കാലിഫോര്‍ണിയ: കുഞ്ഞുങ്ങളില്‍ പൈശാചിക വിഷം കുത്തിനിറയ്ക്കുക എന്ന പരോക്ഷ ലക്ഷ്യത്തോടെ അമേരിക്കയിലെ കാലിഫോര്‍ണിയയിലെ പ്രൈമറി വിദ്യാലയത്തില്‍ സാത്താന്‍ ക്ലബ്ബിന് പ്രവര്‍ത്തനാനുമതി നൽകിയതിൽ രോഷാകുലരായി രക്ഷിതാക്കള്‍. “ആഫ്റ്റര്‍ സ്കൂള്‍ സാത്താന്‍ ക്ലബ്” സ്ഥാപിക്കാന്‍ അനുമതി നല്‍കിയ കാലിഫോര്‍ണിയയിലെ കേര്‍ണ്‍ കൗണ്ടിയില്‍ സ്ഥിതി ചെയ്യുന്ന ടെഹാചാപിയിലെ ഗോള്‍ഡന്‍ ഹില്‍സ് എലിമെന്ററി സ്കൂളിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
അഞ്ചു വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ വരെ ഈ ക്ലബില്‍ അംഗങ്ങളാണ് എന്നതു കൂടി അറിയുമ്പോഴാണ് ഇതിന്റെ ആഘാതം വ്യക്തമാവുക. മാതാപിതാക്കൾക്ക് പുറമെ നിരവധി പ്രാദേശിക ഫേസ്ബുക്ക് ഗ്രൂപ്പുകളും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
മസാച്യുസെറ്റ്‌സിലെ സേലം ആസ്ഥാനമായി പ്രവർത്തിക്കുന്ന മതേതര സംഘടനയായ ദ സാത്താനിക് ടെമ്പിളും റീസണ്‍ അലയന്‍സും ചേര്‍ന്ന് സ്ഥാപിച്ച ക്ലബ്ബിനെ അനുവദിക്കാനുള്ള തീരുമാനത്തെ ഷീല നൈറ്റ് എന്ന രക്ഷിതാവ് വിശേഷിപ്പിച്ചത് ‘വെറുപ്പുളവാക്കുന്നതാണ്’ എന്നാണ്. മറ്റൊരാള്‍ അതിനെ ‘വലിയ തെറ്റ്’ എന്ന് വിശേഷിപ്പിച്ചു. കുട്ടികള്‍ക്കിടയില്‍ ‘വിമര്‍ശനാത്മക ചിന്ത’ പരിപോഷിപ്പിക്കുകയാണ് ക്ലബിന്റെ ലക്ഷ്യമെന്ന് സാത്താന്‍ ആരാധരുടെ വാദം.
ക്യാംപസിൽ ഇതിനകം സ്ഥാപിതമായ ഗുഡ് ന്യൂസ് ക്ലബ് പോലുള്ള ക്ലബ്ബുകളുടെ സാന്നിധ്യമാണ് സാത്താനിക് ടെമ്പിള്‍ അംഗീകൃത ഗ്രൂപ്പ് ആരംഭിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്ന് ആഫ്റ്റർ സ്കൂൾ സാത്താൻ ക്ലബ്ബിന്റെ സന്നദ്ധപ്രവർത്തകനായ പോൾ ഹിക്‌സ് പറയുന്നു. എന്നാൽ കുട്ടികള്‍ക്ക് സുവിശേഷ മൂല്യങ്ങള്‍ പകര്‍ന്ന് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ചൈൽഡ് ഇവാഞ്ചലിസം ഫെല്ലോഷിപ്പ് നേതൃത്വം നൽകുന്ന ഗുഡ് ന്യൂസ് ക്ലബ് പോലെയുള്ള ക്രിസ്ത്യന്‍ ക്ലബ്ബുകള്‍ പ്രവർത്തിക്കുന്നത്.
കുഞ്ഞുങ്ങളില്‍ തിന്മ വിതയ്ക്കാനുള്ള നീക്കത്തെ രക്ഷിതാക്കള്‍ അപലപിച്ചു. മാസംതോറും യോഗം ചേരുവാനാണ് സാത്താനിക് ക്ലബ്ബിന്റെ പദ്ധതി. അതേസമയം നടപടി വിവാദമായ സാഹചര്യത്തില്‍ തങ്ങളുടെ നീക്കത്തെ പ്രതിരോധിച്ചുകൊണ്ട് ആഫ്റ്റര്‍ സ്കൂള്‍ സാത്താനിക് ക്ലബ്ബിന്റെ ഔദ്യോഗിക വക്താവായ ലൂസിയന്‍ ഗ്രീവ്സ് രംഗത്ത് വന്നിട്ടുണ്ട്.
തങ്ങളുടേത് മതപരമായ അഭിപ്രായങ്ങള്‍ ഉള്‍പ്പെടുന്ന പരിപാടിയല്ലായെന്നും മറിച്ച് കുട്ടികള്‍ക്ക് താല്‍പ്പര്യമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയാണെന്നുമാണ് ഇദ്ദേഹത്തിന്റെ ന്യായീകരണം. പേരുകൊണ്ടു വിവാദമായെങ്കിലും സംഘടന കുട്ടികളെ സാത്താനിസം പഠിപ്പിക്കുന്നില്ലെന്ന് ഗ്രീവ്‌സ് പറയുന്നു.
ഡിസംബർ അഞ്ചിന് ക്ലബ്ബിന്റെ കൂടിക്കാഴ്ചകള്‍ ആരംഭിക്കുമെന്നും, ക്ലബ്ബില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ രക്ഷിതാക്കളുടേയോ, സംരക്ഷകരുടേയോ അനുമതി പത്രം ഹാജരാക്കണമെന്നും ഗ്രീവ്സ് കൂട്ടിച്ചേര്‍ത്തു.
ചെറിയ കുഞ്ഞുങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള സാത്താനിക ക്ലബ്ബ്, സ്കൂളുകളില്‍ സാത്താനിക ആരാധന വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് രൂപീകരിക്കപ്പെട്ടിരിക്കുന്നതെന്നാണ് ഭൂരിഭാഗം രക്ഷിതാക്കളും വ്യക്തമാക്കുന്നത്. ക്ലബ്ബില്‍ കുട്ടികള്‍ പങ്കെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുവാന്‍ പോലും കഴിയുന്നില്ലായെന്ന് മാതാപിതാക്കളില്‍ ഒരാള്‍ പറഞ്ഞു. ടെഹാചാപി അസ്ക്സ്, റാന്റ്സ്, റാവെസ് തുടങ്ങിയ ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെ നിരവധി പേരാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.
എന്തായാലും രാജ്യത്തെ മലയാളികള്‍ അടക്കമുള്ളവർക്ക് പുതിയ ആശങ്കയായി സാത്താന്‍ ക്ലബ് മാറിയിരിക്കുകയാണ്. ഇതാദ്യമായല്ല സാത്താനിക് ടെംപിള്‍ സ്കൂളുകള്‍ ലക്ഷ്യമാക്കി തങ്ങളുടെ വലവിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ പെനിസില്‍വാനിയയിലെ പ്രാഥമിക സ്കൂളില്‍ ഇത്തരമൊരു ക്ലബ്ബ് ആരംഭിക്കുന്നതിന് സമര്‍പ്പിച്ച അപേക്ഷ സ്കൂള്‍ അധികാരികള്‍ നിരസിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.