വാഷിംഗ്ടൺ: ലോകത്തെ വലിയ സജീവ അഗ്നിപർവതമായ മൗന ലോവ 40 വര്‍ഷത്തിനിടെ ആദ്യമായി പൊട്ടിത്തെറിച്ചു. അമേരിക്കയിലെ ഹവായി ദ്വീപിൽ സ്ഥിതിചെയ്യുന്ന അഗ്നിപർവ്വതത്തിന്റെ ഉയര്‍ന്ന കൊടുമുടിയായ കാൽഡെറയായ മൊകുവാവിയോയിൽ ഞായറാഴ്ച രാത്രി 11:30 നാണ് പൊട്ടിത്തെറി ആരംഭിച്ചതെന്ന് ഹവായിയൻ അഗ്നിപർവ്വത നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അഗ്നിപർവ്വതത്തിന്റെ ഒരു വശത്തേക്ക് ലാവ ഒഴുകുന്നുണ്ടെങ്കിലും നിലവിൽ ജനവാസ മേഖലകളിൽ നാശം വിതച്ചിട്ടില്ല. എങ്കിലും സ്ഥിതി ഏത് നിമിഷവും മാറാമെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേ മുന്നറിയിപ്പ് നൽകി. മൗന ലോവ വര്‍ഷങ്ങളായി പൊട്ടിത്തെറിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്.
അഗ്‌നിപര്‍വ്വതത്തില്‍ നിന്ന് 45 മൈല്‍ (72 കിലോമീറ്റര്‍) അകലെ ഹവായിയിലെ പ്രധാന ദ്വീപിന്റെ പടിഞ്ഞാറന്‍ തീരത്തുള്ള കോണ എന്ന പട്ടണത്തില്‍ നിന്ന് പൊട്ടിത്തെറി ദൃശ്യമാകുന്നുണ്ട് എന്നാണ് അമേരിക്കൻ ജിയോളജിക്കൽ സർവേ അറിയിക്കുന്നത്. സ്ഫോടനം വടക്കുകിഴക്കൻ റിഫ്റ്റ് സോണിൽ തുടരുമെന്നാണ് സൂചനകളെന്നും അവർ വ്യക്തമാക്കുന്നു.
എങ്കിലും ലാവയുടെ ഒഴുക്കിൽ പെട്ടെന്നു വ്യത്യാസം വരാൻ സാധ്യത ഉള്ളതു കൊണ്ട് ജനങ്ങൾക്ക് ഏറ്റവും ഉയർന്ന അപകട സാധ്യതാ താക്കീത് നൽകി. ഗതിമാറ്റം ഉണ്ടായാൽ പെട്ടെന്ന് താഴേക്ക് ലാവ കുതിച്ചെത്തും. അതിനാൽ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം എന്ന് അധികൃതർ പ്രദേശവാസികളോട് അഭ്യര്‍ത്ഥിച്ചു. മേഖലയിലേക്ക് ആർക്കും പ്രവേശനമില്ല. ലാവയുടെ ഒഴുക്കിൽ പെടാൻ സാധ്യതയുണ്ടെന്ന ആശങ്കയുള്ള സമൂഹങ്ങൾ സിവിൽ ഡിഫെൻസുമായി ബന്ധപ്പെടണം എന്നും നിർദേശമുണ്ട്.
ദ്വീപിന്റെ ചില ഭാഗങ്ങളിൽ അഗ്നിപർവ്വതത്തിൽ നിന്നുള്ള ചാരം അടിഞ്ഞുകൂടാൻ സാധ്യതയുണ്ടെന്ന് ഹോണോലുലുവിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത്തരത്തിൽ ചാരം വീഴുന്നത് വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ വരുത്തുകയും ജലം മലിനമാക്കുകയും ചെയ്യുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു.
കൂടാതെ അമിതമായി എത്തുന്ന ചാരം വൈദ്യുത സംവിധാനങ്ങളിൽ തടസം ഉണ്ടാക്കുകയും സസ്യങ്ങളെ നശിപ്പിക്കുകയോ ചെയ്യാമെന്നും മനുഷ്യന്റെ കണ്ണുകളെയും ശ്വാസകോശങ്ങളെയും ബാധിക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ശ്വാസകോശ രോഗങ്ങളുള്ള ആളുകൾ ചാര കണങ്ങൾ ശ്വസിക്കുന്നത് ഒഴിവാക്കാൻ വീടിനുള്ളിൽ തന്നെ തുടരണം. പുറത്ത് ഇറങ്ങേണ്ടിവരുന്നവർ മുഖംമൂടിയോ തുണിയോ ഉപയോഗിച്ച് വായും മൂക്കും മൂടണംമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
ഇതിന് മുമ്പ് 1984 മാർച്ച് - ഏപ്രിൽ കാലയളവിൽ മൗന ലോവ പൊട്ടിത്തെറിച്ചതിന് പിന്നാലെ 8 കിലോമീറ്റർ ദൂരം ലാവാ പ്രവാഹമുണ്ടായിരുന്നു. ഹവായിയന്‍ അഗ്‌നിപര്‍വ്വത നിരീക്ഷണാലയം എമര്‍ജന്‍സി മാനേജ്മെന്റ് ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി വരികയാണെന്നും അഗ്‌നിപര്‍വ്വതത്തിന് 13,674 അടി (4,168 മീറ്റര്‍) മുകളിലൂടെ ആകാശ നിരീക്ഷണം നടത്തുമെന്നും ഏജന്‍സി അറിയിച്ചു.
പ്രദേശത്തേക്കുള്ള വാഹനഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. കൂടാതെ ഹിലോ ഇന്റർനാഷണൽ എയർപോർട്ടിലേക്കോ (ഐടിഒ) കീഹോളിലെ (കെഒഎ) എല്ലിസൺ ഒനിസുക കോന ഇന്റർനാഷണൽ എയർപോർട്ടിലേക്കോ ഉള്ള വിമാനങ്ങളുള്ള യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് അവരുടെ എയർലൈനുമായി ബന്ധപ്പെടണമെന്നും നിർദേശമുണ്ട്.
സ്‌ഫോടനത്തെ തുടർന്ന് സൗത്ത് വെസ്റ്റ് എയർലൈൻസ് തിങ്കളാഴ്ച ഹിലോ ഇന്റർനാഷണൽ മുതൽ സർവീസ് നടത്തുന്നില്ലെന്ന് എയർലൈൻ അറിയിച്ചു. ഹൊണോലുലുവിലേയ്‌ക്കും തിരിച്ചുമുള്ള അഞ്ച് വിമാനങ്ങൾ റദ്ദാക്കിയതായി സൗത്ത് വെസ്റ്റ് അറിയിച്ചു.
എങ്കിലും ജനങ്ങളെ ഒഴിപ്പിക്കുന്നതിനുള്ള ഉത്തരവുകളൊന്നും ഇതുവരെ നല്‍കിയിട്ടില്ലെന്ന് ഹവായ് അധികൃതര്‍ പറഞ്ഞു. എന്നാൽ മുൻകരുതൽ എന്ന നിലയിൽ ജങ്ങൾക്കായി രണ്ട ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
അതേസമയം അഗ്‌നിപര്‍വ്വതത്തിന്റെ വശങ്ങളിലുള്ള വിള്ളല്‍ മേഖലകളില്‍ നിന്ന് മാഗ്മ ഒഴുകാന്‍ തുടങ്ങിയാല്‍ വലിയ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞനും അഗ്‌നിപര്‍വ്വത ശാസ്ത്രജ്ഞനുമായ റോബിന്‍ ജോര്‍ജ് ആന്‍ഡ്രൂസ് പറഞ്ഞു. 1984 മുതല്‍ പൊട്ടിത്തെറിച്ചിട്ടില്ലാത്ത അപകടകരമായ പര്‍വതമാണിത്. അതിനാല്‍ തന്നെ ഇപ്പോഴത്തെ സംഭവവികാസം ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം എന്നും അദ്ദേഹം പറഞ്ഞു.
അഗ്‌നിപര്‍വ്വതത്തിന്റെ അന്തര്‍വാഹിനിവശങ്ങള്‍ സമുദ്രനിരപ്പില്‍ നിന്ന് അടിത്തട്ടിലേക്ക് മൈലുകള്‍ നീണ്ടുകിടക്കുന്നു. ഹവായിയന്‍ ദ്വീപുകളിലെ സജീവമായ ആറ് അഗ്‌നിപര്‍വ്വതങ്ങളില്‍ ഒന്നായ മൗന ലോവ 1843 മുതല്‍ 33 തവണ പൊട്ടിത്തെറിച്ചിട്ടുണ്ടെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേ പറയുന്നു. 1984 ല്‍ ഉണ്ടായ അഗ്‌നിപര്‍വ്വത സ്ഫോടനം 22 ദിവസം നീണ്ടുനിന്നിരുന്നു. മാത്രമല്ല ഏറ്റവും ജനസംഖ്യയുള്ള ഹിലോ പട്ടണത്തിലേക്ക് ലാവാ ഒഴുകിയെത്തുകയും ചെയ്തു.
മൗന ലോവയുടെ തെക്ക് കിഴക്കന്‍ ഭാഗത്തുള്ള കിലൗയ എന്ന അഗ്‌നിപര്‍വ്വതം 1983 നും 2019 നും ഇടയില്‍ തുടര്‍ച്ചയായി പൊട്ടിത്തെറിച്ചിരുന്നു. ഹവായ് വോൾകേനോസ് നാഷനൽ പാർക്കിനുള്ളിലുള്ള മൗന ലോവ സംസ്ഥാനത്തിന്റെ ബിഗ് ഐലണ്ടിന്റെ പകുതിയോളം വ്യാപിച്ചു കിടക്കുന്നതാണ്. സമുദ്ര നിരപ്പിൽ നിന്ന് 13,679 അടി ഉയത്തിലാണ് അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്. 5,179 ചതുരശ്ര കിലോമീറ്റർ വിസ്തീർണവുമുണ്ട്.
ലോകത്തെ അഗ്നിപർവ്വതങ്ങളിൽ സജീവമായ ഏറ്റവും വലിയതാണ് മൗന ലോവ. ഇതിനേക്കാൾ വലുപ്പമുള്ള അഗ്നിപർവതങ്ങൾ ഉണ്ടെങ്കിലും അവയൊന്നും സജീവമല്ല. 2021 മുതൽ പൊട്ടിത്തെറിച്ചുകൊണ്ടിരിക്കുന്ന ചെറിയ അഗ്നിപർവ്വതമായ കിലൗയയിൽ നിന്ന് 21 മൈൽ പടിഞ്ഞാറായാണ് മൗന ലോവയുടെ ഉച്ചകോടി ഗർത്തം സ്ഥിതി ചെയ്യുന്നത്.
കിലൗയയുടെ പൊട്ടിത്തെറി നിലവിൽ അതിന്റെ ഗർത്തത്തിൽ ഒതുങ്ങിയിരിക്കുന്നു. 2018-ൽ മാസങ്ങളോളം കിലൗയ പൊട്ടിത്തെറിച്ചപ്പോൾ, ലാവാ ലീലാനി എസ്റ്റേറ്റ് പരിസരത്തേക്ക് ഒഴുകുകയും 700 ലധികം വീടുകൾ നശിപ്പിക്കുകയും താമസക്കാരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.