വിഴിഞ്ഞം സമരത്തെ തകര്‍ക്കാന്‍ ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്

വിഴിഞ്ഞം സമരത്തെ തകര്‍ക്കാന്‍ ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്

വാസ വ്യവസ്ഥയ്‌ക്കൊത്ത അതിജീവനം പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളുടെയും പരമമായ അവകാശമാണ്... അത് ആരുടെയും ഔദാര്യമല്ല. വികസനത്തിന്റെ പേരില്‍ നിഷേധിക്കപ്പെടുന്ന ആ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടത്തെ തീവ്രവാദമെന്നും ദേശ വിരുദ്ധമെന്നും മുദ്രകുത്തി ആക്ഷേപിക്കുന്നവര്‍ അത് നാലായി മടക്കി സ്വന്തം പോക്കറ്റില്‍ വച്ചാല്‍ മതി. കേരളത്തില്‍ അതിന് മാര്‍ക്കറ്റ് കുറവാണ്.

അതിജീവനത്തിനായുള്ള സമര പോരാട്ടങ്ങള്‍ ലോക ചരിത്രത്തില്‍ നിരവധി ഉണ്ടായിട്ടുണ്ട്. അവയുടെയൊക്കെ കാരണങ്ങള്‍ പരിശോധിച്ചാല്‍ ചെന്നെത്തുന്നത് കൊടിയ മനുഷ്യാവകാശ ധ്വംസനങ്ങളിലേക്കാണ്... മനുഷ്യന്റെ ജീവിക്കാനുള്ള അടിസ്ഥാന അവകാശങ്ങള്‍ എവിടെയൊക്കെ ചവിട്ടി മെതിയ്ക്കപ്പെട്ടിട്ടുണ്ടോ, അവിടെയൊക്കെ അതിജീവനത്തിനുള്ള ചെറുത്തു നില്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. അത്തരം പോരാട്ടങ്ങളുടെയെല്ലാം കാരണക്കാര്‍ അതാത് ഭരണകൂടങ്ങളാണ്. കേരളത്തിലെ സ്ഥിതിയും മറിച്ചല്ല.

അതിജീവനം അവകാശമാണന്നറിഞ്ഞിട്ടും ഭിക്ഷാ പാത്രങ്ങളുമായി ഭരണാധികാരികളുടെ മുന്നിലെത്തി വര്‍ഷങ്ങളോളം യാചിച്ചു മടുത്ത ഒരു ജനതതിയുടെ അവസാന ആശ്രയമായിരുന്നു കൂട്ടായുള്ള പ്രതിഷേധം. ആട്ടിയിറക്കപ്പെടുന്നവന്റെ ആത്മരോഷം തെരുവിലെത്തിയപ്പോള്‍ അണപൊട്ടിയൊഴുകി. അത് സമരമായി... ചിലപ്പോഴെല്ലാം സംഘര്‍ഷവുമായി. സമര വേദികളില്‍ ഇതൊക്കെ സ്വാഭാവികം മാത്രം.

മത്സ്യത്തൊഴിലാളികള്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു എന്ന് ആക്ഷേപമുന്നയിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവര്‍ 2015 മാര്‍ച്ച് 13 എന്നൊരു ദിവസം മറക്കരുത്. സൗകര്യപൂര്‍വ്വം നിങ്ങള്‍ മറന്നാലും ജനാധിപത്യ ബോധമുള്ള മലയാളികളാരും ആ ദിവസം മറക്കില്ല.

കേരള നിയമസഭയുടെ പാരമ്പര്യത്തെയും അന്തസിനെയും വെല്ലുവിളിച്ച് നിങ്ങള്‍ നടത്തിയ അര്‍ത്ഥ നഗ്‌ന സമരാഭാസം ഇന്നും ചരിത്ര രേഖകളില്‍ കറുത്ത പാടായി അവശേഷിക്കുന്നുണ്ട്. അക്രമത്തെ ന്യായീകരിക്കുന്നില്ലെങ്കിലും നിങ്ങള്‍ പറയുന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന് ഏതായാലും അത്രയും നിലവാര തകര്‍ച്ച ഉണ്ടായിട്ടില്ല.

ഭൂമിയോളം ക്ഷമിച്ചവരല്ലേ ആ പാവം മത്സ്യത്തൊഴിലാളികള്‍?.. 'ഇപ്പ ശരിയാക്കിത്തരാം' എന്ന് നിങ്ങള്‍ എത്ര പ്രാവശ്യം പറഞ്ഞു. വെറും വാചകമടിയല്ലാതെ എന്തെങ്കിലും നടന്നോ?.. കഴിഞ്ഞ ആറ് വര്‍ഷത്തിലധികമായി ചെങ്കൊടി പിടിക്കാത്ത ബഹുഭൂരിപക്ഷത്തേയും പറഞ്ഞു കബളിപ്പിക്കുന്ന പിണറായി സര്‍ക്കാരിന്റെ ഭരണകൂട ഭീകരതയുടെ ഇരകളല്ലേ അവര്‍. കേരളത്തിന്റെ സൈന്യം എന്ന് വാഴ്ത്തപ്പെട്ട അവരുടെ നെഞ്ചില്‍ അവസാനം ഭീകരവാദികള്‍ എന്ന ചാപ്പയും നിങ്ങള്‍ അടിച്ചു കൊടുത്തു.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഏഴ് ആവശ്യങ്ങളാണല്ലോ മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ചത്. അതില്‍ തുറമുഖ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണമെന്നതൊഴികെ ആറ് ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു എന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പറയുന്നത്.

എന്നിട്ട് അടിയന്തര ആവശ്യമായ പുനരധിവാസ പാക്കേജിനെങ്കിലും എന്തെങ്കിലും നടപടി സ്വീകരിച്ചോ?.. ഈച്ചയാര്‍ക്കുന്ന സിമന്റ് ഗോഡൗണില്‍ നട്ടംതിരിയുന്ന മുന്നൂറിലധികം മത്സ്യത്തൊഴിലാളി കുടുംബങ്ങളെ നിങ്ങള്‍ തിരിഞ്ഞു നോക്കിയോ?

പഞ്ച നക്ഷത്ര സൗകര്യങ്ങളുള്ള മന്ത്രി മന്ദിരങ്ങളുടെ വിളിപ്പാടകലെയല്ലേ ഉടുതുണിക്ക് മറുതുണി പോലുമില്ലാതെ ആ മനുഷ്യര്‍ നാല് വര്‍ഷമായി നരകയാതന അനുഭവിക്കുന്നത്. ഏതെങ്കിലും മന്ത്രിപുംഗവന് അവരെയൊന്ന് മുഖം കാണിക്കാന്‍ മനസലിവുണ്ടായോ?

അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ മണ്ണെണ്ണയ്ക്ക് സബ്‌സിഡി നല്‍കുമ്പോള്‍ പരമ ദരിദ്രരായ നമ്മുടെ മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായ മണ്ണെണ്ണ സബ്‌സിഡിയില്‍ കേന്ദ്രത്തെ പഴിചാരി തടിയൂരി നില്‍ക്കുകയല്ലേ നിങ്ങള്‍?

അതും പോകട്ടെ... വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട കപ്പല്‍ച്ചാലിന്റെ ദൂരം കൃത്യമായി നിര്‍ണയിക്കണമെന്ന ചെറിയ ആവശ്യത്തില്‍ പോലും സര്‍ക്കാരിന് വ്യക്തത നല്‍കാനായോ?

എന്നിട്ട് ഒന്നൊഴികെ മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചുവെന്ന് പെരുമ്പറയടിക്കുന്നു. നാണമില്ലാത്തവന്റെ 'എവിടെയോ' ആല് കിളിര്‍ത്താല്‍ അതും തണല്‍... അത്ര തന്നെ.

ഒരു വശത്ത് കടലെടുക്കുന്ന കിടപ്പാടങ്ങള്‍... മറുവശത്ത് അറിയാവുന്ന തൊഴിലെടുത്ത് ജിവിക്കാനുള്ള അവകാശ നിഷേധം. ശരിക്കും ചെകുത്താനും കടലിനും ഇടയിലാണ് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍. പൊള്ളുന്ന ഈ യാഥാര്‍ത്ഥ്യത്തിന് നടുവില്‍ നിന്നു കൊണ്ടാണ് അവര്‍ സമരം നടത്തുന്നത്.

സ്വസ്ഥമായി അന്തിയുറങ്ങുന്നതിനും ജോലി ചെയ്ത് ജീവിച്ചു പോകുന്നതിനുമുള്ള സാഹചര്യം വേണം... അത്ര മാത്രമേ അവര്‍ ആവശ്യപ്പെടുന്നൊള്ളൂ. അല്ലാതെ അദാനി മുതലാളി തരുന്ന കമ്മീഷന്റെ പങ്ക് വേണമെന്ന് അവര്‍ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. അതൊക്കെ അദാനിയുടെ അടുക്കളയിലെ പാത്രം കഴുകിക്കൊടുക്കുന്ന നിങ്ങള്‍ക്കുള്ളതാണ്.

തുറമുഖ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണമെന്ന ആവശ്യത്തില്‍ നിന്നും സമര സമിതി പിന്‍മാറാത്തതാണ് ഇപ്പോഴും സമരം നീണ്ടു പോകാന്‍ കാരണമെന്നാണ് സര്‍ക്കാരും തട്ടിക്കൂട്ട് സമരവിരുദ്ധ സമിതിയും ഇപ്പോള്‍ അഴിച്ചു വിടുന്ന പ്രചാരണം.

എന്നാല്‍ തുറമുഖ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണമെന്ന ആവശ്യം സമരക്കാര്‍ ഇതുവരെ ഉന്നയിച്ചിട്ടില്ല. നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തി വച്ച് പരിസ്ഥിതി, സാമൂഹ്യ ആഘാത പഠനം നടത്തണമെന്നും ആ സമിതിയില്‍ മത്സ്യത്തൊഴിലാളി പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്നും മാത്രമാണ് തുടക്കം മുതല്‍ സമര സമിതി ആവശ്യപ്പെട്ടു വരുന്നത്.

2018 ല്‍ തീരേണ്ട തുറമുഖ നിര്‍മ്മാണം ഇത്രയും നീണ്ടു പോയതില്‍ സര്‍ക്കാരിന് യാതൊരു പ്രശ്‌നമില്ല. അതിന്റെ ദുരന്തഫലം അനുഭവിക്കേണ്ടി വരുന്ന വലിയൊരു ജനവിഭാഗം ആഘാത പഠനമെന്ന ഗൗരവമുള്ള വിഷയം ഉന്നയിച്ചപ്പോള്‍ അതിനായി ഒരു മൂന്നു മാസം പോലും നിര്‍മ്മാണം നിര്‍ത്തി വയ്ക്കണമെന്ന് പറയാന്‍ വിപ്ലവ പാര്‍ട്ടിയുടെ ഭരണകൂടത്തിന് ഭയമാണ്. എന്നിട്ട് സമരത്തെ തകര്‍ക്കാന്‍ ഒന്നിനു പുറകേ മറ്റൊന്നായി ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നു.

സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികള്‍ വര്‍ഗീയ വാദികളോ, തീവ്രവാദികളോ ആണന്നു പറഞ്ഞാല്‍ കേരള സമൂഹം അംഗീകരിക്കില്ലെന്ന് സമരത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സിപിഎം നേതാക്കള്‍ക്ക് നന്നായറിയാം. അതിനായി അവര്‍ അദാനിയുടെ ആത്മ മിത്രങ്ങളായ ബിജെപിക്കാരെ കൂട്ടുപിടിച്ചു. 'ഈനാംപേച്ചിക്ക് കൂട്ട് മരപ്പട്ടി '... അല്ലാതെന്തു പറയാന്‍.

എന്നിട്ട് സമരക്കാര്‍ക്കിടയില്‍ തീവ്രവാദ ബന്ധമുള്ളവര്‍ നുഴഞ്ഞു കയറിയെന്നും വിദേശ പണം വരുന്നു എന്നുമൊക്കെയുള്ള പ്രചാരണങ്ങള്‍ അഴിച്ചു വിടുകയാണ്. ഇനി അവര്‍ പറയുന്നത് ശരിയാണന്നിരിക്കട്ടെ.

അങ്ങനെയെങ്കില്‍ വലിയൊരു ജനത നടത്തി വരുന്ന സമര പരിപാടികളില്‍ തീവ്രവാദ ബന്ധമുള്ളവര്‍ നുഴഞ്ഞു കയറിയിട്ടുണ്ടങ്കില്‍ സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ക്ക് പെട്ടന്നത് കണ്ടു പിടിക്കുക എളുപ്പമല്ല. ഇത്തരം സംഭവങ്ങള്‍ കണ്ടെത്താന്‍ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നും ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥ വൃന്ദങ്ങളുണ്ടല്ലോ. സംസ്ഥാന ഇന്റലിജന്‍സും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും പോലുള്ള രഹസ്യാന്വേഷണ ഏജന്‍സികള്‍ പിന്നെന്തിനാണ്?

സമര രംഗത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടങ്കില്‍ അവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിക്കാതെ സമരക്കാരെല്ലാം തീവ്രവാദികളും ദേശ ദ്രോഹികളുമാണന്ന് മന്ത്രിമാര്‍ അടക്കമുള്ളവര്‍ അടച്ചാക്ഷേപിക്കുന്നത് കെ.ടി ജലീലിനേയും കെ.പി ശശികലയേയും പോലെ ശ്വാസോച്ഛാസത്തില്‍ പോലും വര്‍ഗീയത ചീറ്റുന്ന വിഷപ്പാമ്പുകള്‍ക്ക് പത്തി വിടര്‍ത്തി ആടാനുള്ള അവസരമാണ് ഒരുക്കി കൊടുക്കുന്നത്.

കിട്ടിയ അവസരം മുതലെടുത്ത് ശശികല ഹിന്ദു ഐക്യവേദി മാര്‍ച്ചുമായി കളം നിറഞ്ഞപ്പോള്‍ കെ.ടി ജലീല്‍ പതിവ് പോലെ ഫെയ്‌സ്ബുക്ക് കലാപരിപാടികളിലൂടെയാണ് രംഗം കൊഴുപ്പിക്കുന്നത്. നിയന്ത്രണം വിട്ട ജലീല്‍ ഈ വിഷയത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ വരെ വീണ്ടും വലിച്ചിഴച്ച് ക്രൈസ്തവ സമൂഹത്തിന്റെ ക്ഷമ പരീക്ഷിക്കുകയാണ്.

എന്തായാലും ബദ്ധ വൈരികളായ ജലീലും ശശികലയും വിഴിഞ്ഞം സമരത്തിന്റെ പേരില്‍ കത്തോലിക്കാ സഭയിലെ മെത്രാന്‍മാരെയും വൈദികരെയും തുറങ്കലില്‍ അടയ്ക്കണമെന്ന കാര്യത്തില്‍ ഏക മനസാണ്.

നിലനില്‍പ്പിനായുള്ള മത്സ്യത്തൊഴിലാളികളുടെ സമരത്തെ ക്രൈസ്തവ സഭയുടെ സമരമായി ചിത്രീകരിച്ച് വര്‍ഗീയ ദ്രുവീകരണത്തിനുള്ള ശ്രമമാണ് സിപിഎമ്മും ബിജെപിയും അണിയറയില്‍ നടത്തുന്നത്. എന്നാല്‍ വിഴിഞ്ഞം സമരം സഭയുടെ സമരമല്ലെന്നും പക്ഷേ, സഭ എന്നും മത്സ്യത്തൊഴിലാളികള്‍ക്ക് ഒപ്പമായിരിക്കുമെന്നും സഭാ പിതാക്കന്‍മാര്‍ അര്‍ത്ഥ ശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്.

കാരണം നീതിക്കു വേണ്ടി പോരാടുന്ന ശബ്ദമില്ലാത്ത വലിയൊരു ജനതയാണ് കടലിന്റെ മക്കള്‍. അവരുടെ അതിജീവന സമരത്തിന്റെ ശബ്ദമാകാന്‍ ക്രൈസ്തവ സഭയ്‌ക്കെന്നല്ല, നന്മയുടെ ഉറവ വറ്റി ഊഷരമാകാത്ത ഹൃദയമുള്ള ഏതൊരു മനുഷ്യനുമാകണം.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.