ഓസ്‌ട്രേലിയൻ പ്രളയം: എക്കാലത്തെയും വലിയ പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചു; അനേകർക്ക് വീടുകളൊഴിയാൻ നിർദേശം

ഓസ്‌ട്രേലിയൻ പ്രളയം: എക്കാലത്തെയും വലിയ പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചു; അനേകർക്ക് വീടുകളൊഴിയാൻ നിർദേശം

സിഡ്‌നി: വയാംങ്കല അണകെട്ട് തുറന്ന് വിട്ടതോടെ ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തെ ഉടനീളം ബാധിച്ച ഗുരുതരമായ വെള്ളപ്പൊക്കത്തെ എക്കാലത്തെയും വലിയ പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചു. ദുരന്ത നിവാരണത്തിനായി ന്യൂസിലാൻഡ്, അമേരിക്ക, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള സന്നദ്ധപ്രവർത്തകകരാണ് എത്തുന്നത്. സംസ്ഥാനത്തേക്ക് സഹായത്തിനായി അന്താരാഷ്ട്ര സന്നദ്ധപ്രവർത്തകർ എത്തുന്നുണ്ട്. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ഓരോ പ്രദേശങ്ങളിലും വെള്ളം ഉയരുന്നത്.

പ്രളയത്തിൽ ആയിരക്കണക്കിന് വീടുകൾ ഒറ്റപ്പെട്ടു. വെള്ളപ്പൊക്ക മേഖലയിൽ മലയാളികുടുംബങ്ങൾ ഉണ്ടോ എന്ന് പരിശോധിച്ചു വരുന്നു. ഒറ്റപെട്ടുപോയവരെ രക്ഷപെടുത്തുന്നതിനായി യുഗൗറയിൽ അടിയന്തര സേവന വിഭാഗം ഹെലികോപ്റ്റർ ഉപയോഗിച്ച് നൂറിലധികം രക്ഷാപ്രവർത്തനങ്ങൾ നടത്തി. കഴിഞ്ഞ ദിവസം പെയ്യ്ത മഴയിൽ പല നഗരങ്ങളിലും 80 മില്ലിമീറ്റർ മുതൽ 120 മില്ലിമീറ്റർ വരെ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്.


ഇതോടെ പല നദികളിലും നീരൊഴുക്ക് കൂടി ന്യൂ സൗത്ത് വെയിൽസിൽ ഉടനീളം പെട്ടെന്ന് വെള്ളം പൊങ്ങുകയായിരുന്നു. യുഗൗറയിൽ വെള്ളപ്പൊക്ക രക്ഷാപ്രവർത്തനങ്ങൾക്കായി 11 ഹെലികോപ്റ്ററുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ന്യൂ സൗത്ത് വെയിൽസ് സ്റ്റേറ്റ് എമർജൻസി സർവീസ് (എസ്ഇഎസ്) അറിയിച്ചു. സംസ്ഥാനത്ത് നിലവിലുള്ള 16 അടിയന്തര ഉത്തരവുകളിലൊന്ന് നഗരത്തിലുള്ള ആളുകളോട് വീടുകൾ ഒഴിയാനോ ഉയർന്ന സ്ഥലത്തേക്ക് മാറി താമസിക്കാനോ ആവശ്യപ്പെടുന്നു.

തിങ്കളാഴ്ച പുലർച്ചെ 5 മണി മുതൽ ന്യൂ സൗത്ത് വെയില്‍സ് അടിയന്തര സേവന വിഭാഗത്തിന് 900-ലധികം കോളുകളാണു ലഭിച്ചത്. 173 ആളുകളും ബന്ധപ്പെട്ടത് വെള്ളപ്പൊക്ക രക്ഷാപ്രവർത്തനങ്ങൾ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു. ഇതിൽ 140 എണ്ണവും യുഗൗറയിലയിരുന്നുവെന്നും എസ്ഇഎസ് പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 200-ലധികം ആളുകളെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കുന്നു.


മുമ്പ് കണ്ടിട്ടില്ലാത്ത വിധമുള്ള വെള്ളപ്പൊക്കമാണ് യുഗൗറയിൽ അനുഭവപ്പെടുന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണർ സീൻ കെയർൻസ് പറഞ്ഞു. യുഗൗറ ഷോഗ്രൗണ്ടിൽ കുറഞ്ഞത് 300 പേരെങ്കിലും ഉണ്ടെന്നും അവർ അവിടെയുള്ള ഒരു ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കാനോവീന്ദ്ര, ഡെറിവോങ്, മോലോങ് എന്നീ പ്രദേശങ്ങളിൽ നിന്നും ആളുകളോട് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകിയതായും സീൻ കെയർൻസ് കൂട്ടിച്ചേർത്തു. പ്രളയത്തിൽ കുടുങ്ങിപ്പോയ ആളുകളെയോ വൈദ്യസഹായം ആവശ്യമുള്ളവരെയോ രക്ഷിക്കാൻ ഓസ്‌ട്രേലിയൻ ഡിഫൻസ് ഫോഴ്‌സ് ഹെലികോപ്റ്റർ നേരത്തെ മോലോങ്ങിലേക്ക് അയച്ചിരുന്നു.


മോലോങ്ങിൽ മണിക്കൂറുകൾക്കുള്ളിൽ 100 ​​മില്ലിമീറ്ററിലധികം മഴ ലഭിച്ചതായി ചില നിവാസികൾ റിപ്പോർട്ട് ചെയ്തു. ഫോബ്‌സിന് ഞായറാഴ്ച വൈകുന്നേരം നാല് മണിക്കൂറിനുള്ളിൽ 100 ​​മില്ലിമീറ്റർ മഴയും മോലോംങ്ങിന് സമീപമുള്ള ഓറഞ്ചിൽ രാത്രിയിലും പകലുമായി 90 മില്ലിമീറ്റർ മഴയും ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ച രാവിലെ 9 മണി വരെയുള്ള 48 മണിക്കൂറിനുള്ളിൽ 85 മില്ലിമീറ്റർ മഴ ആൽബറിയിൽ ലഭിച്ചു.

മൊലോംങ്, കുഡൽ, കനോവിന്ദ്ര, ടൂഗോംഗ് എന്നിവിടങ്ങളിലെ 1,500-ലധികം വീടുകളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തുടനീളമുള്ള വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട ആളുകളെ രക്ഷിക്കാൻ രക്ഷാപ്രവർത്തകർ രാത്രി മുഴുവൻ പ്രവർത്തിച്ചതായി സ്റ്റേറ്റ് എമർജൻസി സർവീസ് ഓഫീസർ ആൻഡ്രൂ എഡ്മണ്ട്സ് പറഞ്ഞു.


ലച്ലാൻ നദിയിലെ വയാംങ്കല അണക്കെട്ടിലേക്കുള്ള ഗണ്യമായ ഒഴുക്ക് ഒരു ദിവസം 2,30,000 മെഗാലിറ്റർ എന്ന റെക്കോർഡ് നിരക്കിലാണ് എത്തുന്നത്. ഇതിന് മുമ്പ് 1990-ൽ അണക്കെട്ടിലേക്ക് 2,05,000 മെഗാലിറ്റർ ജലം ഒഴുകിയെത്തിയതായിരുന്നു റെക്കോർഡ്. അതിനേക്കാൾ 25000 മെഗാലിറ്റർ ഇപ്പോൾ കൂടുതലുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ മാസമാദ്യം 1,25,000 മെഗാലിറ്റർ വരെ ജലമായിരുന്നു ഡാമിലേക്ക് ഒഴുകിയെത്തിയിരുന്നത്.

നവംബറിലെ ആദ്യ 11 ദിവസങ്ങളിൽ, ഇന്നലത്തെ മഴയ്ക്ക് മുമ്പുതന്നെ, അണക്കെട്ടിന്റെ ശേഷിയുടെ മൂന്നിലൊന്നിലധികം വെള്ളം ഒഴുകിയെത്തിയതായി ന്യൂ സൗത്ത് വെയിൽസിലെ ജലഅതോറിറ്റി പറഞ്ഞു. ചൊവ്വാഴ്‌ച മുതൽ വീണ്ടും ജലനിരപ്പ് കൂടിയതോടെ കോൺഡോബോളിൻ ഇതിനകം തന്നെ വലിയ വെള്ളപൊക്കം ആരംഭിച്ചിട്ടുണ്ട്. രാത്രിയിലും നാളെയുമായി ലച്ലാൻ നദി കൗറയിൽ 13.8 മീറ്ററും നാനാമിയിൽ 13.6 മീറ്ററും ഉയരുമെന്ന് ജലഅതോറിറ്റി പ്രതീക്ഷിക്കുന്നു. ഫോബ്‌സി ഇതുവരെയുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനാണ് തയ്യാറെടുക്കുന്നത്. വ്യാഴാഴ്ചയോടെ ഇവിടെ 10.8 മീറ്റർ വെള്ളം പൊങ്ങുമെന്നാണ് കരുതുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26