മംഗളൂരു സ്‌ഫോടനം: അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തു

മംഗളൂരു സ്‌ഫോടനം: അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തു

മാംഗളൂരു: മംഗളൂരു സ്ഫോടനക്കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഏറ്റെടുത്തു. സംഭവത്തില്‍ രാജ്യാന്തര തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ പശ്ചാത്തലത്തില്‍ കേസന്വേഷണം എന്‍.ഐ.എക്ക് കൈമാറണമെന്ന് കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കേന്ദ്രത്തോട് ശിപാര്‍ശ ചെയ്തിരുന്നു. എന്‍.ഐ.എ ആക്ട് 2008-ലെ വ്യവസ്ഥകള്‍ പ്രകാരം കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയതായി അണ്ടര്‍ സെക്രട്ടറി വിപുല്‍ അലോക് പറഞ്ഞു.

കേസില്‍ രാജ്യദ്രോഹ പ്രവൃത്തികള്‍ ഉള്‍പ്പെടുന്നതായി കാണിച്ച് കര്‍ണാടക സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന് ശനിയാഴ്ച കത്തു നല്‍കിയിരുന്നു. തുടക്കം മുതല്‍ എന്‍.ഐ.എയും കേസില്‍ സമാന്തരമായി വിവരം ശേഖരിക്കുന്നുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനക്കേസിലെ പ്രതികളെ മംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ എന്‍ഐഎ നീക്കം നടത്തി.

ശനിയാഴ്ച വൈകിട്ടാണ് കങ്കനാടിയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനം ആസൂത്രണം ചെയ്ത ശിവമോഗ സ്വദേശി മുഹമ്മദ് ഷാരിഖിനെ (29) അറസ്റ്റ് ചെയ്തിരുന്നു. സ്ഫോടനത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ പുരുഷോത്തയ്ക്കും ഷാരിഖിനും ഗുരുതരമായി പരുക്കേറ്റിരുന്നു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.

2020ല്‍ യുഎപിഎ കേസില്‍ അറസ്റ്റിലായ ഷാരിഖ് ജാമ്യത്തിലിറങ്ങി മൈസൂരുവില്‍ വ്യാജ മേല്‍വിലാസത്തില്‍ താമസിച്ചുവരികയായിരുന്നു. വിവിധ തീവ്രവാദ ഗ്രൂപ്പുകളുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതിയെന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു.

സ്ഫോടനം നടക്കുന്നതിന് ഒരാഴ്ച മുന്‍പ് ശിവമോഗയിലെ ഒരു വനമേഖലയില്‍ വച്ച് പ്രതി ട്രയല്‍ നടത്തിയെന്നും കണ്ടെത്തലുണ്ട്. ഇതാണ് സംഭവത്തിന്റെ തീവ്രവാദ സ്വഭാവത്തെക്കുറിച്ച് സൂചന നല്‍കിയതെന്നും പൊലീസ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.