വ്യോമയാന സുരക്ഷ: ചൈനയെ പിന്തള്ളി ചരിത്രത്തിലെ ഏറ്റവും മെച്ചപ്പെട്ട റാങ്കിങില്‍ ഇന്ത്യ

വ്യോമയാന സുരക്ഷ: ചൈനയെ പിന്തള്ളി ചരിത്രത്തിലെ ഏറ്റവും മെച്ചപ്പെട്ട റാങ്കിങില്‍ ഇന്ത്യ

ന്യൂഡല്‍ഹി: വ്യോമയാന സുരക്ഷാ റാങ്കിങ്ങില്‍ ചൈനയെയും ഡെന്‍മാര്‍ക്കിനെയും പിന്തള്ളി ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തി. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ സമഗ്ര സുരക്ഷാ ഓഡിറ്റില്‍ 48-ാം സ്ഥാനമാണ് ഇന്ത്യ കരസ്ഥമാക്കിയിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്ര മികച്ച സ്‌കോറിലേക്ക് ഇന്ത്യ നില മെച്ചപ്പെടുത്തുന്നത്. 

ഇതിന് മുന്‍പ് ഓഡിറ്റ് നടന്ന 2018ല്‍ 102-ാം സ്ഥാനമായിരുന്നു ഇന്ത്യയ്ക്ക്. നാല് വര്‍ഷത്തിനിടെയാണ് 54 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇന്ത്യ പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇന്ത്യക്ക് തൊട്ടുപിറകിലായി 49-ാം സ്ഥാനത്താണ് ചൈന. ഓഡിറ്റ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളുവെന്ന് ഡി.ജി.സി.ഐ. ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞു.

നിയമനിര്‍മ്മാണം, ഘടന, വ്യക്തിഗത ലൈസന്‍സിങ്, പ്രവര്‍ത്തനരീതികള്‍, ആകാശയാത്രയുടെ യോഗ്യത, വിമാനത്താവളങ്ങള്‍ എന്നീ മേഖലകളിലാണ് ഓഡിറ്റ് നടത്തിയത്. ഐക്യരാഷ്ട്രസംഘടനയുടെ സംഘം ഡല്‍ഹി വിമാനത്താവളം, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ട്രാഫിക് കണ്‍ട്രോള്‍, എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സി.എന്‍.എസ്. വിഭാഗം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യക്ക് മികച്ച റാങ്കിങ്.

സിങ്കപ്പൂര്‍, യു.എ.ഇ, ദക്ഷിണ കൊറിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ആദ്യനാല് സ്ഥാനങ്ങളില്‍. യു.എസ്. 22-ാമതും ഖത്തര്‍ 25-ാമതുമാണ്. ഓഡിറ്റിലെ ഉയര്‍ന്ന റാങ്കിങ് രാജ്യം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യോമയാന കമ്പനികള്‍ക്ക് പുതിയ സാധ്യതകള്‍ തുറുന്നു നല്‍കുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.