വിഴിഞ്ഞം: നീതി നിക്ഷേധിക്കപ്പെട്ട ജനതയുടെ മുറവിളി കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സീറോ മലബാര്‍ സഭ അല്‍മായ ഫോറം

വിഴിഞ്ഞം: നീതി നിക്ഷേധിക്കപ്പെട്ട ജനതയുടെ മുറവിളി കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സീറോ മലബാര്‍ സഭ അല്‍മായ ഫോറം

കൊച്ചി: വിഴിഞ്ഞം പദ്ധതി നിര്‍ബന്ധ ബുദ്ധിയോടെ നടപ്പിലാക്കണമെന്ന് സര്‍ക്കാര്‍ വാശി പിടിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് സീറോ മലബാര്‍ സഭ അല്‍മായ ഫോറം.

തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പിനെയും സഹായ മെത്രാനെയും അകാരണമായി കേസില്‍ പ്രതികളാക്കിയത് അപലപനീയമാണ്. തലസ്ഥാനത്ത് ഒരു ജനതതി മുഴുവന്‍ സമര മുഖത്താണ്. ഇത്തരത്തിലുള്ള ജനകീയ സമരത്തെ ഇടതുപക്ഷ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ പൊതുസമൂഹത്തിന് സംശയങ്ങളുണ്ട്. കടലിലുള്ളത് കവരാന്‍ കൂട്ടുകൂടുന്ന കുത്തകകള്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് അനുദിനം തെളിയിച്ചുക്കൊണ്ടിരിക്കുകയാണെന്നും അല്‍മായ ഫോറം കുറ്റപ്പെടുത്തി.

കേരളത്തില്‍ വികസന പദ്ധതികള്‍ക്കായി നടന്ന കുടിയൊഴിപ്പിക്കലുകളിലൊക്കെ സാധാരണ മനുഷ്യര്‍, പ്രത്യേകിച്ച് മല്‍സ്യത്തൊഴിലാളികള്‍, ആദിവാസി, ദലിത്, മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവരുമാണ് ഉള്‍പ്പെട്ടത്. അവര്‍ക്ക് തക്കതായ നഷ്ടപരിഹാരമോ ആനുകൂല്യമോ ഇതുവരെ ലഭിച്ചട്ടില്ല എന്നത് ചരിത്രപരമായ വസ്തുതയാണ്.

സ്വന്തം മണ്ണില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും ഒഴിഞ്ഞു പോകാന്‍ നിര്‍ബന്ധിതമാകുന്നതിലൂടെ മനപൂര്‍വ്വമായ മാനവികതാ ധ്വംസനം തന്നെയാണ് വിഴിഞ്ഞത്ത് തീരദേശവാസികള്‍ നേരിടുന്നത്. ന്യായമായ സമരത്തിലൂടെ പ്രകടിപ്പിക്കുന്ന വിയോജിപ്പുകളെ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന പുതിയ ആധിപത്യ രീതി ജനങ്ങളില്‍ ഭീതിയുളവാക്കുന്നു. തീരദേശത്തെ മത്സ്യതൊഴിലാളികളുടെ ജീവന്മരണ പോരാട്ടത്തെ അസഹിഷ്ണുതയോടെ നേരിടുന്ന സര്‍ക്കാര്‍ നടപടികള്‍ വേദനയുളവാക്കുന്നതാണന്നും അല്‍മായ ഫോറം ഫറഞ്ഞു.

നീതിയും അവകാശങ്ങളും നിഷേധിക്കപ്പെട്ട് സിമന്റ് ഗോഡൗണില്‍ കഴിയേണ്ടി വരുന്ന ജനതയുടെ മുറവിളി കേള്‍ക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം. ന്യായമായ അവകാശങ്ങള്‍ വര്‍ഷങ്ങളായി നിഷേധിക്കപ്പെട്ടതിനാല്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തില്‍ വിളിച്ച് പറയുന്ന ഒരു ജനതയെ മത തീവ്രവാദികളെന്നും വികസന വിരോധികളെന്നും മുദ്രകുത്തുന്ന സമീപനം ശരിയല്ല.

അതിജീവനത്തിന് വേണ്ടിയാണങ്കില്‍ പോലും അക്രമ സമരങ്ങളെ ന്യായീകരിക്കാനാവില്ല. ആവശ്യമായ പാരിസ്ഥിതിക പഠനത്തിനും തീരദേശവാസികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ എത്രയും വേഗം അടിയന്തര നടപടിയെടുക്കുകയും ജനങ്ങളുടെ ആശങ്ക പരിഹരിക്കുകയും ചെയ്യണമെന്ന് അല്‍മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.