എല്ലാം അനുകൂലം; ആര്‍ട്ടിമിസ് 1 ചന്ദ്രനിലേക്ക് കുതിച്ചുയര്‍ന്നു; 50 വര്‍ഷത്തിനു ശേഷം ഇതാദ്യം

എല്ലാം അനുകൂലം; ആര്‍ട്ടിമിസ് 1 ചന്ദ്രനിലേക്ക് കുതിച്ചുയര്‍ന്നു; 50 വര്‍ഷത്തിനു ശേഷം ഇതാദ്യം

ഫ്ളോറിഡ: തടസങ്ങള്‍ മറികടന്ന് നാസയുടെ ആര്‍ട്ടിമിസ് 1 ചന്ദ്രനെ ലക്ഷ്യമാക്കി കുതിച്ചു. അമേരിക്കന്‍ സമയം അര്‍ധരാത്രി 12.17-ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലുള്ള 39 ബി ലോഞ്ച് കോംപ്ലക്സില്‍ നിന്നായിരുന്നു വിക്ഷേപണം. ആര്‍ട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായി മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്നതിനായി തയ്യാറാക്കിയ ഒറിയോണ്‍ പേടകത്തെ സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റാണ് (എസ്.എല്‍.എസ്) വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചത്. വിക്ഷേപണത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ നാസ പുറത്തുവിട്ടു.

നേരത്തെ എന്‍ജിന്‍ തകരാര്‍ മൂലം പല തവണ ആര്‍ട്ടിമിസ്-1 വിക്ഷേപണം മാറ്റിവയ്‌ക്കേണ്ടി വന്നിരുന്നു. അറ്റകുറ്റപ്പണി കഴിഞ്ഞ് കഴിഞ്ഞയാഴ്ചയാണ് എസ്.എല്‍.എസ് റോക്കറ്റും പേടകവും വിക്ഷേപണകേന്ദ്രത്തില്‍ എത്തിച്ചത്. നവംബര്‍ 14-ന് വിക്ഷേപണം നടത്താനായിരുന്നു പദ്ധതി. എന്നാല്‍ ചുഴലിക്കാറ്റ് ഭീതിയെ തുടര്‍ന്ന് വീണ്ടും വൈകുകയായിരുന്നു.

'ഇത് നിങ്ങളുടെ നിമിഷമാണ്, നിങ്ങളെല്ലാം ഇപ്പോള്‍ ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നു....' - വിക്ഷേപണത്തിന് പിന്നാലെ നാസ ഫ്‌ളൈറ്റ് ഡയറക്ടര്‍ ചാര്‍ളി ബ്ലാക്ക് വെല്‍ തോംസണിന്റെ വാക്കുകള്‍. ഇന്ധന ചോര്‍ച്ച മുതല്‍ ചുഴലിക്കാറ്റ് വരെയുള്ള അസാധാരണ പ്രതിസന്ധികളെ അതിജീവിച്ചാണ് ആര്‍ട്ടിമിസ് ഒന്നാം ദൗത്യം യാത്ര തുടങ്ങിയത്. ലോകത്ത് ഇപ്പോഴുള്ളതില്‍ എറ്റവും കരുത്തുറ്റ റോക്കറ്റാണിത്. ഒറിയോണ്‍ പേടകം ഭൗമ ഭ്രമണപഥത്തില്‍ പ്രവേശിച്ച് കഴിഞ്ഞു.

നവംബര്‍ 25 ന് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. ഡിസംബര്‍ ഒന്നാം തീയതി ചന്ദ്രനില്‍ നിന്നുള്ള മടക്കയാത്ര ആരംഭിക്കും. ഡിസംബര്‍ 11ന് എസ്.എല്‍.എസ് റോക്കറ്റ് പസഫിക് സമുദ്രത്തില്‍ പതിക്കും.

അപ്പോളോ 17-ന്റെ വിക്ഷേപണത്തിന് 50 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നാസയുടെ പുതിയ ചാന്ദ്ര ദൗത്യം. കൊടുങ്കാറ്റിനെയും മഴയെയുമൊക്കെ തരണം ചെയ്യാന്‍ പാകത്തിനാണ് ആര്‍ട്ടിമിസ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ യാത്രയില്‍ മനുഷ്യനുണ്ടാവില്ല. പകരം യാത്രക്കാര്‍ക്കു പകരമായി തയ്യാറാക്കിയ ഓറിയോയാണ് ചന്ദ്രനെ തൊടുക.

ചന്ദ്രനില്‍ സ്ഥിരസാന്നിധ്യം ഉറപ്പിക്കുകയും അതിന് ശേഷം ചൊവ്വയില്‍ സമാനമായ പരീക്ഷണം നടത്തുകയുമാണ് ദൗത്യത്തിന്റെ ലക്ഷ്യം. മനുഷ്യന്‍ അവസാനമായി ചന്ദ്രനില്‍ കാലുകുത്തിയതിന്റെ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന വേളയിലാണ് നാസയുടെ പുതിയ ചാന്ദ്രദൗത്യം.2024ല്‍ ചന്ദ്രനു ചുറ്റും യാത്രികര്‍ ഭ്രമണം ചെയ്യാനും 2025ല്‍ ആദ്യ സ്ത്രീയുള്‍പ്പെടെ യാത്രികരെ ചന്ദ്രോപരിതലത്തിലെത്തിക്കാനുമാണ് നാസ പദ്ധതിയിടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.