ഓക്‌ലന്‍ഡ്: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിമാരും അപൂര്‍വം വനിതാ ലോക നേതാക്കളില്‍ രണ്ടു പേരുമാണ് ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന്ന മരീനും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡനും. നയതന്ത്ര സന്ദര്‍ശനത്തിനായാണ് കഴിഞ്ഞ ദിവസം ഫിന്നിഷ് പ്രധാനമന്ത്രി സന്ന മരീനും സംഘവും ന്യൂസിലന്‍ഡിലെ ഓക്‌ലാന്‍ഡിലെത്തിയത്. ആദ്യമായാണ് രണ്ടു പ്രധാനമന്ത്രിമാരും കൂടിക്കാഴ്ച്ച നടത്തിയത്. അതിനു ശേഷം സന്ന മരീനും ജസീന്ത ആര്‍ഡനും സംയുക്ത വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.
രണ്ട് വനിതാ പ്രധാനമന്ത്രിമാര്‍ ഒരുമിച്ചെത്തിയത് ഏറെ കൗതുകത്തോടെയാണ് ലോകം നോക്കിക്കണ്ടത്. ഉക്രെയ്ന്‍ സംഘര്‍ഷം, കാലാവസ്ഥ വ്യതിയാനം, ഇറാനിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവയാണ് ഇരുവരും പ്രധാനമായും ചര്‍ച്ച ചെയ്തത്.
എന്നാല്‍ വാര്‍ത്താ സമ്മേളനത്തിനിടെ ജസീന്തയോട് മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍ ചോദിച്ച ചോദ്യവും അതിന് ജസീന്തയും സന്നയും നല്‍കിയ ഉത്തരവും ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
നിങ്ങള്‍ രണ്ടുപേരും കണ്ടുമുട്ടിയത് പ്രായത്തില്‍ സാമ്യമുള്ളവരായതുകൊണ്ടും ധാരാളം പൊതുവായ കാര്യങ്ങള്‍ ഉള്ളതുകൊണ്ടും ആണോ എന്നായിരുന്നു പുരുഷ മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. മരീന് 37ഉം ആര്‍ഡണിന് 42ഉം വയസുമാണ്.
ജസീന്തയാണ് ആദ്യം മറുപടി പറഞ്ഞത്. ബറാക് ഒബാമയും ജോണ്‍ കീയും ഒരേ പ്രായക്കാരായതിനാല്‍ അവര്‍ കണ്ടുമുട്ടിയിട്ടുണ്ടോ എന്ന് ആരെങ്കിലും എപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോ എന്നതാണ് തന്നെ അത്ഭുതപ്പെടുത്തുന്നത് എന്നായിരുന്നു മറുപടി.
'തീര്‍ച്ചയായും നമുക്ക് രാഷ്ട്രീയത്തില്‍ പുരുഷന്മാരുടെ അനുപാതം കൂടുതലാണ്. അതൊരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ രണ്ട് സ്ത്രീകള്‍ കണ്ടുമുട്ടുന്നത് അവരുടെ ജെന്‍ഡര്‍ കൊണ്ടല്ലെന്നും അവര്‍ പറഞ്ഞു.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും മുന്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീയും 1961 ല്‍ ദിവസങ്ങളുടെ വ്യത്യാസത്തിലാണ് ജനിച്ചത്.
'ഞങ്ങള്‍ പ്രധാനമന്ത്രിമാരായതുകൊണ്ടാണ് കണ്ടുമുട്ടിയത്' എന്നാണ് സന്ന മരീന്‍ മറുപടി പറഞ്ഞത്. റഷ്യ പോലുള്ള സ്വേച്ഛാധിപത്യ ഭരണകൂടങ്ങളില്‍ നിന്ന് പ്രകൃതി വിഭവങ്ങളെയും സാങ്കേതികവിദ്യയെയും ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലാണ് ഇത്തവണ ഇരു രാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ഫിന്നിഷ് വ്യാപാര പ്രതിനിധി സംഘത്തോടൊപ്പമാണ് സന്ന മരിന്‍ ന്യൂസിലന്‍ഡിലെത്തിയത്.
ലോകത്ത് നിലവില്‍ 13 രാജ്യങ്ങളില്‍ തലപ്പത്തിരിക്കുന്നത് സ്ത്രീകളാണ്. 1997ലാണ് ന്യൂസിലന്‍ഡിന് ആദ്യമായി വനിത പ്രധാനമന്ത്രിയെ ലഭിച്ചത്. ഫിന്‍ലന്‍ഡിന് ആദ്യ വനിത പ്രസിഡന്റിനെ ലഭിച്ചത് 2000ത്തിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.