ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ കുറ്റവാളികളായ നളിനിയേയും മറ്റ് അഞ്ച് പേരെയും മോചിപ്പിച്ച സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കി. മോചിപ്പിക്കാനുള്ള ഉത്തരവ് വിശദമായി വാദം കേള്‍ക്കാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പുനപരിശോധനാ ഹര്‍ജി നല്‍കാനൊരുങ്ങുന്നത്. കുറ്റവാളികളെ മോചിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി.
മുപ്പത് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന നളിനി ശ്രീഹരന്‍ ഉള്‍പ്പടെ ആറ് പ്രതികളെയും മോചിപ്പിക്കാനാണ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. കേസില്‍ ശിക്ഷിക്കപ്പെട്ട പേരറിവാളനെ മോചിപ്പിക്കാന്‍ കഴിഞ്ഞ മേയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പേരറിവാളന്റെ ഉത്തരവ് മറ്റ് പ്രതികള്‍ക്കും ബാധകമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടുകയായിരുന്നു.
കേസിലെ ആറ് പ്രതികളില്‍ രവിചന്ദ്രന്‍, റോബര്‍ട്ട് പയസ്, മുരുകന്‍ എന്നിവര്‍ ശ്രീലങ്കന്‍ സ്വദേശികളാണ്.കോടതി ഉത്തരവിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയുരുന്നു. കോടതി രാജ്യത്തിന്റെ വികാരം മനസിലാക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്നും സുപ്രീംകോടതിയുടെ തീരുമാനം പൂര്‍ണ്ണമായും തെറ്റാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
1991 മെയ് 21 ന് രാത്രി ശ്രീപെരുംപുത്തൂരിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേയാണ് രാജീവ് ഗാന്ധി ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊലക്കേസിലെ പ്രതികള്‍ 1998 ജനുവരിയില്‍ സ്പെഷ്യല്‍ ടാഡ കോടതിയില്‍ നടന്ന വിചാരണയ്ക്ക് ശേഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. 1999 മെയ് 11-ന് മേല്‍ക്കോടതി വധശിക്ഷ ശരിവെച്ചു. കൊലപാതകം നടന്ന് 24 കൊല്ലത്തിന് ശേഷം 2014 -ല്‍ സുപ്രീംകോടതി നളിനിയടക്കം മൂന്ന് പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി വെട്ടിച്ചുരുക്കി. അവര്‍ സമര്‍പ്പിച്ച ദയാഹര്‍ജി കേന്ദ്രം 11 കൊല്ലം വൈകിച്ചു എന്നതായിരുന്നു അന്ന് കോടതി ചൂണ്ടിക്കാണിച്ച കാരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.