ലോകശ്രദ്ധനേടി സമാധാനത്തിനായുള്ള മത്സരം: സമാധാനത്തിന്റെ ചെറിയ വിത്തുകൾക്ക് ലോകത്തെ മാറ്റിമറിക്കാൻ കഴിവുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ

ലോകശ്രദ്ധനേടി സമാധാനത്തിനായുള്ള മത്സരം: സമാധാനത്തിന്റെ ചെറിയ വിത്തുകൾക്ക് ലോകത്തെ മാറ്റിമറിക്കാൻ കഴിവുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: സമാധാനത്തിനായുള്ള ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം സ്വീകരിച്ച് “സ്കോളാസ് ഒക്കുരേന്തസ്” (Scholas Occurentes) പൊന്തിഫിക്കൽ പ്രസ്ഥാനം സംഘടിപ്പിച്ച ഫുട്ബോൾ മത്സരം റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ ആശീർവാദത്തോടെ നടന്നു. മത്സരത്തിന് മുന്നോടിയായി ഇരുനൂറോളം അന്താരാഷ്ട്ര ഫുട്ബോൾ കളിക്കാരെയും കുടുംബാംഗങ്ങളെയും ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്തിരുന്നു.

'സമാധാനത്തിനായുള്ള മത്സരം' അഥവാ 'മാച്ച് ഫോർ പീസ്' എന്ന പേരിൽ ലോക ഫുട്ബോൾ രംഗത്തെ പ്രമുഖർ അണിനിരന്ന മത്സരം നവംബർ 14 നായിരുന്നു സംഘടിപ്പിച്ചത്. സ്കോളാസ് ഒക്കുരേന്തസ് പൊന്തിഫിക്കൽ പ്രസ്ഥാനം സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിന്റെ മൂന്നാം പതിപ്പാണ് അരങ്ങേറിയത്. 2014 സെപ്റ്റംബർ 1 നും 2016 ഒക്ടോബർ 12 നുമായിരുന്നു ആദ്യ രണ്ട് മത്സരങ്ങൾ.

സമാധാനത്തിന്റെ സ്വാതന്ത്ര്യം സാധ്യമാക്കുക

സമാധാനത്തിനായുള്ള മുൻ രണ്ട് മത്സരങ്ങളിലും പങ്കെടുത്ത് സ്കോളാസ് സ്ക്വാഡിനെ നയിച്ച ഡിയേഗോ മറഡോണയുടെ ഓർമ്മയ്ക്കായി സമർപ്പിച്ച ഈ മത്സരത്തിൽ ഉക്രെയ്നിലെ യുദ്ധവും ഓർമ്മിക്കപ്പെട്ടു. യുദ്ധത്തിലൂടെ നേടുന്ന ഒരു ഭൂപ്രദേശത്തേക്കാൾ പ്രധാനപ്പെട്ടതാണ്, നിഷ്കളങ്കമായ മത്സരത്തിനായി ഉപയോഗിക്കുന്ന ഒരു ഫുട്‍ബോൾ എന്ന് ഈ മത്സരം കാട്ടിത്തരുന്നുവെന്ന് പാപ്പാ പറഞ്ഞു.


മറ്റുള്ളവരെ നശിപ്പിക്കുക എന്ന ചിന്താഗതിയിൽനിന്ന് പ്രചോദനമുൾക്കൊണ്ട് യുദ്ധോപകരണങ്ങളുടെ കച്ചവടമാണ് ലോകത്തെ ഏറ്റവും വലിയ വ്യവസായമായി വളർന്നുവരുന്നതെന്ന് തന്റെ പ്രഭാഷണത്തിലൂടെ ഓർമ്മിപ്പിച്ച ഫ്രാൻസിസ് പാപ്പാ, സമാധാനത്തിന്റെ സ്വാതന്ത്ര്യം സാധ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ മത്സരം നടക്കുന്നതെന്ന് അനുസ്മരിച്ചു.

യുദ്ധവും നാശവും ആയുധവ്യവസായവും തഴച്ചുവളരുന്ന ഈ ലോകത്ത് സമാധാനത്തിന്റെ ചെറിയ വിത്തുകൾ പാകുവാൻ "സമാധാനത്തിനായുള്ള മത്സരം" എന്ന ഫുട്ബാൾ മത്സരത്തിനാകട്ടെയെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു. സാമീപ്യത്തിന്റെയും സൗഹൃദത്തിന്റെയും പ്രവൃത്തികളിലൂടെയാണ് സമാധാനശ്രമങ്ങൾ മുന്നോട്ട്പോകേണ്ടതെന്നും മാർപാപ്പ ഉദ്ബോധിപ്പിച്ചു.


സമാധാനത്തിന്റെ ചെറിയ വിത്തുകൾക്ക് ലോകത്തെ തന്നെ മാറ്റിമറിക്കാൻ കഴിവുണ്ടെന്നും മാർപാപ്പ ഓർമിപ്പിച്ചു. യുദ്ധങ്ങളും നാശവും കാത്തിരിക്കുന്ന ഈ ലോകത്ത്, "ഞങ്ങൾക്ക് സമാധാനം ആവശ്യമാണ്" എന്ന മുദ്രാവാക്യവുമായി ഇതുപോലെയുള്ള ഒരു സംരഭം മുൻപോട്ട് കൊണ്ടുപോകുന്നതിനുള്ള തന്റെ നന്ദിയും പാപ്പാ പ്രകടിപ്പിച്ചു.

ശില്പിയും ശില്പവും

മാർപാപ്പയുടെ വെള്ളിപ്പണിക്കാരൻ എന്നറിയപ്പെടുന്ന അഡ്രിയാൻ പല്ലറോൾസ് ആണ് മത്സര വിജയിക്ക് നൽകാനുള്ള ട്രോഫി രൂപകൽപന ചെയ്തത്. വെള്ളിയിൽ തീർത്ത ഒലിവ് മരത്തിന്റെ ഒരു ശിൽപമാണ് ട്രോഫി. ഒലിവ് വൃക്ഷം ഒരു അടയാളമാണെന്ന് അഡ്രിയാൻ പറയുന്നു. ഒരു ചെടി നടുന്നതും പരിപാലിക്കുന്നതും ഒരു ജീവിത പദ്ധതിക്ക് വേരുകൾ നൽകുന്നതിനെ സൂചിപ്പിക്കുന്നതായി അദ്ദേഹം വിശദീകരിച്ചു.


അഡ്രിയാനും ഫ്രാൻസിസ് മാർപാപ്പയും തമ്മിൽ വർഷങ്ങളായി അടുത്ത സൗഹൃദമാണ് നിലനിൽക്കുന്നത്. 2015-ൽ ന്യൂയോർക്കിൽ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ നടന്ന വിശുദ്ധ കുർബാനയിൽ മാർപ്പാപ്പ ഉപയോഗിച്ച ചാലിസ് നിർമ്മിച്ചതും അഡ്രിയാൻ ആയിരുന്നു. ഫ്രാൻസിസ് മാർപാപ്പയാണ് അഡ്രിയാന്റെയും ഭാര്യയുടെയും വിവാഹം ആശീർവാദം ചെയ്തത്. പിന്നീട് ഇവരുടെ കുട്ടികളെ സ്നാനപ്പെടുത്തുകയും ചെയ്തു.

സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രശസ്ത ഫുട്ബോൾ കളിക്കാർ സൗജന്യമായി കളിക്കുന്ന ഈ മത്സരത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് അഡ്രിയാൻ വ്യക്തമാക്കി. ദരിദ്രർക്കായി പണം സ്വരൂപിക്കുന്നതിനും മാർപാപ്പ എപ്പോഴും ആവശ്യപ്പെടുന്നത് പോലെ കുഞ്ഞുങ്ങളെ പരിപാലിക്കാൻ സഹായിക്കുന്നതിനും ഈ മത്സരത്തിലൂടെ സാധിക്കുന്നുണ്ട്. മറ്റുള്ളവർക്കായി നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയുമെന്നും നിങ്ങൾക്ക് എന്താണ് നൽകാൻ കഴിയുകയെന്നും കണ്ടെത്താൻ നാം ഒരുമിച്ചു കൂടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നന്മയ്ക്കായി സൗജന്യമായി ഒത്തുചേർന്നവർ

റൊണാൾഡീഞ്ഞോ, ബഫൺ, കനിഗ്ഗിയ, സിറോ ഫെറാറ, ഡീഗോ മറഡോണ ജൂനിയർ, ഹ്രിസ്റ്റോ സ്റ്റോയിക്കോവ്, നിക്കോളാസ് ബർഡിസ്സോ, മാർട്ടിൻ ഡെമിഷെലിസ്, ഡാനിയൽ ഓസ്വാൾഡോ, എറിക് അബിഡാൽ, ഹെൻറിഖ് എംജിറ്റേറിയൻ, ഡീഗോ പെറോട്ടി, സിറോ ഇമ്മൊബൈൽ, വിൻസെന്റ് കാൻഡേല, അന്റോണിയോ ഡി നതാലെ, സക്കാർഡോ, വിൻസെൻസോ ഇക്ക്വിന്റ, ഇവാൻ റാക്കിറ്റിച്ച്, ലെഗ്രോട്ടാഗ്ലി, റോമൻ വെയ്ഡൻഫെല്ലർ, സെ മരിയ, റിക്കാർഡോ ലോപ്പസ് ഫെലിപെ, സിമോൺ പെറോട്ട, ഫാബിയോ കന്നവാരോ, പൗലോ തുവെസോൾ, പൌലോ ഫുട്രേ, റോബ്ലോ ഫുട്രേ, റോബ്ലോ ഫുട്രേ ക്ലോസ്, ഷോട്ട അർവെലാഡ്‌സെ (റൂസോ), ഹ്യൂഗോ അൽമേഡ, റോബർട്ട് പയേഴ്‌സ്, ഗോകാൻ ഇൻലർ, ഫാബിയോ ഗാലന്റെ, അന്റോണിയോ ബെനാരിബോ, അലജാൻഡ് ചോറി, ഡൊമിംഗ്‌വെസ്, സെബാസ്റ്റ്യൻ ഫ്രേ, സാംബ്രോട്ട എന്നിവരാണ് ഫുട്‍ബോൾ മത്സരത്തിൽ പങ്കെടുത്ത പ്രമുഖർ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.