ഇറാനില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് മരണം; നിരവധി പേര്‍ക്ക് പരിക്ക്

ഇറാനില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് മരണം; നിരവധി പേര്‍ക്ക് പരിക്ക്

ടെഹ്‌റാന്‍: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധക്കാര്‍ക്കു നേരെയുണ്ടായ ഭീകരരുടെ വെടിവെപ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാന്റെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖുസെസ്ഥാനിലാണ് പ്രതിഷേധക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമെതിരെ ആക്രമണമുണ്ടായത്.

ബൈക്കില്‍ എത്തിയ രണ്ട് സായുധരായ തീവ്രവാദികള്‍ ഇസെഹ് നഗരത്തിലെ സെന്‍ട്രല്‍ മാര്‍ക്കറ്റിലുണ്ടായിരുന്ന പ്രതിഷേധക്കാര്‍ക്കുനേരെ വെടിവെക്കുകയായിരുന്നു. പത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. വെടിവെപ്പിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

ഒക്ടോബര്‍ 26-ന്, ഷിറാസിലെ ഷാ ചെറാഗ് ശവകുടീരത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ കുറഞ്ഞത് 13 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക കണക്കുകള്‍ പറയുന്നു. ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം തുടരുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍.

ഇറാന്റെ വസ്ത്രധാരണ രീതി അനുസരിച്ചില്ലെന്നാരോപിച്ച് അറസ്റ്റ് ചെയ്ത മഹ്സ അമീനി കൊല്ലപ്പെട്ടതിനു ശേഷം ആരംഭിച്ച പ്രതിഷേധസമരങ്ങളില്‍ രണ്ടുമാസത്തിനുള്ളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.