ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റൊയെ ഒന്നാം പ്രതിയാക്കി വീണ്ടും രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്ത് പൊലീസ്

ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റൊയെ ഒന്നാം പ്രതിയാക്കി വീണ്ടും രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്ത് പൊലീസ്

തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷവുമായി ബന്ധപ്പെടുത്തി തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റൊയെ ഒന്നാം പ്രതിയാക്കി പൊലീസ് വീണ്ടും രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു.

സംഘര്‍ഷ സമയത്ത് സ്ഥലത്തു പോലുമില്ലാതിരുന്ന ആര്‍ച്ച് ബിഷപ്പിനും സഹായ മെത്രാന്‍ ക്രിസ്തു ദാസിനുമെതിരെ കഴിഞ്ഞ ദിവസം കേസെടുത്തതില്‍ പരക്കേ പ്രതിഷേധം നിലനില്‍ക്കുമ്പോഴാണ് വീണ്ടും രണ്ട് കേസുകള്‍ കൂടി പൊലീസ് എടുത്തിരിക്കുന്നത്.

തുറമുഖ നിര്‍മാണത്തെ തടസപ്പെടുത്തുന്ന രീതിയില്‍ സമരം നടത്തിയതിനും തുറമുഖ നിര്‍മാണം നടക്കുന്ന പ്രദേശത്തേക്ക് അതിക്രമിച്ചു കയറിയതിനുമാണ് പുതിയ കേസുകള്‍. ഇതോടെ ആര്‍ച്ച് ബിഷപ്പിനെതിരെ റജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം മൂന്നായി. നവംബര്‍ 27ന് നടന്ന സമരവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തിന്റെ പേരിലാണ് ആദ്യ കേസ്.

തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ പാടില്ലെന്ന ഹൈക്കോടതി വിധി നിലനില്‍ക്കെ പ്രതികള്‍ ആദാനി പോര്‍ട്ടിലെ അതീവ സുരക്ഷാ മേഖലയില്‍ കടന്നു കയറിയതായി എഫ്‌ഐആറില്‍ പറയുന്നു. പിരിഞ്ഞു പോകണമെന്ന പൊലീസിന്റെ നിര്‍ദേശം സമരക്കാര്‍ മുഖവിലയ്‌ക്കെടുത്തില്ലെന്നും എഫ്‌ഐആറില്‍ പറയുന്നു.

ഈ കേസില്‍ സഹായ മെത്രാന്‍ ക്രിസ്തുദാസ് രണ്ടാം പ്രതിയും വികാരി ജനറാളും സമര സമിതി കണ്‍വീനറുമായ ഫാ.യൂജിന്‍ പെരേര മൂന്നാം പ്രതിയുമാണ്. ഏഴു പുരോഹിതരെയും സമരത്തില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന ഏതാനും പേരെയും പ്രതി ചേര്‍ത്തിട്ടുണ്ട്.

പ്രതികള്‍ തുറമുഖ നിര്‍മാണത്തിനെതിരെ ബാനര്‍ ഉയര്‍ത്തി അദാനി പോര്‍ട്ടിലേക്കു പോകുന്ന റോഡില്‍ സമരം ചെയ്തു നിര്‍മാണം തടസപ്പെടുത്തിയതായി വിഴിഞ്ഞം എസ്‌ഐ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ എഫ്‌ഐആറില്‍ പറയുന്നു.

ഈ കേസിലും സഹായ മെത്രാന്‍ ക്രിസ്തുദാസ് രണ്ടാം പ്രതിയും വികാരി ജനറാള്‍ ഫാ. യൂജിന്‍ പെരേര മൂന്നാം പ്രതിയുമാണ്. പുരോഹിതരെയും സമരത്തില്‍ പങ്കെടുത്തവരെയും ഈ കേസിലും പ്രതി ചേര്‍ത്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.