വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനം അടുത്ത വര്‍ഷം ജനുവരി 31 മുതല്‍ ഫെബ്രുവരി അഞ്ച് വരെ നടക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. കോംഗോ, ദക്ഷിണ സുഡാന്‍ എന്നീ രാജ്യങ്ങളിലേക്കാണ് മാര്‍പ്പാപ്പ അപ്പസ്‌തോലിക സന്ദര്‍ശനം നടത്തുന്നത്. ആരോഗ്യ കാരണങ്ങളാല്‍ നീട്ടിവെച്ച യാത്രയുടെ പുനര്‍ക്രമീകരണം സംബന്ധിച്ച കാര്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് വത്തിക്കാന്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ജൂലൈയിലാണ് ആദ്യം യാത്ര നടത്താന്‍ തീരുമാനിച്ചിരുന്നത്.
ആഭ്യന്തര സംഘര്‍ഷം തുടരുന്ന കിഴക്കന്‍ കോംഗോയില്‍നിന്ന് അഭയാര്‍ഥികളായി മാറിയവരെയും അദ്ദേഹം സന്ദര്‍ശിക്കും. യാത്രാ ഷെഡ്യൂളിന്റെ ഭാഗമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഗോമാ നഗരം മാര്‍പാപ്പ സന്ദര്‍ശിക്കുകയില്ലെന്ന് വത്തിക്കാന്‍ പുറത്തിറക്കിയ, പുതുക്കിയ പ്രസ്താവനയില്‍ പറയുന്നു. അപ്പസ്‌തോലിക യാത്രയുടെ ലോഗോയും മുദ്രാവാക്യവും മുന്‍പ് പ്രസിദ്ധപ്പെടുത്തിയിരുന്നു. മാര്‍പാപ്പയുടെ ദക്ഷിണ സുഡാനിലേക്കുള്ള സന്ദര്‍ശനം 'സമാധാനത്തിന്റെ തീര്‍ത്ഥാടനം' ആയിരിക്കും. ഇരു രാജ്യങ്ങളിലെയും രാഷ്ട്രത്തലവന്മാരുടെയും ബിഷപ്പുമാരുടെയും ക്ഷണം സ്വീകരിച്ചാണ് പരിശുദ്ധ പിതാവിന്റെ സന്ദര്‍ശനം.
2011 ജൂലൈ ഒമ്പതിനാണ് റിപ്പബ്ലിക് ഓഫ് സുഡാനില്‍ നിന്ന് ദക്ഷിണ സുഡാന്‍ രാജ്യം സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. ലോകത്തിലെ ഏറ്റവും പുതിയ രാജ്യമായ ദക്ഷിണ സുഡാന്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ മാര്‍പാപ്പയാണ് ഫ്രാന്‍സിസ് പാപ്പാ. കിഴക്കന്‍-മധ്യ ആഫ്രിക്കയിലെ ഈ രാഷ്ട്രത്തില്‍ ഏകദേശം 11 ദശലക്ഷം ജനസംഖ്യയുണ്ട്. ഇവരില്‍ 37 ശതമാനം കത്തോലിക്കരാണ്. കോംഗോ ഏകദേശം 90 ദശലക്ഷം ജനസംഖ്യയുള്ള ഒരു മധ്യ ആഫ്രിക്കന്‍ രാജ്യമാണ്. അവരില്‍ പകുതിയും കത്തോലിക്കരാണ്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1980-ല്‍ സൈര്‍ എന്നറിയപ്പെട്ടിരുന്ന ഈ രാജ്യം സന്ദര്‍ശിച്ചു.
ഈ സന്ദര്‍ശനം ജൂലൈ ആദ്യം നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാല്‍മുട്ടിനുണ്ടായ പ്രശ്‌നങ്ങള്‍ കാരണം മാറ്റിവയ്ക്കുകയായിരുന്നു. മാര്‍പാപ്പ യാത്ര മാറ്റിവയ്ക്കേണ്ടി വന്നതിന് ക്ഷമാപണം നടത്തുകയും എത്രയും വേഗം പുനഃക്രമീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.