സൈബര്‍ യുഗത്തിലെ മാര്‍ഗദര്‍ശി; വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുറ്റിസിന്റെ ജീവചരിത്രവുമായി കോമിക് ബുക്ക്

സൈബര്‍ യുഗത്തിലെ മാര്‍ഗദര്‍ശി; വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുറ്റിസിന്റെ ജീവചരിത്രവുമായി കോമിക് ബുക്ക്

വിസ്‌കോണ്‍സിന്‍: 15 വയസുവരെ മാത്രം നീണ്ട ജീവിതംകൊണ്ട് അനേകരെ ക്രിസ്തുവിന് നേടിക്കൊടുക്കുന്ന വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുറ്റിസിന്റെ ജീവിതത്തെ ആസ്പദമാക്കി കുട്ടികള്‍ക്കായി കോമിക് ബുക്ക് പുറത്തിറക്കി.

കമ്പ്യൂട്ടറിനെ കുറിച്ചും സാങ്കേതിക വിദ്യകളെപ്പറ്റിയുമുള്ള തന്റെ അറിവ് ഉപയോഗിച്ച് ലോകത്തെ ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ ഓണ്‍ലൈനില്‍ രേഖപ്പെടുത്താനും ദിവ്യകാരുണ്യ ഭക്തി പ്രചരിപ്പിക്കാനും ആളുകളെ ദൈവത്തിലേക്ക് അടുപ്പിക്കാനും പരിശ്രമിച്ചിരുന്ന കാര്‍ലോ അക്യൂറ്റിസിന്റെ കഥയാണ് ചിത്രകഥാ രൂപത്തില്‍ പ്രസിദ്ധീകരിച്ചത്.

അസാധാരണമായ ദൈവഭക്തിയുള്ള ഒരു സാധാരണ കൗമാരക്കാരന്റെ കഥ അമേരിക്കയിലെ വോയേജ് കോമിക്‌സും അഗസ്റ്റിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് പ്രസിദ്ധീകരിച്ചത്. DIGITAL DISCIPLE: CARLO ACUTIS AND THE EUCHARIST എന്നു പേരിട്ട പുസ്തകത്തിലെ പേജുകളുടെ ആകര്‍ഷണീയതയും ചിത്രങ്ങളും കഥയുടെ അവതരണവും കൊണ്ട് ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. 6.99-ന് ഡോളറാണ് വില.



വിസ്‌കോണ്‍സിന്‍ സ്വദേശിയായ 36 വയസുകാരനായ ഫിലിപ്പ് കോസ്ലോസ്‌കിയാണ് എഴുത്തുകാരന്‍. കൗമാരപ്രായത്തില്‍ കുര്‍ബാനയോട് അഗാധമായ ഭക്തി പുലര്‍ത്തിയിരുന്ന കാര്‍ലോയുടെ ജീവിതം തന്നെ വ്യക്തിപരമായി സ്വാധീനിച്ചതായി ഫിലിപ്പ് പറഞ്ഞു. 2018-ലാണ് ഫിലിപ്പ് വോയേജ് കോമിക്‌സ് ആന്‍ഡ് പബ്ലിഷിംഗ് എന്ന സ്ഥാപനം ആരംഭിച്ചത്.

കാര്‍ലോ അക്യൂറ്റിസിന്റെ കുടുംബത്തിന് സ്‌ക്രിപ്റ്റ് നോക്കാന്‍ അവസരം നല്‍കി. അവര്‍ അംഗീകരിച്ചതോടെയാണ് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചത്. https://shop.voyagecomics.com/products/digital-disciple-carlo-acutis-and-the-eucharist എന്ന ലിങ്കില്‍ പുസ്തകം ലഭ്യമാണ്.

വീഡിയോ ഗെയിം പ്രേമി, മൃഗങ്ങളെയും പരിസ്ഥിതിയെയും പരിപാലിക്കുന്നയാള്‍, ഫുട്‌ബോള്‍ കളിക്കാരന്‍, സൂപ്പര്‍ ഹീറോകളുടെ ആരാധകന്‍. അതേസമയംതന്നെ അംഗവൈകല്യമുള്ള സഹപാഠികളെ ഭീഷണിപ്പെടുത്തുന്നവരെ പ്രതിരോധിക്കുകയും ഭവനരഹിതരെയും ദരിദ്രരെയും സഹായിക്കുകയും ദൈനംദിന കുര്‍ബാനയില്‍ പങ്കെടുക്കുകയും 'കുര്‍ബാന സ്വര്‍ഗത്തിലേക്കുള്ള എന്റെ പാതയാണ്' എന്ന് ഉറച്ചു ജീവിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയില്‍ കാര്‍ലോ വ്യത്യസ്ഥനാകുന്നു.

'സൂപ്പര്‍ ഹീറോകളെയും വീഡിയോ ഗെയിമുകളെയും എല്ലാറ്റിനുമുപരിയായി വിശുദ്ധ കുര്‍ബാനയെയും ഇഷ്ടപ്പെട്ടിരുന്ന ഇറ്റലിയിലെ പതിനഞ്ചു വയസുകാരനായ കാര്‍ലോയെ പരിചയപ്പെടാം' എന്നാണ് പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നത്.

1991ല്‍ ലണ്ടനില്‍ ജനിച്ച അക്യൂറ്റിസ്, ലുക്കീമിയ ബാധിതനായി 2006 ഒക്ടോബര്‍ 12നാണ് ഇഹലോകവാസം വെടിഞ്ഞത്. കേവലം 15 വയസുവരെ മാത്രം ജീവിച്ചിരുന്നുള്ളുവെങ്കിലും അക്കാലംകൊണ്ടുതന്നെ അനേകരെ വിശ്വാസ വഴിയിലേക്ക് നയിച്ചതിലൂടെയാണ് അക്യുറ്റിസ് ശ്രദ്ധേയനായത്. കംപ്യൂട്ടറുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളില്‍ പ്രതിഭാശാലിയായിരുന്ന കാര്‍ലോ, തന്റെ കഴിവുകള്‍ പൂര്‍ണമായും ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കാനാണ് ഉപയോഗിച്ചത്.

സ്വന്തമായി രൂപപ്പെടുത്തിയ വെബ്സൈറ്റില്‍ ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ രേഖപ്പെടുത്തി. ലോകമെമ്പാടും പല സ്ഥലങ്ങളിലായി സഭ അംഗീകരിച്ച, 136 അത്ഭുതങ്ങളാണ് വളരെ വ്യക്തമായി കാര്‍ലോ വെബ്സൈറ്റില്‍ കുറിച്ചിട്ടിരിക്കുന്നത്.

കാന്‍സര്‍ രോഗത്തിന്റെ വേദനയാല്‍ പുളയുമ്പോഴും ആ വേദന കാര്‍ലോ പാപ്പയ്ക്കും സഭയ്ക്കും വേണ്ടി കാഴ്ചവെച്ച കാര്‍ലോയെ 2020 ഒക്ടോബറിലാണ് സഭ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.