ദോഹ: മണ്ണിലും വിണ്ണിലും വിസ്മയം തീര്‍ത്ത വര്‍ണാഭമായ ചടങ്ങുകളോടെ ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങിന് ദോഹയിലെ അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ തുടക്കം. ഇന്ത്യന്‍ സമയം വൈകിട്ട് എട്ടു മണിയോടെയാണ് വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് തുടക്കമായത്.
സംഗീതവും നൃത്തവും മറ്റു കലാപ്രകടനങ്ങളും കൈകോര്‍ക്കുന്നതായിരുന്നു ഉദ്ഘാടനചടങ്ങ്. ഖത്തറിന്റെ സാംസ്‌കാരികത്തനിമയ്‌ക്കൊപ്പം ഫിഫ ലോകകപ്പിന്റെ ചരിത്രവും വിളിച്ചോതുന്ന വ്യത്യസ്തമായ പരിപാടികളാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് അരങ്ങു തകര്‍ക്കുന്നത്.
അമേരിക്കന്‍ നടനും അവതാരകനുമായ മോര്‍ഗന്‍ ഫ്രീമാനാണ് ഉദ്ഘാടനച്ചടങ്ങിലെ സാന്നിധ്യങ്ങളിലൊന്ന്. ദക്ഷിണ കൊറിയന്‍ പോപ്പ് താരവും പ്രമുഖ ബാന്‍ഡായ ബിടിഎസിലെ അംഗവുമായ ജുങ്കൂക്കിന്റെ സംഗീത നിശ ആവേശമായി. ജുങ്കൂക്കിന്റെ ഡ്രീമേഴ്‌സ് എന്നു പേരിട്ട മ്യൂസിക് വിഡിയോ ഇന്നു രാവിലെ പുറത്തിറങ്ങിയിരുന്നു. അതിന്റെ ലൈവ് അവതരണം അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ നടന്നു.
ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെയും ദേശീയ പതാകകളും ഉദ്ഘാടന വേദിയില്‍ ഉയര്‍ന്നുപാറി. കനേഡിയന്‍ ഗായിക നോറ ഫത്തേഹി, ലെബനീസ് ഗായിക മിറിയം ഫറേസ് തുടങ്ങിയവരും അറുപതിനായിരത്തിലധികം വരുന്ന കാണികള്‍ക്കു മുന്നില്‍ സംഗീത വിസ്മയം തീര്‍ത്തു. മുന്‍ ലോകകപ്പുകളെ ആവേശഭരിതമാക്കിയ ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള സംഗീത പരിപാടിയും മുഖ്യ ആകര്‍ഷണമായി. മുന്‍ ലോകകപ്പുകളിലെ ഭാഗ്യ ചിഹ്നങ്ങളും ഒത്തൊരുമിച്ച് വേദിയിലെത്തി.
ഇനി ഒരു മാസം ഖത്തറെന്ന ഈ കൊച്ചുരാജ്യം ഫുട്‌ബോള്‍ ആവേശത്തിന്റെ മഹാമൈതാനമാകും. ഇന്ത്യന്‍ സമയം ഇന്നു രാത്രി 9.30ന് അല്‍ ഖോറിലെ അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ ആതിഥേയരും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിനു ഇറ്റാലിയന്‍ റഫറി ഡാനിയേലെ ഒര്‍സാറ്റോ വിസില്‍ മുഴക്കുന്നതോടെ ആരാധകാവേശത്തിനും കിക്കോഫാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.