അന്റാർട്ടിക്കയിൽ ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ മഞ്ഞില്ലാതാകും: പുതിയ ആവാസവ്യവസ്ഥ ഉടലെടുക്കുമെന്നും ഗവേഷകർ

അന്റാർട്ടിക്കയിൽ ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ മഞ്ഞില്ലാതാകും: പുതിയ ആവാസവ്യവസ്ഥ ഉടലെടുക്കുമെന്നും ഗവേഷകർ

ബ്രിസ്‌ബൻ: ഭൂഗോളത്തിന്റെ തെക്കേയറ്റത്തുള്ള മഞ്ഞുമൂടിയ അന്റാർട്ടിക്കയിലെ ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റർ സ്ഥിരമായി മഞ്ഞ് രഹിതമാകാൻ പോകുന്നതായി ക്യൂൻസ്ലാൻഡ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ അന്റാർട്ടിക്കയുടെ പാരിസ്ഥിതി ഭാവി സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന ഗവേഷകർ. അന്റാർട്ടിക്കയുടെ ഒരു ശതമാനത്തിൽ താഴെ പ്രദേശം മാത്രമാണ് നിലവിൽ മഞ്ഞ് രഹിതമായിരിക്കുന്നത്.

എന്നിട്ടും പ്രദേശത്തിന്റെ തനതായ സസ്യങ്ങൾ, പായലുകൾ, ലൈക്കണുകൾ, ആൽഗകൾ, അകശേരുക്കൾ, മൃഗങ്ങൾ എന്നിവയുടെ ഭൂരിഭാഗവും അതിജീവിക്കുന്നത് ഇവിടെയാണ്. എന്നാൽ ഇപ്പോൾ മുതൽ ഈ നൂറ്റാണ്ടിന്റെ അവസാനം വരെ മിതമായ കാലാവസ്ഥാ വ്യതിയാനത്തിന് കീഴിൽ പോലും ഭൂഖണ്ഡത്തിൽ ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റർ സ്ഥിരമായി മഞ്ഞ് രഹിത ആവാസവ്യവസ്ഥയ്ക്ക് വഴിതുറക്കാൻ പോവുകയാണ്.

ഇതോടെ അന്റാർട്ടിക്കയിൽ കൂടുതൽ ശക്തിയോടെ മഴ പെയ്യും, സസ്യങ്ങൾ വളരും, കൂടുതൽ ശുദ്ധമായ വെള്ളം ഐസ് ഉരുകി പുറത്തുവരും, ശരാശരി താപനില മിതമായിത്തീരും കൂടാതെ മറ്റിടങ്ങളിലെന്നപോലെ തീവ്രമായ കാലാവസ്ഥാ മാറ്റങ്ങളും ഇവിടെ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഗ്ലോബൽ ചേഞ്ച് ബയോളജിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഗവേഷകർ പറയുന്നു.

ചില പെൻഗ്വിനുകളെ മാറ്റം ബാധിക്കും

കാലാവസ്ഥയിൽ ആവാസവ്യവസ്ഥയിലും മാറ്റം ഉണ്ടാകുന്നതോടെ മഞ്ഞുമൂടിയ ദക്ഷണധ്രുവത്തിലെ പ്രധാന താമസക്കാരായ ഏഴ് ഇനം പെൻഗ്വിനുകളിൽ ചിലത് നിലനിൽക്കുകയും മറ്റ് ചിലത് നശിക്കുകയും ചെയ്യുമെന്ന് ക്യൂൻസ്ലാൻഡ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ സെക്യൂറിംഗ് അന്റാർട്ടിക്കാസ് ഇൻവൈറൻമെൻറ്റൽ ഫ്യൂചറിൽ നിന്നുള്ള ജസ്റ്റിൻ ഡി ഷാ പറഞ്ഞു.


ബ്യൂഫോർട്ട് ദ്വീപിലെ അഡെലി പെൻഗ്വിനുകളെയും ഉപ-അന്റാർട്ടിക്കയിലെ തെക്കൻ ജോർജിയയിൽ കാണുന്ന കിംഗ് പെൻഗ്വിനുകളെയും പോലെ പടിഞ്ഞാറൻ അന്റാർട്ടിക്കയിലെ ജെന്റൂ പെൻഗ്വിനുകൾ ഇതിനകം തന്നെ മഞ്ഞുവീഴ്ചയ്ക്കനുസരിച്ച് പുതിയ ആവാസ വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതിൽ മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും ഡോ. ഷാ വ്യക്തമാക്കി.

സഹസ്രാബ്ദങ്ങളായി മഞ്ഞിനടിയിൽ തുടരുന്ന അന്റാർട്ടിക്കയിലെ മണ്ണ് സാധാരണയായി പോഷകക്കുറവുള്ളതും കൂടുതൽ ജീവൻ നിലനിർത്താൻ കഴിവില്ലാത്തതുമാണ്. എന്നാൽ പെൻഗ്വിന്റെ വിസർജ്യം നൈട്രജൻ, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളും ലോഹങ്ങളുടെ അംശവും നിറഞ്ഞതാണ്.

ആ രീതിയിൽ പെൻഗ്വിനുകൾ ഇക്കോസിസ്റ്റം എഞ്ചിനീയർമാരായി പ്രവർത്തിക്കുന്നു. പുതിയ ആവാസ വ്യവസ്ഥകളിലേക്ക് പെൻഗ്വിനുകൾ മുന്നേറുമ്പോൾ സസ്യങ്ങൾ, ലൈക്കൺ, പായലുകൾ എന്നിവ പോലുള്ളവയ്ക്ക് വളരാനുള്ള മണ്ണ് തയ്യാറാക്കാൻ ഇത് സഹായകരമാകുമെന്നും ഡോ. ഷാ വിശദീകരിച്ചു.

അതേസമയം എല്ലാ പെൻഗ്വിനുകൾക്കും അന്റാർട്ടിക്കയിലെ മാറ്റം ഉൾക്കൊള്ളാൻ കഴിയില്ല. എമ്പറർ അഥവാ ചക്രവർത്തി പെൻഗ്വിൻ പോലെയുള്ള ചില ഇനം പെൻഗ്വിനുകൾ പ്രജനനത്തിനും തീറ്റയ്ക്കും കടൽ മഞ്ഞിനെ ആശ്രയിക്കുന്നു. അവയ്ക്ക് ഈ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും ഡോ. ഷാ കൂട്ടിച്ചേർത്തു.

ചക്രവർത്തി പെൻ‌ഗ്വിൻ (ആപ്റ്റിനോഡൈറ്റ്‌സ് ഫോർസ്റ്ററി), കിംഗ് പെൻ‌ഗ്വിൻ (ആപ്റ്റിനോഡൈറ്റ്‌സ് പാറ്റഗോനൈക്കസ്), അഡെലി പെൻ‌ഗ്വിൻ (പൈഗോസെലിസ് അഡെലിയ), ചിൻസ്ട്രാപ്പ് പെൻ‌ഗ്വിൻ (പൈഗോസെലിസ് അന്റാർട്ടിക്ക), ജെന്റൂ പെൻ‌ഗ്വിൻ (പൈഗോസെലിസ് പപ്പുവ) ഗോൾഡൻ ക്രെസ്റ്റഡ് പെൻ‌ഗ്വിൻ (യൂഡിപ്റ്റസ് ക്രിസോലോഫസ്) സതേൺ റോക്ക്‌ഹോപ്പർ പെൻ‌ഗ്വിൻ (യൂഡിപ്റ്റസ് ക്രിസോകോം) എന്നിങ്ങനെ ഏഴ് ഇനം പെൻഗ്വിനുകളാണ് അന്റാർട്ടിക്കയിലും ഉപ അന്റാർട്ടിക്ക ദ്വീപുകളിലുമായി ഉള്ളത്.

അന്റാർട്ടിക്കയിൽ മരങ്ങൾ വളരുമോ?

അന്റാർട്ടിക്കയിൽ നിലവിൽ രണ്ട് ഇനം പൂച്ചെടികൾ മാത്രമേയുള്ളൂ. അന്റാർട്ടിക്ക് ഹെയർ ഗ്രാസും അന്റാർട്ടിക്ക് പേൾവോർട്ടുമാണ് ഈ ചെടികൾ. തെക്കേ അമേരിക്കയിൽ നിന്നുള്ള കാറ്റിനെയും മൃഗങ്ങളെയും ആശ്രയിച്ച് പതിനായിരക്കണക്കിന് വർഷങ്ങളായി ഇവ അന്റാർട്ടിക്കയിൽ വളരുന്നു.