വീണ്ടും മാരകശേഷിയുള്ള ആണവ മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ; കിം ജോംഗ് ഉന്‍ എത്തിയത് മകള്‍ക്കൊപ്പം

വീണ്ടും മാരകശേഷിയുള്ള ആണവ മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ; കിം ജോംഗ് ഉന്‍ എത്തിയത് മകള്‍ക്കൊപ്പം

സോള്‍: മാരകശേഷിയുള്ള ആണവ മിസൈല്‍ പരീക്ഷണത്തിന് സാക്ഷ്യം വഹിക്കാന്‍ മകള്‍ക്കൊപ്പം എത്തി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍. അമേരിക്കയില്‍ വരെ ആക്രമണം നടത്താന്‍ ശേഷിയുള്ള ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ ജപ്പാന്റെ അധീനതയിലുള്ള സമുദ്രമേഖലയില്‍ പരീക്ഷിച്ചതിനോടനുബന്ധിച്ചാണ് മകളുമൊത്തുള്ള കിമ്മിന്റെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇതാദ്യമായാണ് കിമ്മിന്റെ മകള്‍ ഒരു പൊതുവേദിയില്‍ വരുന്നത്. വെളുത്ത ജാക്കറ്റണിഞ്ഞ് പിതാവിന്റെ കൈപിടിച്ച് നടക്കുന്ന ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ ഇതിനോടകം വൈറലായിരിക്കുകയാണ്.

അതേസമയം കുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവന്നിട്ടില്ല. വെള്ളിയാഴ്ചത്തെ ചടങ്ങില്‍ കിമ്മിന്റെ ഭാര്യ റി സോള്‍ ജുവും പങ്കെടുത്തതായി ഉത്തര കൊറിയന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കിം ജോംഗ് ഉന്‍ തന്റെ കുടുംബവുമൊത്ത് പൊതു വേദികളില്‍ വരുന്നത് വിരളമാണ്. സ്വകാര്യജീവിതം മാധ്യമങ്ങളുടെ മുന്നില്‍ രഹസ്യമാക്കി സൂക്ഷിക്കുന്നതാണ് കിമ്മിന്റെ പതിവ്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ ആര്‍ക്കും അറിയില്ല.

കിംമ്മിന്റെ വിവാഹം പോലും പുറത്തറിഞ്ഞത് വളരെ വൈകിയാണ്. 2013ല്‍ ഒരു വിദേശ മാദ്ധ്യമം കിം ജോംഗ് ഉന്നിനും ഭാര്യ റി സോള്‍ ജുവിനും 'ജു ഏ' എന്ന പേരില്‍ ഒരു കുഞ്ഞ് ഉണ്ടെന്ന് റിപ്പേര്‍ട്ട് ചെയ്തിരുന്നു. 2018-ല്‍ ഉത്തരകൊറിയന്‍ സര്‍ക്കാര്‍ റി സോളിന് പ്രഥമ വനിത പദവി നല്‍കി ആദരിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയുടെ നാഷണല്‍ ഇന്റലിജന്‍സ് സര്‍വീസിന്റെ റിപ്പോര്‍ട്ട് പ്രകാരം കിമ്മിന് മൂന്ന് കുട്ടികളുണ്ട്.

ഉത്തര കൊറിയയുടെ ഏറ്റവും കരുത്തുറ്റ മിസൈലായ ഹ്വാസോങ് 17 ആണ് ഇന്നലെ പരീക്ഷിച്ചതെന്ന് അഭ്യൂഹമുണ്ട്. ഈ വര്‍ഷം അറുപതിലേറെ മിസൈല്‍ പരീക്ഷണങ്ങള്‍ രാജ്യം നടത്തി. ഇതില്‍ എട്ടെണ്ണം ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളാണ്. ഇന്നലെ പരീക്ഷിച്ച മിസൈല്‍ ശബ്ദത്തിന്റെ 22 മടങ്ങ് വേഗം കൈവരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

ജപ്പാന്റെ അധീനതയിലുള്ള സമുദ്രമേഖലയില്‍, ജപ്പാന്‍ കരയില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയാണു മിസൈല്‍ പതിച്ചത്. ഇതിനു മറുപടിയായി ജപ്പാനും അമേരിക്കയും കടലില്‍ സൈനികാഭ്യാസം നടത്തി. ദക്ഷിണ കൊറിയയുമായും ജപ്പാനുമായും യോജിച്ച് യുഎസ് അടുത്തിടെ നടത്തുന്ന നീക്കങ്ങളാണ് ഉത്തര കൊറിയയെ ചൊടിപ്പിച്ചത്.

ഏഷ്യ പസിഫിക് ഇക്കണോമിക് കോര്‍പറേഷന്റെ ഉച്ചകോടിക്കായി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് തായ്ലന്‍ഡിലെത്തിയിരിക്കെയാണു സംഭവം. കമലയും ജപ്പാന്‍, ദക്ഷിണ കൊറിയ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും അടിയന്തര യോഗം കൂടി മിസൈല്‍ പരീക്ഷണത്തെ അപലപിച്ചു.

6000 കിലോമീറ്റര്‍ ഉയരത്തിലേക്കാണ് മിസൈല്‍ കുതിച്ചത്. 1000 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുകയും ചെയ്തു. 15000 കിലോമീറ്ററിലധികം ദൂരം പോകാന്‍ ശേഷിയുള്ളതാണു മിസൈലെന്ന് ജാപ്പനീസ് പ്രതിരോധമന്ത്രാലയം അറിയിച്ചു. രണ്ടര മീറ്റര്‍ വരെ വ്യാസമുള്ള ഈ മിസൈലിന്റെ മൊത്തം ഭാരം 1.1 ലക്ഷം കിലോഗ്രാമാണ്. ഉത്തരകൊറിയയില്‍ നിന്ന് അമേരിക്കയെ ആക്രമിക്കാന്‍ വേണ്ട ശേഷി ഈ മിസൈലിനുണ്ട്. ഉത്തര കൊറിയയുടെ മോണ്‍സ്റ്റര്‍ മിസൈലെന്നാണ് ഇത് അറിയപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.