ഗുജറാത്തില്‍ അവസാനഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

ഗുജറാത്തില്‍ അവസാനഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

ഗാന്ധിനഗർ: ഗുജറാത്ത് നിയമ സഭാ തിരഞ്ഞെടുപ്പിനുള്ള അവസാനഘട്ട വോട്ടെടുപ്പ് നാളെ. ശബ്ദ പ്രചരണം അവസാനിച്ചു. ഇന്ന് നിശബ്ദ പ്രചാരണമാണ്. വോട്ടർമാരെ ഒരിക്കൽക്കൂടി നേരിൽ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാർഥികൾ.

93 മണ്ഡലങ്ങളിലാണ് നാളെ വോട്ടിംഗ്. രണ്ടാം ഘട്ടത്തിന്റെ പരസ്യപ്രചാരണം അവസാനിക്കുമ്പോൾ തികഞ്ഞ വിജയപ്രതീക്ഷയിലാണ് ബിജെപിയും കോൺഗ്രസും. ആംആദ്മിയും ആത്മവിശ്വാസം പ്രകടമാക്കുന്നു. സ്വതന്ത്ര സ്ഥാനാർഥികൾ ഉൾപ്പടെ 833 പേരാണ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്നത്. റാലികളും പൊതു യോഗങ്ങളുമായി തിരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിച്ച ബിജെപി ഇന്നാണ് ഗൃഹ സന്ദർശന പ്രചരണ പരിപാടികൾക്ക് ഊന്നൽ നൽകുന്നത്.

തുടക്കം മുതലേ ഗൃഹ സന്ദർശന പരിപാടികളിലായിരുന്നു കോൺഗ്രസിന്റെ ശ്രദ്ധ. ബിജെപിയുടെ ഉറച്ച കോട്ടകളായ നഗര മണ്ഡലങ്ങളിലാണ് ആംആദ്മി പാർട്ടി കേന്ദ്രീകരിക്കുന്നത്. കോൺഗ്രസിന് സ്വാധീനമുള്ള വടക്കൻ ഗുജറാത്തിലെ മണ്ഡലങ്ങളിൽ പാട്ടീദാർ വിഭാഗത്തിന്റെ പിന്തുണയോടെ മുന്നേറ്റം നടത്താൻ കഴിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. തിങ്കളാഴ്ച 14 ജില്ലകളിലെ വോട്ടർമാർകൂടി ബൂത്തിലെത്തുന്നതോടെ ഒരു മാസത്തിലധികം നീണ്ട വാശിയേറിയ പോരാട്ടത്തിന് അന്ത്യമാവുകയാണ്. എട്ടിനാണ് വോട്ടെണ്ണൽ. 

അതേസമയം മോഡിയും അമിത്ത് ഷായും രാഹുൽ ഗാന്ധിയുമൊക്കെ നാടിളക്കി പ്രചരണം നടത്തിയിട്ടും ഒന്നാംഘട്ട വോട്ടെടുപ്പിൽ 63.14 % പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്.

രാവിലെ എട്ടിന് ആരംഭിച്ച പോളിംഗ് 11 മണി ആയപ്പോൾ 19.13 ശതമാനം രേഖപ്പെടുത്തിയിരുന്നു. ഉച്ചക്ക് ഒരു മണിയായപ്പോൾ 34 ശതമാനവും മൂന്ന് മണിയായപ്പോൾ 48.48 ശതമാനവും പോളിങ് രേഖപ്പെടുത്തി. വൈകുന്നേരം അഞ്ചുമണിക്ക് 56.88 ശതമാനം പോളിങും രേഖപ്പെടുത്തി.

സൗരാഷ്‌ട്ര കച്ച് മേഖലകളിലും തെക്കൻ ഗുജറാത്തിലുമായി പത്തൊൻപത് ജില്ലകളിലെ 89 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ (ബിജെപി) കോൺഗ്രസിന്റെ അമീ യാജ്‌നിക്ക്, ഹാർദിക് പട്ടേൽ (ബിജെപി), ഭരവാദ് ലഖാഭായ് ഭിഖാഭായി (കോൺഗ്രസ്) അടക്കമുള്ള 788 സ്ഥാനാർത്ഥികളാണ് ആദ്യ ഘട്ടത്തിൽ ജനവിധി തേടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.