വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിച്ചു. ട്വിറ്ററിന്റെ പുതിയ സി.ഇ.ഒ ഇലോണ്‍ മസ്‌കിന്റേതാണ് തീരുമാനം. ട്രംപിന്റെ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ റദ്ദാക്കിയത് കഴിഞ്ഞ വര്‍ഷം ജനുവരി ആറിനായിരുന്നു. തിരഞ്ഞെടുപ്പു ഫലം അട്ടിമറിക്കാന്‍ കാപ്പിറ്റോള്‍ മന്ദിരത്തില്‍ അനുയായികള്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിയെന്ന് ആരോപിച്ചായിരുന്നു ട്രംപിനെ എന്നെന്നേക്കുമായി ട്വിറ്റര്‍ വിലക്കിയത്.
അതേസമയം, ട്വിറ്ററിലേക്ക് തിരികെയെത്താന്‍ താല്‍പര്യമില്ലെന്നാണ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്.
ട്രംപുമായി നിരന്തര സംഘര്‍ഷത്തിലായിരുന്ന ട്വിറ്റര്‍ അദ്ദേഹത്തിന്റെ 8.8 കോടി ഫോളോവേഴ്‌സ് ഉണ്ടായിരുന്ന അക്കൗണ്ടാണ് പൂട്ടിയത്. ട്രംപിന്റെ ഭാഗത്തു നിന്ന് കൂടുതല്‍ ആക്രമണത്തിനുള്ള ആഹ്വാനങ്ങള്‍ക്കുള്ള സാധ്യത മുന്നില്‍ക്കണ്ടായിരുന്നു നടപടി.
ട്വിറ്ററില്‍ തിരിച്ചെത്താന്‍ ട്രംപ് പലതവണ നീക്കം നടത്തിയിരുന്നെങ്കിലും അനുകൂലമായ നടപടിയുണ്ടായിരുന്നില്ല. പിന്നീട് 'ട്രൂത്ത് സോഷ്യല്‍' എന്ന പേരില്‍ ട്രംപ് സ്വന്തമായി ഒരു സമൂഹമാധ്യമത്തിനു തുടക്കമിടുകയും ചെയ്തു. ഇതുവഴി അനുയായികളുമായി സംവദിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച പ്രതികരണമുണ്ടാക്കാനായിരുന്നില്ല.
യുഎസ് ജനപ്രതിനിധി സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടിയതിനു പിന്നാലെ ട്രംപിനെ ട്വിറ്ററിലേക്കു തിരിച്ചെടുക്കണോ വേണ്ടയോ എന്ന് ഉപയോക്താക്കളോട് അഭിപ്രായം രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ട് മാസ്‌ക് ഒരു വോട്ടെടുപ്പ് നടത്തിയിരുന്നു. ഇതില്‍ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം ലഭിച്ചതെന്ന് മസ്‌ക് വെളിപ്പെടുത്തി.
പതിനഞ്ചു മില്യണ്‍ ആളുകള്‍ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന അഭിപ്രായത്തെ പിന്തുണച്ചു. പോളില്‍ പങ്കെടുത്തവരില്‍ 51.8 ശതമാനം ആളുകളാണ് പിന്തുണച്ചത്. 48.2 ശതമാനം ആളുകള്‍ പ്രതികൂലിച്ചു. ട്വിറ്ററിലൂടെ തന്നെയാണ് ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കുന്ന വിവരം മസ്‌ക് അറിയിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.