വിഴിഞ്ഞം സംഘര്‍ഷം: ആര്‍ച്ച് ബിഷപ്പിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ്; സഹായ മെത്രാനും 50 വൈദികരും പ്രതിപ്പട്ടികയില്‍

വിഴിഞ്ഞം സംഘര്‍ഷം: ആര്‍ച്ച് ബിഷപ്പിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ്; സഹായ മെത്രാനും 50 വൈദികരും പ്രതിപ്പട്ടികയില്‍

കലാപാഹ്വാനം, നിയമ വിരുദ്ധമായി സംഘം ചേരല്‍, അതിക്രമിച്ച് കടക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ബിഷപ്പുമാര്‍ക്കും വൈദികര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ നിലപാട് വികൃതമെന്നും പ്രതിഷേധം തുടരുമെന്നും സമര സമിതി നേതാക്കള്‍.


തിരുവനന്തപുരം: വിഴിഞ്ഞത്ത് ശനിയാഴ്ചയുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ലത്തീന്‍ തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. സഹായ മെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ് ആണ് രണ്ടാം പ്രതി. അമ്പത് വൈദികര്‍ ഉള്‍പ്പെടെ 95 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

ആര്‍ച്ച് ബിഷപ്പും സഹായ മെത്രാനും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. പരാതികളുടെ അടിസ്ഥാനത്തിലും പോലീസ് സ്വമേധയായും ആകെ പത്ത് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഒമ്പതെണ്ണവും മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ തുറമുഖ നിര്‍മാണത്തെ എതിര്‍ത്ത് സമരം ചെയ്യുന്നവര്‍ക്കെതിരെയാണ്.

കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രതിപ്പട്ടികയിലുള്ള ഒന്ന് മുതല്‍ പതിനഞ്ച് വരെയുള്ള വൈദികര്‍ സംഘര്‍ഷത്തില്‍ നേരിട്ട് ഉണ്ടായിരുന്നവരല്ല. എന്നാലിവര്‍ ഗൂഢാലോചന നടത്തുകയും കണ്ടാലറിയാവുന്ന ആയിരത്തിലധികം പേരെ സംഘടിപ്പിച്ച് മുല്ലൂരിലെത്തുകയും ഹൈക്കോടതിയുടെയും സര്‍ക്കാരിന്റെയും നിര്‍ദേശം മറികടന്ന് സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്‌തെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

കലാപാഹ്വാനം, നിയമ വിരുദ്ധമായി സംഘം ചേരല്‍, അതിക്രമിച്ച് കടക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ബിഷപ്പുമാര്‍ക്കും വൈദികര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

സമര സമിതിക്ക് നേതൃത്വം നല്‍കുന്ന ഫാ. യൂജിന്‍ പെരേര അടക്കമുള്ള വൈദികരെ പ്രതികളാക്കി സംഘര്‍ഷവുമായി ബന്ധപ്പെട്ട് പത്ത് കേസുകള്‍ പൊലീസ് നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്നു. നിര്‍മാണത്തിനെതിരെ പ്രതിഷേധിക്കുന്ന സംയുക്ത സമര സമിതിക്കെതിരെ ഒന്‍പത് കേസുകളും തുറമുഖ നിര്‍മാണം അനുകൂലിക്കുന്ന ജനകീയ സമര സമിതിക്കെതിരെ ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജനകീയ സമര സമിതിയില്‍ അധികവും സിപിഎമ്മുകാരാണ്.

ശനിയാഴ്ചയാണ് വിഴിഞ്ഞം തുറമുഖ സമരം കൂടുതല്‍ സംഘര്‍ഷത്തിലെത്തിയത്. തുറമുഖത്തെ എതിര്‍ത്ത് സമരം ചെയ്യുന്ന വിഭാഗവും തുറമുഖത്തെ അനുകൂലിക്കുന്ന വിഭാഗവും ഏറ്റുമുട്ടി. സംഘര്‍ഷം പിന്നീട് കലാപ സമാനമായ സാഹചര്യത്തിലേക്ക് വഴിമാറുകയും വീടുകള്‍ക്കുനേരെ വരെ അക്രമം ഉണ്ടാവുകയും ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

സഭാ പിതാക്കന്‍മാര്‍ക്കും വൈദികര്‍ക്കുമെതിരെ പൊലീസിനെക്കൊണ്ട് കേസെടുപ്പിച്ച സര്‍ക്കാര്‍ നിലപാടിനെതിരെ ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുകയാണ്. സര്‍ക്കാര്‍ നിലപാട് വികൃതം എന്നാക്ഷേപിച്ച സമര സമിതി നേതാക്കള്‍ വരും ദിവസങ്ങളില്‍ അനധികൃത തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.