ഇരുട്ടില്‍ വിറങ്ങലിച്ച് ഉക്രെയ്ന്‍; കൊടും ശൈത്യത്തിലേക്ക് തള്ളിവിട്ട് ആത്മവീര്യം കെടുത്താന്‍ റഷ്യന്‍ തന്ത്രം; ശസ്ത്രക്രിയകള്‍ ടോര്‍ച്ച് വെട്ടത്തില്‍

ഇരുട്ടില്‍ വിറങ്ങലിച്ച് ഉക്രെയ്ന്‍; കൊടും ശൈത്യത്തിലേക്ക് തള്ളിവിട്ട് ആത്മവീര്യം കെടുത്താന്‍ റഷ്യന്‍ തന്ത്രം; ശസ്ത്രക്രിയകള്‍ ടോര്‍ച്ച് വെട്ടത്തില്‍

വൈദ്യുതി വിതരണ സംവിധാനങ്ങള്‍ തകര്‍ന്നതോടെ ഇരുട്ടിലായ ഉക്രെയ്ന്‍. നാസ പകര്‍ത്തിയ ദൃശ്യം

കീവ്: തുടര്‍ച്ചയായ റഷ്യന്‍ ആക്രമണത്തില്‍ ജനജീവിതം നരകതുല്യമായ ഉക്രെയ്‌നില്‍ നിന്ന് ദുരിതത്തിന്റെ നേര്‍ക്കാഴ്ച്ചകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. വ്യോമാക്രമണത്തില്‍ വൈദ്യുതി വിതരണം വ്യാപകമായി തടസപ്പെട്ടതിനെ തുടര്‍ന്ന് വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യത്തെ ആശുപത്രികള്‍ കടന്നു പോകുന്നത്. എങ്കിലും നിശ്ചദാര്‍ഢ്യം കൊണ്ടു മാത്രം ആ വെല്ലുവിളികളെ അതിജീവിക്കുകയാണ് ഉക്രെയ്ന്‍ ജനത.

ടോര്‍ച്ച് വെട്ടത്തിന്റെ സഹായത്തോടെ ശസ്ത്രക്രിയ നടത്തി കുഞ്ഞിന്റെ ജീവന്‍ തിരിച്ചു പിടിച്ചിരിക്കുകയാണ് ആശുപത്രിയിലെ ഒരു സംഘം ഡോക്ടര്‍മാര്‍. രാജ്യ തലസ്ഥാനമായ കീവിലെ ചില്‍ഡ്രന്‍സ് ഹാര്‍ട്ട് ആശുപത്രിയിലാണ് ഹെഡ് ലാമ്പുകള്‍ ധരിച്ച ഡോക്ടര്‍മാര്‍ കുഞ്ഞിന് ഹൃദയ ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രിയ നടക്കുമ്പോഴാണ് വൈദ്യുതി നിലച്ചതെന്ന് കാര്‍ഡിയാക് സര്‍ജന്‍ ബോറിസ് ടോഡുറോവ് പറഞ്ഞു. തുടര്‍ന്ന് ഹെഡ് ലാമ്പുകള്‍ ഓണാക്കിയാണ് ഓപ്പറേഷന്‍ പൂര്‍ത്തിയാക്കിയത്. തന്റെ കരിയറിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുഞ്ഞ് ജീവിതത്തിലേക്കു തിരിച്ചുവന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

വൈദ്യുതി വിതരണ സംവിധാനങ്ങള്‍ തകര്‍ന്നതോടെ രാജ്യത്തുടനീളം വൈദ്യുതി മുടക്കം വളരെ രൂക്ഷമാണ്. ബഹിരാകാശത്തു നിന്നു നാസ പകര്‍ത്തിയ ഇരുട്ടിലാണ്ടു കിടക്കുന്ന ഉക്രെയ്‌ന്റെ ചിത്രങ്ങള്‍ ഈ ദുരിതത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്.



കഴിഞ്ഞ ദിവസങ്ങളിലും റഷ്യ മിസൈലുകള്‍ തുടര്‍ച്ചയായി വര്‍ഷിച്ചതിലൂടെ മൂന്ന് ദശലക്ഷം ആളുകള്‍ താമസിക്കുന്ന കീവും മറ്റു പ്രദേശങ്ങളും ഇരുട്ടിലായി. ആക്രമണങ്ങളില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു.

കടുത്ത മഞ്ഞുകാലം ആരംഭിക്കുന്നതോടെ ഉക്രെയ്ന്‍ നഗരങ്ങളെ ഇരുട്ടിലേക്കും കൊടും തണുപ്പിലേക്കും തള്ളിവിട്ട് ജനങ്ങളുടെ ആത്മവീര്യം തകര്‍ക്കുകയാണ് റഷ്യന്‍ തന്ത്രമെന്ന് വിലയിരുത്തപ്പെടുന്നു.

അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് റഷ്യ നടത്തുന്ന ആക്രമണങ്ങളെ തുടര്‍ന്ന് ദിവസവും ഏതാനും മണിക്കൂര്‍ മാത്രമാണ്. ഉക്രെയ്‌ന്റെ പല ഭാഗത്തും വൈദ്യുതി വിതരണമുള്ളത്.

യുദ്ധം ചെയ്യാനുള്ള സൈനികരുടെ ശേഷി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് റഷ്യ അടിസ്ഥാന സൗകര്യങ്ങള്‍ക്കു നേരേ ആക്രമണങ്ങള്‍ നടത്തുന്നതെന്നും ഇതു യുദ്ധക്കുറ്റമാണെന്നും ഉക്രെയ്ന്‍ ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.