17-ാം നൂറ്റാണ്ടില്‍ ജപ്പാനിലെ മെത്രാന്മാര്‍ മാര്‍പ്പാപ്പയ്ക്ക് അയച്ച കത്ത് വീണ്ടെടുത്തു; വിശ്വാസികള്‍ നേരിട്ട പീഡനങ്ങളെക്കുറിച്ച് വിവരണം

17-ാം നൂറ്റാണ്ടില്‍ ജപ്പാനിലെ മെത്രാന്മാര്‍ മാര്‍പ്പാപ്പയ്ക്ക് അയച്ച കത്ത് വീണ്ടെടുത്തു; വിശ്വാസികള്‍ നേരിട്ട പീഡനങ്ങളെക്കുറിച്ച് വിവരണം

ടോക്കിയോ: 17-ാം നൂറ്റാണ്ടില്‍ ജപ്പാനിലെ മെത്രാന്മാര്‍ പോള്‍ അഞ്ചാമന്‍ മാര്‍പ്പാപ്പയ്ക്ക് എഴുതിയ കത്ത് വീണ്ടെടുത്ത് ഗേവഷകര്‍. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ജപ്പാനില്‍ കത്തോലിക്ക സഭ നേരിട്ട പീഡനങ്ങളുടെ ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന കത്താണ് ജപ്പാനില്‍ നിന്നുള്ള ഗവേഷക സംഘം കണ്ടെടുത്തത്. വത്തിക്കാന് പുറത്ത് കണ്ടെത്തുന്ന ഇത്തരത്തിലുള്ള ആദ്യത്തെ പുരാവസ്തുവാണിത്.

ജപ്പാനില്‍ പീഡനം നേരിടുന്ന കത്തോലിക്കര്‍ക്ക് ആത്മവിശ്വാസവും പിന്തുണയും നല്‍കി പോള്‍ അഞ്ചാമന്‍ മാര്‍പാപ്പ അയച്ച കത്തിനുള്ള മറുപടിയായിരുന്നു ഈ കത്ത്.

ഇറ്റലിയിലെ ഫ്‌ളോറന്‍സില്‍നിന്നാണ് ഈ ചുരുള്‍ കണ്ടെത്തിയത്. ജപ്പാനിലെ കഡോകാവ കള്‍ച്ചര്‍ പ്രൊമോഷന്‍ ഫൗണ്ടേഷനും ദിനപത്രമായ ആസാഹി ഷിംബുണും വത്തിക്കാനിലെ പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറും ചേര്‍ന്ന് നടത്തുന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായുള്ള പഠനത്തിനിടെയാണ് കത്ത് വീണ്ടെടുത്തത്. 'വത്തിക്കാന്‍ & ജപ്പാന്‍: 100 വര്‍ഷത്തെ പ്രോജക്റ്റ്' എന്ന വിഷയത്തിലാണ് ഗവേഷണം.

ഫ്‌ളോറന്‍സിലെ ഒരു പള്ളിയുടെ കോണ്‍വെന്റിലെ ലൈബ്രറിയില്‍നിന്നു കണ്ടെത്തിയ ചുരുള്‍ ജാപ്പനീസ് ക്രൈസ്തവര്‍ അയച്ച യഥാര്‍ത്ഥ കത്ത് ആയി കണക്കാക്കുന്നതായി ഗവേഷണ പദ്ധതിക്ക് നേതൃത്വം വഹിക്കുന്ന ടോക്കിയോയിലെ സോഫിയ സര്‍വകലാശാലയിലെ ചരിത്ര പ്രൊഫസര്‍ ഷിന്‍സോ കവാമുറ പറഞ്ഞു.

ജാപ്പനീസ് ചരിത്രത്തിലെ ഇഡോ കാലഘട്ടത്തിലാണ് ഈ കത്ത് എഴുതപ്പെട്ടിട്ടുള്ളത്. അതായത് 1620-1621 കാലഘട്ടത്തില്‍. ഫ്യൂഡല്‍ അധികാരികളില്‍ നിന്ന് അതിക്രൂരമായ പീഡനം നേരിട്ട ജാപ്പനീസ് കത്തോലിക്കാ വിശ്വാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് പോള്‍ അഞ്ചാമന്‍ മാര്‍പാപ്പ അയച്ച കത്തിന് മറുപടിയായി എഴുതിയ കുറിപ്പാണിത്.

1498-ല്‍ പോര്‍ച്ചുഗീസ് പര്യവേഷകര്‍ ഏഷ്യയിലേക്കു കടല്‍ യാത്രാ മാര്‍ഗം സ്ഥാപിച്ച ശേഷമാണ് കത്തോലിക്കാ മതം ജപ്പാനിലേക്കു വന്നതെന്ന് സഭാ രേഖകള്‍ പറയുന്നു. പോര്‍ച്ചുഗീസ് മിഷനറിമാര്‍ 1540-കളില്‍ ജപ്പാനിലേക്ക് കത്തോലിക്കാ മതം കൊണ്ടുവന്നതായി വിശ്വസിക്കപ്പെടുന്നു. ഈശോ സഭാ മിഷണറി വൈദികന്‍ ഫ്രാന്‍സിസ് സേവ്യറും മറ്റ് വൈദികരും ജപ്പാനില്‍ സുവിശേഷം പ്രഘോഷിച്ച ആദ്യത്തെ കത്തോലിക്കാ മിഷണറിമാരില്‍ ഉള്‍പ്പെടുന്നു.

തീക്ഷ്ണമതികളായ ഈ പ്രേഷിതരുടെ പ്രവര്‍ത്തന ഫലമായി അനേകര്‍ സുവിശേഷം സ്വീകരിച്ചു ക്രിസ്ത്യാനികളായി സ്‌നാനമേറ്റു. ക്രിസ്തുമതത്തിന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു.
നിരവധി പ്രഭുക്കന്മാരും അവരുടെ പ്രജകളും കത്തോലിക്കാ മതത്തിലേക്കു പരിവര്‍ത്തനം ചെയ്യപ്പെട്ടു. 16-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കത്തോലിക്ക സഭയ്ക്ക് വലിയ വളര്‍ച്ചയുണ്ടായി.

എന്നാല്‍ ഈ വളര്‍ച്ച ജപ്പാനിലെ സൈനിക ഭരണാധികാരികളെ അസ്വസ്ഥരാക്കി. ജപ്പാനിലെ ഏകാധിപതിയായ ഭരണാധികാരി ടൊയോട്ടോമി ഹിഡെയോഷിയുടെ ഭരണകാലത്ത്, എല്ലാ കത്തോലിക്കാ മിഷണറിമാരെയും പുറത്താക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനൊപ്പം ഏകദേശം 137 പള്ളികള്‍ നശിപ്പിക്കപ്പെട്ടു.

1597 ഫെബ്രുവരി ഏഴ് കത്തോലിക്ക സഭയുടെ ചരിത്രത്തിലെ ഏറ്റവും ദുഖകരമായ ദിനമായിരുന്നു. അന്നാണ് ജപ്പാനിലെ നാഗസാക്കിയില്‍ 26 ക്രൈസ്തവരെ കുരിശില്‍ തറച്ച് കൊലപ്പെടുത്തിയ ദിനം. മൂന്ന് ജെസ്യൂട്ട് വൈദികര്‍, ആറ് ഫ്രാന്‍സിസ്‌കന്‍ വൈദികര്‍, വിശ്വാസികള്‍ എന്നിവരെ ഉള്‍പ്പെടെയാണ് വധിച്ചത്. അന്ന് ജപ്പാനില്‍ ഭരണാധികാരികള്‍ ക്രൈസ്തവര്‍ക്കു നേരെ അഴിച്ചുവിട്ടത് ക്രൂരമായ പീഡനങ്ങളായിരുന്നു.

1603 മുതല്‍ 1868 വരെയുള്ള ടോക്കുഗാവ ഷോഗുണേറ്റിന്റെ ഭരണകാലത്തും ക്രിസ്തുവിശ്വാസത്തെ അടിച്ചമര്‍ത്തുന്നതിനായി വിശ്വാസികള്‍ അതിക്രൂരമായ പീഡനമാണ് നേരിട്ടത്. 1853-ല്‍ ക്രിസ്തുമതത്തിന്റെ നിരോധനം എടുത്തുകളഞ്ഞെങ്കിലും സുവിശേഷവല്‍ക്കരണം നിരോധിക്കപ്പെട്ടു.

രക്തസാക്ഷികളായ ക്രിസ്ത്യാനികളുടെ ത്യാഗത്തെ ബഹുമാനിക്കുന്നതിനായി സഭ 1865ല്‍, ജപ്പാനില്‍ ഇരുപത്താറു വിശുദ്ധ രക്തസാക്ഷികളുടെ മൈനര്‍ ബസിലിക്ക തുറന്നു.

1873-ല്‍, പാശ്ചാത്യ രാജ്യങ്ങളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് മതപരിവര്‍ത്തനത്തിനുള്ള നിരോധനം എടുത്തുകളഞ്ഞു. 2019 ലെ കണക്കനുസരിച്ച് ജപ്പാനില്‍ ഇപ്പോള്‍ 16 രൂപതകളിലായി 540,496 കത്തോലിക്ക വിശ്വാസികളുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26