എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ച കേസ്: തുഷാറിന് പിന്നാലെ ബി.എല്‍ സന്തോഷിനും തെലങ്കാന പൊലീസിന്റെ നോട്ടീസ്

 എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ച കേസ്: തുഷാറിന് പിന്നാലെ ബി.എല്‍ സന്തോഷിനും തെലങ്കാന പൊലീസിന്റെ നോട്ടീസ്

ന്യൂഡല്‍ഹി: തെലങ്കാനയിലെ ഓപ്പറേഷന്‍ കമലം വിവാദത്തില്‍, ഭരണകക്ഷി എം.എല്‍.എമാരെ വിലയ്ക്ക് വാങ്ങാന്‍ നോക്കിയെന്ന ആരോപണത്തില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷിന് സമന്‍സ്. തെലങ്കാന പൊലീസിന്റേതാണ് സമന്‍സ്.

എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചതിനെക്കുറിച്ച് ചോദ്യം ചെയ്യാനാണ് ഈ മാസം 21 ന് രാവിലെ 10.30 ന് ഹൈദരാബാദിലെ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഹാജരായില്ലെങ്കില്‍ അറസ്റ്റിനെ നേരിടേണ്ടി വരുമെന്നും നോട്ടീസില്‍ പറയുന്നു.

കഴിഞ്ഞ മാസം സൈബരബാദ് പൊലീസിന്റെ പിടിയിലായ മൂന്നു പ്രതികളെ കോടതിയില്‍ ഹാജരാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എംഎല്‍എമാരെ ചാക്കിടാന്‍ 100 കോടി വാഗ്ദാനവുമായി എത്തിയതാണ് ഇവരെന്നാണ് ആരോപണം. എന്നാല്‍ അഴിമതി വിരുദ്ധ ബ്യൂറോ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനുള്ള അപേക്ഷ തള്ളുകയും ഇവരെ വിട്ടയയ്ക്കാന്‍ ഉത്തരവിടുകയുമായിരുന്നു.

കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് രാമചന്ദ്ര ഭാരതി, നന്ദ കുമാര്‍, സിംഗയാജി സ്വാമി എന്നിവരെ പൊലീസ് വിട്ടയച്ചു.

തെലങ്കാന രാഷ്ട്ര സമിതി അഥവാ ഭാരത് രാഷ്ട്ര സമിതി എംഎല്‍എമാരായ പൈലറ്റ് രോഹിത് റെഡ്ഡി, ഗുവ്വാല ബല്‍രാജു, ബിരം ഹര്‍ഷ വര്‍ദ്ധന്‍ എന്നിവരെ പണവും, ചെക്കും, കരാറുകളും നല്‍കി വിലയ്ക്കെടുത്താന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. പൊലീസ് അന്വേഷണം തുടരാമെന്നും ഒരു ജഡ്ജി അന്വേഷണം നിരീക്ഷിക്കുമെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.

നേരത്തെ തെലങ്കാന പൊലീസ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി നോട്ടീസ് നല്‍കിയിരുന്നു. തുഷാറും ഈ മാസം 21 ന് ഹൈദരാബാദില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.