മെല്‍ബണ്‍: സിറോ മലബാര്‍ സഭയുടെ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ പരിപാടിക്കു വേദിയാകാനൊരുങ്ങുകയാണ് മെല്‍ബണ്‍. യുവതലമുറയ്ക്ക് ജീവിതത്തില്‍ ആത്മീയമായ ദിശാബോധം നല്‍കുന്ന സിറോ മലബാര്‍ യുവജന ദേശീയ സമ്മേളനം 'യുണൈറ്റ് 2022' (UNITE 2022) ഡിസംബര്‍ രണ്ടു മുതല്‍ അഞ്ചു വരെ നടക്കും. മെല്‍ബണിലെ ഫിലപ്പ് ഐലന്‍ഡ് അഡ്വഞ്ചര്‍ റിസോര്‍ട്ടാണ് പരിപാടിക്കു വേദിയാകുന്നത്. ഓസ്‌ട്രേലിയയലില്‍നിന്നും ന്യൂസിലന്‍ഡില്‍നിന്നുമുള്ള 600 യുവജനങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും.
യുവാക്കള്‍ക്ക് ദൈവവുമായി ബന്ധം ആഴത്തിലുള്ളതാക്കാനും വിശുദ്ധ കുര്‍ബാനയിലൂടെ ദൈവസാന്നിദ്ധ്യം അനുഭവിക്കാനും വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവയുടെ ഊര്‍ജം അനുഭവിക്കാനും പ്രചോദനമേകുന്നതാണ് സമ്മേളനം. സിറോ മലബാര്‍ സഭാ വിശ്വാസി എന്ന നിലയില്‍ തങ്ങളുടെ സ്വത്വം മനസിലാക്കാനും അതിലൂടെ യുവാക്കള്‍ക്ക് ജീവിത ലക്ഷ്യത്തെക്കുറിച്ച് ചിന്തിക്കാനുമുള്ള സുവര്‍ണാവസരം കൂടിയാണിത്.
മെല്‍ബണ്‍ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ ആന്‍ഡ്രൂ കോമെന്‍സോലി സമ്മേളനം ഉദ്ഘാടനം ചെയ്യും. മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ പ്രഭാഷണം നടത്തും. സിറോ മലബാര്‍ സഭയുടെ യൂറോപ്യന്‍ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ഫാദര്‍ ബിനോജ് മുളവരിക്കല്‍, അമേരിക്കയില്‍ ജനിച്ച്, ചിക്കാഗോ സിറോ മലബാര്‍ രൂപതയില്‍നിന്നുള്ള ആദ്യ വൈദികന്‍ ഫാ. കെവിന്‍ മുണ്ടയ്ക്കല്‍, വിക്ടോറിയയില്‍നിന്നുള്ള വൈദികനും പ്രശസ്ത ഗായകനുമായ ഫാ. റോബ് ഗാലിയ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.
ഏറെ ആവേശത്തോടെയാണ് യുണൈറ്റ് 2022 യുവജന ദേശീയ സമ്മേളനത്തെ കാണുന്നതെന്ന് ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ വ്യക്തമാക്കുന്നു. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെ കണ്ടുമുട്ടാന്‍ ഇത്രയധികം യുവജനങ്ങള്‍ ഒത്തുചേരുന്നത് പ്രതീക്ഷാ നിര്‍ഭരമാണ്. ഈ തലമുറയിലെ യുവജനങ്ങള്‍ ആത്മീയമായി ഉയര്‍ന്നുവരാനും ക്രിസ്തുവിനെ മനസോടെ അനുഗമിക്കാനും യുവജന ദേശീയ സമ്മേളനം ആഹ്വാനം ചെയ്യുന്നതായി മാര്‍ ബോസ്‌കോ പുത്തൂര്‍ വ്യക്തമാക്കി.
ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ ആന്‍ഡ്രൂ കോമെന്‍സോലി, ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍
വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. വൈകിട്ട് 7.30-നാണ് പ്ലീനറി സെഷന്‍. 8.40-ന് സംഗീത നിശയ്ക്കു ശേഷം അത്താഴത്തോടെ ആദ്യം ദിനം സമാപിക്കും. തുടര്‍ന്നുള്ള മൂന്നു ദിവസങ്ങളിലും പ്ലീനറി സെഷനുകള്‍, ശില്‍പശാലകള്‍ എന്നിവ ഉണ്ടാകും. നാലു ദിവസവും വിശുദ്ധ കുര്‍ബാന ക്രമീകരിച്ചിട്ടുണ്ട്.
സംഗീത സെഷനുകള്‍, പ്രചോദനാത്മകമായ പ്രഭാഷണങ്ങള്‍ എന്നിവ അടങ്ങുന്നതാണ് പ്ലീനറി സെഷനുകള്‍. ഓരോ ദിവസത്തെയും സെഷനുകള്‍ക്ക് പ്രത്യേക തീം ഉണ്ടായിരിക്കും. വിവിധ പ്രായവിഭാഗങ്ങളിലുള്ളവര്‍ക്ക് പ്രത്യേകമായാണ് ശില്‍പശാലകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ഫാ. ബിനോജ് മുളവരിക്കല്‍, ഫാ. റോബ് ഗാലിയ (മുകളിലെ ചിത്രം), ഫാ. കെവിന്‍ മുണ്ടയ്ക്കല്‍
രൂപതയുടെ കീഴിലുള്ള യൂത്ത് ബാന്‍ഡ് 'സോങ്‌സ് ഓഫ് സെറാഫിം' സംഗീത നിശ അവതരിപ്പിക്കും. അന്താരാഷ്ട്ര തലത്തില്‍ ആരാധകരുള്ള ഗാനരചയിതാവും ഗായകനുമായ ഫാ. റോബ് ഗാലിയ, നിരവധി ക്രിസ്ത്യന്‍ സൂപ്പര്‍ഹിറ്റ് ഭക്തിഗാനങ്ങള്‍ രചിച്ച്, ശ്രുതിമധുരമായ ആലാപനത്തിലൂടെ ശ്രദ്ധ നേടിയ ഫാ. ബിനോജ് മുളവരിക്കല്‍, ടെക്‌സസില്‍നിന്നുള്ള കത്തോലിക്കാ റാപ്പറായ പ്രോഡിഗില്‍, ന്യൂയോര്‍ക്കില്‍ നിന്നുള്ള ഗായികനും ഗാനരചയിതാവുമായ ട്രീസ റോയ് എന്നിവരുടെ സാന്നിധ്യം സമ്മേളനത്തെ സംഗീതമയമാക്കും.
ക്രിസ്തുവിനെ കണ്ടുമുട്ടാനും ആഴത്തിലുള്ള അടുപ്പം സ്ഥാപിക്കാനും നമ്മുടെ അപ്പോസ്‌തോലിക പാരമ്പര്യങ്ങള്‍ തിരിച്ചറിയാനുമുള്ള അവസരമാണ് യുണൈറ്റ് 2022 എന്ന് മെല്‍ബണ്‍ രൂപതാ യൂത്ത് അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ സോജിന്‍ സെബാസ്റ്റ്യന്‍ പറഞ്ഞു. ആത്മീയമായി സ്വയം പുതുക്കാനും സഭയെ പുനര്‍നിര്‍മ്മിക്കാനും സംസ്‌കാരത്തെ പരിവര്‍ത്തനം ചെയ്യാനുള്ള ക്ഷണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26