദൗത്യമേല്‍പ്പിച്ചത്. അന്താരാഷ്ട്ര തലത്തില്‍ ലിസ്റ്റ് ചെയ്ത ഭീകര സംഘടനകളില്‍ ഒന്നാണ് പി.കെ.കെ. കുര്‍ദിഷ് ഭീകരരുടെ പരിശീലനം ലഭിച്ച വനിത വടക്കുപടിഞ്ഞറന്‍ സിറിയയിലെ അഫ്രിന്‍ മേഖല വഴി തുര്‍ക്കിയിലേക്ക് പ്രവേശിച്ചുവെന്നാണ് പൊലീസ് കരുതുന്നത്. സ്ഫോടനവുമായി ബന്ധപ്പെട്ട് സിറിയന്‍ വനിതയെ കൂടാതെ 46 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.


ചുവന്ന റോസാപ്പൂവുമായി യുവതി തെരുവിലൂടെ നടക്കുന്ന ദൃശ്യം

ഇസ്താംബൂളിലെ തിരക്കേറിയ തെരുവില്‍ ഞായറാഴ്ച വൈകിട്ട് 4.13-നാണ് സ്ഫോടനമുണ്ടായത്. പൊട്ടിത്തെറിയെ തുടര്‍ന്ന് ആറ് തുര്‍ക്കിഷ് പൗരന്മാര്‍ കൊല്ലപ്പെടുകയും എണ്‍പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സ്‌ഫോടനം നടക്കുന്നതിന് മുമ്പ് 40 മിനിറ്റോളം യുവതി തെരുവിലെ ബെഞ്ചില്‍ വന്നിരിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണാം. കൈയില്‍ ഒരു ചുവന്ന റോസാപ്പൂവുമുണ്ടായിരുന്നു. ഇവര്‍ എഴുന്നേറ്റ് പോയി രണ്ട് മിനിറ്റിനകമാണ് സ്‌ഫോടനമുണ്ടായത്.

സ്ഫോടകവസ്തുക്കള്‍ തെരുവില്‍ സ്ഥാപിച്ചശേഷം ടാക്‌സിയില്‍ യുവതി കടന്നുകളയുകയായിരുന്നുവെന്നാണ് അനുമാനം. ഇവര്‍ ഒളിച്ചിരുന്ന വീട്ടില്‍നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൈ പിന്നില്‍ കെട്ടി കട്ടിലിനോടു ചേര്‍ത്തുകിടത്തി യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങള്‍ തുര്‍ക്കി ടെലിവിഷന്‍ സംപ്രേക്ഷണം ചെയ്തു. വീട്ടില്‍ നിന്ന് വന്‍ തോതില്‍ വിദേശ കറന്‍സിയും സ്വര്‍ണവും തോക്കും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

ഗ്രീസിലേക്കു പലായനം ചെയ്യാനിരിക്കെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതേസമയം, സ്ഫോടനത്തിന്റെ ഉത്തരവാദിത്തം നേരത്തെ പി.കെ.കെ നിഷേധിച്ചിരുന്നു. മറ്റ് സംഘടനകളൊന്നും ഉത്തരവാദിത്തമേറ്റെടുത്ത് രംഗത്തെത്തിയിട്ടുമില്ല.

ഇസ്താംബൂളിലെ പ്രശസ്ത നടപ്പാതയായ ഇസ്തിക്ലാല്‍ അവന്യൂവില്‍ കഴിഞ്ഞദിവസം വൈകീട്ട് നാലരയോടെ നടന്ന സ്ഫോടനത്തില്‍ ആറ് പേരായിരുന്നു കൊല്ലപ്പെട്ടത്. എണ്‍പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി അമേരിക്ക, ഈജിപ്ത്, ഉക്രെയ്ന്‍, ഗ്രീസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.