മനില: ലോക ജനസംഖ്യ 800 കോടിയിലെത്തിക്കാനുള്ള അനിതര സാധാരണ സൗഭാഗ്യം ലഭിച്ചത് ഫിലിപ്പീന്‍സിലെ മനിലയില്‍ പിറന്ന പെണ്‍കുഞ്ഞിന്. മനിലയിലെ ടോണ്ടോയിലുള്ള ഡോ. ജോസ് ഫബെല്ല മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 1.29 ന് ജനിച്ച വിനിസ് മബന്‍സാഗ് എന്ന പെണ്‍കുഞ്ഞിന്റെ ജനനമാണ് ലോക ജനസംഖ്യ 800 കോടി തൊട്ടതായി ഔദ്യോഗിക രേഖകളില്‍ വരിക.
കുട്ടിയുടേയും അമ്മയുടേയും ചിത്രങ്ങള്‍ ഫിലിപ്പീന്‍സ് കമ്മീഷന്‍ ഓണ്‍ പോപ്പുലേഷന്‍ ആന്‍ഡ് ഡെവലപ്പമെന്റ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പങ്കിട്ടു. ലോക ജനസംഖ്യ 800 കോടി എന്ന നാഴികക്കല്ലില്‍ എത്തിയതായും ടോണ്ടോയില്‍ ജനിച്ച പെണ്‍കുഞ്ഞിനെ 800 കോടിയിലെ മനുഷ്യ ജന്മമായി സ്വാഗതം ചെയ്യുന്നതായും പേജില്‍ വ്യക്തമാക്കുന്നു.
ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോക ജനസംഖ്യ 700 കോടി പിന്നിട്ട് 11 വര്‍ഷം കഴിയുമ്പോഴാണ് 800 കോടിയിലേക്ക് എത്തിയത്. 2022 ലെ ലോക ജനസംഖ്യ സംബന്ധിച്ച വീക്ഷണ റിപ്പോര്‍ട്ടിലാണ് നവംബര്‍ 15ന് ലോക ജനസംഖ്യ 800 കോടിയാകുമെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയത്.
ജനസംഖ്യാ വളര്‍ച്ചയിലെ നാഴികക്കല്ല് എന്നാണ് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഈ ദിവസത്തെ വിശേഷിപ്പിച്ചത്. നിലവില്‍ ചൈനയാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം. 145.2 കോടിയാണ് ചൈനയിലെ ജനസംഖ്യ. ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. 141.2 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. അടുത്ത വര്‍ഷം ഇന്ത്യ ചൈനയെ പിന്തള്ളി ഒന്നാമതെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ജനസംഖ്യാ വളര്‍ച്ചയുടെ വര്‍ധനവ് പ്രതിവര്‍ഷം ഒരു ശതമാനത്തില്‍ താഴെയാണ്. ജനന നിരക്കില്‍ ലോകമെമ്പാടുമുള്ള ഇടിവാണ് മന്ദഗതിയിലുള്ള വളര്‍ച്ചയുടെ കാരണം. 2050 വരെയുള്ള ജനസംഖ്യാ വളര്‍ച്ചാ അനുമാനത്തില്‍ പകുതിയും കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, ടാന്‍സാനിയ എന്നീ എട്ടു രാജ്യങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും.
അത്യാധുനിക ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്നതിനാല്‍ ലോകത്ത് മരണ നിരക്കും വളരെ കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.