നാടിളക്കി മറിച്ച് പ്രചരണം: ഗുജറാത്ത്‌ തിരഞ്ഞെടുപ്പിൽ പോളിങ് 60.02 ശതമാനം മാത്രം; ആശങ്കയോടെ രാഷ്ട്രീയ പാർട്ടികൾ

നാടിളക്കി മറിച്ച് പ്രചരണം: ഗുജറാത്ത്‌ തിരഞ്ഞെടുപ്പിൽ പോളിങ് 60.02 ശതമാനം മാത്രം; ആശങ്കയോടെ രാഷ്ട്രീയ പാർട്ടികൾ

ഗാന്ധിനഗർ: മോഡിയും അമിത്ത് ഷായും രാഹുൽ ഗാന്ധിയുമൊക്കെ നാടിളക്കി പ്രചരണം നടത്തിയിട്ടും ഗുജറാത്ത്‌ ഒന്നാംഘട്ട വോട്ടെടുപ്പിൽ കുറഞ്ഞ പോളിങ്. ആറ് മണിക്ക് വോട്ടെടുപ്പ് അവസാനിച്ചെങ്കിലും രാത്രി വൈകി വന്ന കണക്ക് പ്രകാരം 60.02 ശതമാനം മാത്രമാണ് പോളിങ്.

രാവിലെ എട്ടിന് ആരംഭിച്ച പോളിംഗ് 11 മണി ആയപ്പോൾ 19.13 ശതമാനം രേഖപ്പെടുത്തിയിരുന്നു. ഉച്ചക്ക് ഒരു മണിയായപ്പോൾ 34 ശതമാനവും മൂന്ന് മണിയായപ്പോൾ 48.48 ശതമാനവും പോളിങ് രേഖപ്പെടുത്തി. വൈകുന്നേരം അഞ്ചുമണിക്ക് 56.88 ശതമാനം പോളിങും രേഖപ്പെടുത്തി.

സൗരാഷ്‌ട്ര കച്ച് മേഖലകളിലും തെക്കൻ ഗുജറാത്തിലുമായി പത്തൊൻപത് ജില്ലകളിലെ 89 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ (ബിജെപി) കോൺഗ്രസിന്റെ അമീ യാജ്‌നിക്ക്, ഹാർദിക് പട്ടേൽ (ബിജെപി), ഭരവാദ് ലഖാഭായ് ഭിഖാഭായി (കോൺഗ്രസ്) അടക്കമുള്ള 788 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്തിൽ പ്രസംഗത്തിനിടെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ രാവണൻ പരാമർശത്തിന് മറുപടി നൽകി. 'രാമഭക്തരുടെ നാട്ടിൽ ഒരാളെ രാവണൻ എന്ന് വിളിക്കുന്നത് ശരിയല്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'എല്ലാ തിരഞ്ഞെടുപ്പുകളിലും മോദിയുടെ ചിത്രമാണ് കാണുന്നത്. നരേന്ദ്ര മോഡിയ്‌ക്കെന്താ രാവണനെപ്പോലെ നൂറ് തലയുണ്ടോ? മോദി എന്താ എല്ലാവർക്കുവേണ്ടിയും ജോലി ചെയ്യാൻ വരുന്നുണ്ടോ? നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ സഹായത്തിനായി മോഡി വരാറുണ്ടോ?'- എന്നായിരുന്നു ഖാർഗെയുടെ പരാമർശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.