ബെര്‍ലിന്‍: ഹോളിവുഡ് സിനിമകളെ പോലും വെല്ലുന്ന വന്‍ കവര്‍ച്ചയില്‍ ജര്‍മനിയിലെ മ്യൂസിയത്തില്‍നിന്ന് അതി പുരാതനവും അമൂല്യവുമായ നിധി ശേഖരം മോഷണം പോയി. വെറും ഒന്‍പതു മിനിറ്റ് കൊണ്ട് നടന്ന കവര്‍ച്ചയില്‍ 483 സെല്‍റ്റിക് സ്വര്‍ണ നാണയങ്ങള്‍ (ഇലഹശേര ഴീഹറ രീശി)െ അടങ്ങിയ നിധിയാണ് മോഷണം പോയത്.
തെക്കന്‍ ജര്‍മ്മനിയിലെ ചൊവ്വാഴ്ച പുലര്‍ച്ചെ 1.17ന് മാഞ്ചിംഗിലെ സെല്‍റ്റിക് ആന്‍ഡ് റോമന്‍ മ്യൂസിയത്തിലാണ് കവര്‍ച്ച നടന്നത്. സംഘടിത കുറ്റവാളികളാണ് കവര്‍ച്ചയ്ക്കു പിന്നിലെന്നും വളരെ ആസൂത്രിതമായാണ് മോഷണം നടത്തിയതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
1999-ല്‍ പുരാവസ്തു ഖനനത്തിനിടെ കണ്ടെത്തിയ 483 സെല്‍റ്റിക് നാണയങ്ങളും പണിയൊന്നും നടത്തിയിട്ടില്ലാത്ത സ്വര്‍ണക്കട്ടിയും ഉള്‍പ്പെെടയാണ് നഷ്ടമായിരിക്കുന്നത്. നിധിയുടെ മൂല്യം ഏകദേശം 1.6 ദശലക്ഷം യൂറോ (ഏകദേശം 14 കോടി ഇന്ത്യന്‍ രൂപ) വരും.
നിധിക്ക് ചുറ്റും അലാറം സെറ്റ് ചെയ്തിരുന്നെങ്കിലും അതെല്ലാം നിര്‍വീര്യമാക്കിക്കൊണ്ടായിരുന്നു മോഷണം. ചൊവ്വാഴ്ച പുലര്‍ച്ചെ 1:17-ന് മ്യൂസിയത്തിന് സമീപത്തെ ടെലികോം ഹബ്ബിലെ കേബിളുകള്‍ മുറിച്ച് ആശയ വിനിമയ ശൃംഖലയെ തടസപ്പെടുത്തിക്കൊണ്ടായിരുന്നു മോഷണമെന്ന് ബവേറയിലെ സ്റ്റേറ്റ് ക്രിമിനല്‍ പൊലീസ് ഓഫിസിന്റെ ഡെപ്യൂട്ടി ഹെഡ് ഗൈഡോ ലിമ്മര്‍ പറഞ്ഞു.
പുലര്‍ച്ചെ 1.26ന് മ്യൂസിയത്തിലെ ഒരു വാതില്‍ തുറന്ന് ഉള്ളില്‍ പ്രവേശിച്ച മോഷ്ടാക്കള്‍ 1.35ന് സ്വര്‍ണ നാണയങ്ങള്‍ മോഷ്ടിച്ച് പുറത്ത് കടന്നു. ഒമ്പത് മിനിട്ടിനുള്ളില്‍ കുറ്റവാളികള്‍ ഡിസ്‌പ്ലേ കാബിനറ്റ് തകര്‍ത്ത് സ്വര്‍ണ നാണയങ്ങള്‍ പുറത്തെടുത്ത് കടന്നുകളഞ്ഞു എന്നാണ് സുരക്ഷ സംവിധാനങ്ങള്‍ രേഖപ്പെടുത്തിയത്.
മാഞ്ചിംഗിലെ കവര്‍ച്ചയും ഇതിന് മുന്‍പ് 2019-ല്‍ നടന്ന ഡ്രെസ്ഡനിലെ വിലമതിക്കാനാകാത്ത ആഭരണങ്ങള്‍ മോഷണം പോയതിലും ബെര്‍ലിനില്‍ സമീപ കാലത്ത് സ്വര്‍ണ നാണയം മോഷണം പോയതും തമ്മില്‍ സമാന്തരങ്ങള്‍ ഉണ്ട്. എന്നാല്‍, ഈ മോഷണങ്ങള്‍ തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടെന്ന് ഞങ്ങള്‍ക്ക് പറയാന്‍ കഴിയില്ലെന്ന് ലിമ്മര്‍ പറഞ്ഞു. ബെര്‍ലിന്‍ ആസ്ഥാനമായുള്ള ക്രൈം സംഘത്തെയാണ് മുന്‍പത്തെ മോഷണങ്ങളില്‍ കുറ്റപ്പെടുത്തിയിരുന്നത്. സാധ്യമായ എല്ലാ കോണുകളും അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാത്രിയില്‍ മ്യൂസിയത്തില്‍ സെക്യൂരിറ്റി ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ സമ്മതിച്ചു. എന്നാല്‍, മതിയായ സുരക്ഷ ഒരുക്കുന്നതിനായി അലാറം സംവിധാനം ഉണ്ടായിരുന്നുവെന്ന് മ്യൂണിക്കിലെ ബവേറിയന്‍ സ്റ്റേറ്റ് ആര്‍ക്കിയോളജിക്കല്‍ കളക്ഷന്റെ തലവനായ റൂപര്‍ട്ട് ഗെബാര്‍ഡ് പറഞ്ഞു.
1999ല്‍ ഇന്നത്തെ പട്ടണമായ മാഞ്ചിംഗിന് സമീപമാണ് പുരാവസ്തു ഗവേഷണത്തിനിടെ സെല്‍റ്റിക് നാണയങ്ങള്‍ കണ്ടെടുത്തത്. ഒരു കെട്ടിടത്തിന്റെ അടിത്തറയുടെ താഴെ ചാക്കിനുള്ളില്‍ കുഴിച്ചിട്ട നിലയിലായിരുന്നു സ്വര്‍ണ നാണയങ്ങള്‍. 2100 വര്‍ഷങ്ങള്‍ പഴക്കമുള്ള പാത്രത്തിന്റെ ആകൃതിയിലുള്ള നാണയങ്ങള്‍ നിര്‍മിച്ചിരിക്കുന്നത് ബൊഹീമിയന്‍ നദിയിലെ സ്വര്‍ണം ഉപയോഗിച്ചാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.