"അവരുടെ ആത്മാക്കളുടെ വീണ്ടെടുപ്പിനായി പ്രാർത്ഥിക്കുന്നു"; തന്നെ മാനഭംഗപ്പെടുത്തുകയും സ്വന്തം പിതാവിനെ വധിക്കുകയും ചെയ്ത തീവ്രവാദികളെക്കുറിച്ച് നൈജീരിയൻ കത്തോലിക്കാ പെൺകുട്ടി


അബുജ: "എന്റെ പിതാവിന്റെ നേരെ അവർ വെട്ടുകത്തി ചൂണ്ടി എന്നോടൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ വിട്ടയക്കുമെന്ന് പറഞ്ഞു. എന്നാൽ സ്വന്തം മകളോടൊപ്പം കിടക്കുന്നതിലും മരണം ഞാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം മരണത്തിന് കീഴടങ്ങി. എന്റെ കൺമുമ്പിൽ വെച്ചാണ് പിതാവിന്റെ കഴുത്ത് അറുത്തത്. പൊറുക്കാനും മറക്കാനും പ്രയാസമാണ്. എങ്കിലും അവരോട് ഞാൻ ക്ഷമിക്കുന്നു. അവരുടെ ആത്മാക്കളുടെ വീണ്ടെടുപ്പിനായി പ്രാർത്ഥിക്കുന്നു."- ബോക്കോ ഹറാം തീവ്രവാദികളുടെ കൈകളിൽ അകപ്പെട്ട തന്റെ കുടുംബത്തിന്റെ അനുഭവം ജനദ മാർക്കസ് എന്ന നൈജീരിയൻ കത്തോലിക്കാ പെൺകുട്ടി വിവരിക്കുന്നത് ഇപ്രകാരമാണ്. ഉള്ളം പിടയാതെ ആർക്കും ഈ പെൺകുട്ടിയുടെ ജീവിതാനുഭവം വായിച്ചു തീർക്കാനാകില്ല.

കാത്തലിക് പൊന്തിഫിക്കൽ ആൻഡ് ചാരിറ്റി ഫൗണ്ടേഷനും എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (എസിഎൻ) ഇന്റർനാഷണലും സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ടിലാണ് 22 കാരിയായ ജനദാ മാർക്കസ് തന്റെ അനുഭവം വിശദീകരിച്ചിരിക്കുന്നത്. നൈജീരിയയിലെ ലേക്ക് ചാഡ് മേഖലയിലെ ബാഗാ ലോക്കൽ ഗവൺമെന്റ് ഏരിയയിലെ തങ്ങളുടെ വീട് ഉപേക്ഷിച്ച ജനദയും കുടുംബവും, ബോക്കോ ഹറാമിന്റെ രണ്ട് ആക്രമണങ്ങളിൽ നിന്ന് ഇതിനകം തന്നെ രക്ഷപ്പെട്ടിരുന്നുവെന്ന് എസിഎൻ റിപ്പോർട്ട് ചെയ്യുന്നു. അവരുടെ വീട് തീവ്രവാദികൾ കത്തിക്കുകയും നിരവധി ബന്ധുക്കളെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.



സ്വന്തം വീടുപേക്ഷിച്ച് ജനദയും കുടുംബവും മൈദുഗുരിയിലേക്കാണ് പോയത്. അവിടെ സ്ഥിരതാമസമാക്കിയ ശേഷം, പിതാവ് കുടുംബം പോറ്റാനായി ഒരു തുണ്ട് ഭൂമി സ്വന്തമാക്കി കൃഷി ചെയ്യാൻ തുടങ്ങിയെന്ന് ജനദ പറയുന്നു. മുമ്പ് അനുഭവിച്ച പേടിസ്വപ്നങ്ങളെല്ലാം അവസാനിച്ചതിൽ ആ കുടുംബം ഒരുപാട് സന്തോഷിച്ചു. എന്നാൽ 2018 ഒക്‌ടോബർ 20 അന്നായിരുന്നു അവരുടെ ജീവിതത്തിലെ കറുത്ത ദിനം. " ചില കത്തോലിക്കാ ഗാനങ്ങൾ ആലപിച്ചുകൊണ്ട് ഞങ്ങൾ കൃഷിയിടത്തിൽ സന്തോഷത്തോടെ ജോലി ചെയ്യുകയായിരുന്നു. പെട്ടെന്ന് ബോക്കോ ഹറാം തീവ്രവാദികൾ ഞങ്ങളെ വളഞ്ഞു"- ജനദ പറയുന്നു.

“അവരെ കണ്ടപ്പോൾ എന്റെ മനസ്സിലൂടെ പല ചിന്തകളും കടന്നുപോയി. ഞാൻ ഓടിപ്പോകണോ? ഞാൻ അങ്ങനെ ചെയ്താൽ, എന്റെ മാതാപിതാക്കളുടെ കാര്യമോ? സഹായത്തിനായി നിലവിളിക്കണോ? ആരെങ്കിലും നമ്മുടെ രക്ഷയ്ക്ക് വരുമോ? ശാന്തത പാലിക്കാനും ദൈവത്തെ ഒരു അത്ഭുതം ചെയ്യാൻ അനുവദിക്കാനും ഞാൻ തീരുമാനിച്ചു. പക്ഷേ അവർ ഞങ്ങളോട് വളരെ ക്രൂരമായി പ്രവർത്തിച്ചു"- അവൾ തുടർന്നു. തീവ്രവാദികൾ തന്റെ പിതാവിനെ തന്നോടൊപ്പം ഉറങ്ങാൻ നിർബന്ധിച്ചപ്പോൾ കുടുംബം തകർന്നുവെന്ന് ജനദ വിവരിക്കുന്നു.

“എനിക്ക് കണ്ണുനീർ അടക്കാൻ കഴിഞ്ഞില്ല! ഞാൻ വിറച്ചുപോയി. പക്ഷേ എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല! ഞെട്ടലിൽ അമ്മയ്‌ക്ക് ഒരക്ഷരം മിണ്ടാൻ കഴിഞ്ഞില്ല. അച്ഛന്റെ നെറ്റിയിൽ വെട്ടുകത്തി ചൂണ്ടികൊണ്ട് അവൻ അമ്മയെയും എന്നെയും നോക്കി. എനിക്ക് ഈ മ്ലേച്ഛത കാണാനും കേൾക്കാനും കഴിയുമായിരുന്നില്ല. ഞാൻ കണ്ണടച്ചു"- പെൺകുട്ടി പറയുന്നു.

എന്നാൽ തന്റെ പിതാവ് മരണം തിരഞ്ഞെടുത്തതായും അവൾ പറഞ്ഞു. "എന്റെ സ്വന്തം മാംസവും രക്തവുമായി എനിക്ക് ഉറങ്ങാൻ കഴിയില്ല. സ്വന്തം മകളോട് ഈ മ്ലേച്ഛത ചെയ്യുന്നതിനേക്കാൾ മരിക്കുന്നതാണ് എനിക്ക് നല്ലത്."- കൊല്ലപ്പെടാൻ കീഴ്‌പ്പെട്ട് അദ്ദേഹം തല താഴ്ത്തി മറുപടി പറഞ്ഞു

അവർ ഉടനെ ഞങ്ങളുടെ മുന്നിൽ വച്ച് പിതാവിന്റെ തല വെട്ടിക്കളഞ്ഞു. ആ നിമിഷം ഞാൻ അനുഭവിച്ച വേദന അസഹനീയമായിരുന്നുവെന്ന് ജനദ കണ്ണുനീരോടെ പറയുന്നു. “എന്റെ പിതാവിന്റെ രക്തം നിലത്ത് പരന്നൊഴുകുമ്പോൾ എന്റെ ജീവനെടുക്കാൻ ഞാൻ ദൈവത്തോട് അപേക്ഷിച്ചു. ഞാൻ ഇതിനകം തന്നെ ജീവനുള്ള ശവമായി മാറിയിരുന്നു. എന്നാൽ പെട്ടെന്ന് ഞാൻ അസാമാന്യ ധൈര്യം കണ്ടെത്തി. രക്തം പുറത്തേക്ക് ഒഴുകുന്നത് തടയാൻ വേഗം എന്റെ തലയിലെ ഷോൾ എടുത്ത് അദ്ദേഹത്തിന്റെ തലയിൽ കെട്ടി പക്ഷെ ഒന്നും ഫലം കണ്ടില്ല. ”- ജനദ വിശദീകരിച്ചു.


ട്രോമ സെന്റർ

അവളുടെ പിതാവിന്റെ ക്രൂരമായ കൊലപാതകം അവളുടെ ദുരിതങ്ങളുടെ അവസാനമായിരുന്നില്ല. 2020 നവംബർ 9 ന് അവൾ മറ്റൊരു കൂട്ടം തീവ്രവാദികളുടെ പിടിയിലാകുകയും അവർ അവളെ ആറ് ദിവസം കുറ്റികാട്ടിൽ വെച്ച് അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. ആറ് ദിവസങ്ങളെ ആറ് വർഷമായി തോന്നിപ്പിച്ചതായി അവൾ വിതുമ്പികൊണ്ട് പറയുന്നു. 2020 നവംബർ 15-ന് ജനദ തീവ്രവാദികളുടെ കൈയിൽ നിന്നും മോചിപ്പിക്കപ്പെട്ടു. പിന്നീട് മൈദുഗുരി രൂപതയുടെ കത്തോലിക്കാ സ്ഥാപനമായ ട്രോമ സെന്ററിൽ അവൾ എത്തുകയായിരുന്നു. അവിടെ ജനദാ ശാരീരികവും മാനസികവുമായ രോഗശാന്തിയുടെ യാത്ര ആരംഭിക്കുകയായിരുന്നു.


ആറുമാസത്തെ രോഗശാന്തി, പ്രാർത്ഥന, കൗൺസിലിങ്ങ് എന്നിവയ്ക്ക് വിധേയയായ ശേഷം തനിക് സ്വന്തം കാലിൽ നില്ക്കാൻ കഴിയുന്നുവെന്ന് ജനദ പറയുന്നു. എന്റെ ഭൂതകാലത്തെ മറക്കുന്നത് അസാധ്യമാണെങ്കിലും അവരോട് ക്ഷമിക്കാൻ തനിക്ക് കഴിയുണ്ടെന്നും അവരുടെ ആത്മാക്കളുടെ വീണ്ടെടുപ്പിനായി താൻ പ്രാർത്ഥിക്കുകയാണെന്നും അവൾ പറഞ്ഞു. ട്രോമാ കേന്ദ്രത്തിലെ തന്റെ ആദ്യ ദിനങ്ങൾ എളുപ്പമായിരുന്നില്ല എന്നും, ദൈവത്തിന്റെ ശക്തിയിൽ താൻ സംശയിച്ചിരുന്നതായും അവൾ സമ്മതിക്കുന്നു. എന്നാൽ ഇക്കാലയളവിൽ ദൈവത്തെ കൂടുതൽ അടുത്തറിയാൻ തനിക്ക് കഴിഞ്ഞതായും ജനദ കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.