ജക്കാർത്ത: ഇന്തോനേഷ്യയിലുണ്ടായ അതിശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 162 ആയി ഉയര്‍ന്നു. തിങ്കളാഴ്ച രാവിലെയാണ് രാജ്യത്തെ നടുക്കിയ ഭൂകമ്പം ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവ പ്രവിശ്യയിലുണ്ടായത്.
റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം പര്‍വ്വതങ്ങള്‍ നിറഞ്ഞ പടിഞ്ഞാറന്‍ ജാവയിലെ സിയാന്‍ജുര്‍ നഗരത്തിന് സമീപത്താണ്. ഭൂകമ്പത്തിലും തുടര്‍ ചലനങ്ങളിലും വന്‍ നാശനഷ്ടങ്ങൾ പ്രദേശത്തുണ്ടായി. ഇപ്പോഴും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയുടെ തെക്ക് കിഴക്ക് മാറി 75 കിലോ മീറ്റര്‍ ദൂരത്താണ് ഭൂകമ്പം ഉണ്ടായത്. ഇതുവരെ 700 ലേറെ പേര്‍ക്ക് പരിക്കേറ്റതായി പടിഞ്ഞാറന്‍ ജാവ ഗവര്‍ണര്‍ റിദ്വാന്‍ കാമില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. നിരവധി കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ തകര്‍ന്ന് വീണിട്ടുളളതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും അദ്ദേഹം കുറിച്ചു.
തകർന്നു വീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്ന ഇരുപത്തിയഞ്ചോളം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ഇന്തോനേഷ്യയുടെ ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ ഏജന്‍സി വക്താവ് അറിയിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മരിച്ചവരുടേയും പരിക്കേറ്റവരുടേയും എണ്ണം കൂടാനാണ് സാധ്യത.
മരിച്ചവരിൽ ഏറെയും സ്കൂൾ കുട്ടികളാണ്. സ്കൂളിലെ പഠന സമയം കഴിഞ്ഞു ട്യൂഷനു പോയിരുന്ന സമയത്തായിരുന്നു ഭൂചലനം ഉണ്ടായത്. ഇതാണ് അപകടത്തിന്റെ തീവ്രത ഈ അളവിൽ വർധിക്കാനും ഇടയായത്.
ഇന്തോനേഷ്യ വളരെ അധികം ഭൂകമ്പ സാധ്യതയുളള പ്രദേശങ്ങളില്‍ ഒന്നാണ്. അഗ്നി പര്‍വ്വത സ്‌ഫോടനങ്ങള്‍ക്കും ഭൂകമ്പങ്ങള്‍ക്കും ഇവിടെ വലിയ സാധ്യതയാണ് ഉളളത്. ദുരന്തത്തില്‍ 2200ല്‍ അധികം വീടുകള്‍ തകര്‍ന്നിട്ടുണ്ട്. 5300 പേരെ പുനരധിവസിപ്പിക്കേണ്ടതായി വന്നു. ഭൂകമ്പത്തെ തുടര്‍ന്ന് വൈദ്യുതി തടസ്സപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ആളുകളെ ബന്ധപ്പെടല്‍ ദുഷ്‌കരമാണെന്നും അധികൃതര്‍ പറയുന്നു.
ചിലയിടങ്ങളില്‍ മണ്ണിടിച്ചലുണ്ടായത് രക്ഷാപ്രവര്‍ത്തനം ദുര്‍ഘടമാക്കി. അപകടത്തില്‍ പരിക്കേറ്റ ആളുകളെ ആശുപത്രിയിലെ പാര്‍ക്കിംഗ് ഏരിയയിലും ടെന്റുകളിലുമൊക്കെ മാറ്റിയാണ് ചികിത്സ നല്‍കുന്നത്.
2004ല്‍ 9.1 തീവ്രതയുളള ഭൂകമ്പം ഇന്തോനേഷ്യയിലെ സുമാത്രയെ പിടിച്ച് കുലുക്കിയിരുന്നു. തുടര്‍ന്നുണ്ടായ സുനാമിയില്‍ 14 രാജ്യങ്ങളിലായി 2,26,000 ആളുകളാണ് കൊല്ലപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.