ടെഹ്റാന്‍: പ്രഖ്യാപിത ശത്രുവായ അമേരിക്കയോട് തോറ്റ് ഖത്തര്‍ ലോകകപ്പില്‍ നിന്നും സ്വന്തം രാജ്യം പുറത്തായത് തെരുവുകളില്‍ ആഘോഷിച്ച് ഇറാന്‍ ജനത. കഴിഞ്ഞ സെപ്തംബര്‍ മുതല്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രാജ്യത്തെ ജനങ്ങള്‍ ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങി സമരം ചെയ്യുകയാണ്.
രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ദേശീയ ഫുട്ബോള്‍ ടീം ലോകകപ്പില്‍ പങ്കെടുത്തത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരെ നടന്ന ഓപ്പണിംഗ് മാച്ചില്‍ ഇറാന്‍ ഫുട്ബോള്‍ ടീം അംഗങ്ങള്‍ ദേശീയ ഗാനമാലപിക്കാതെ സര്‍ക്കാരിനെതിരെ പ്രതിഷേധം അറിയിച്ചിരുന്നെങ്കിലും ടീം സര്‍ക്കാരിന്റെ പ്രതിനിധികളാണെന്നും രാജ്യത്തെ ജനങ്ങളുടെ ഒപ്പമല്ലെന്നുമാണ് കൂടുതല്‍ പ്രക്ഷോഭകരും ഇപ്പോഴും കരുതുന്നത്.
വാഹനങ്ങളില്‍ ഹോണ്‍ മുഴക്കിയും പടക്കം പൊട്ടിച്ചും തെരുവുകളില്‍ നൃത്തം ചവിട്ടിയുമാണ് ഇറാന്‍ ജനത ടീമിന്റെ തോല്‍വി ആഘോഷമാക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ ഇരുപത്തിരണ്ടുകാരിയായ മഹ്‌സ അമിനി കഴിഞ്ഞ സെപ്റ്റംബറില്‍ സദാചാര പൊലീസിന്റെ കസ്റ്റഡിയിലില്‍ മരിച്ചതോടെയാണ് ഇറാനില്‍ പ്രക്ഷോഭം തുടങ്ങിയത്. പ്രക്ഷോഭത്തില്‍ സുരക്ഷാ സേനാംഗങ്ങളും സ്ത്രീകളും കുട്ടികളുമടക്കം 300 ലേറെ പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. അതേ സമയം പ്രക്ഷോഭങ്ങളില്‍ കുറഞ്ഞത് 416 പേര്‍ മരിച്ചെന്നാണ് ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് സംഘടന പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.