ന്യൂഡല്‍ഹി: സൗദി അറേബ്യയും പാകിസ്ഥാനും തമ്മില്‍ ഒപ്പ് വെച്ച തന്ത്രപരമായ പ്രതിരോധ കരാറിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍.
രാജ്യ സുരക്ഷയ്ക്ക് ഭീഷണി ആകുന്ന വിധത്തില്‍ എന്തെങ്കിലും കാര്യം കരാറിലുണ്ടോ എന്നാണ് പരിശോധിക്കുന്നതെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. എന്നാല്‍ കരാര്‍ ഏതെങ്കിലും രാജ്യത്തെ ലക്ഷ്യം വെച്ചല്ലെന്ന് സൗദിയും പ്രതികരിച്ചു.
കരാര്‍ പ്രത്യേക രാജ്യങ്ങളോടോ പ്രത്യേക സംഭവങ്ങളോടോ ഉള്ള പ്രതികരണമല്ല. ഇന്ത്യയുമായുള്ള ഞങ്ങളുടെ ബന്ധം ഇതുവരെയുള്ളതിനേക്കാള്‍ ശക്തമാണ്. ഈ ബന്ധം ഞങ്ങള്‍ വളര്‍ത്തിയെടുക്കുന്നത് തുടരുകയും കഴിയുന്ന വിധത്തില്‍ പ്രാദേശിക സമാധാനത്തിന് സംഭാവന നല്‍കാന്‍ ശ്രമിക്കുകയും ചെയ്യുമെന്ന് സൗദിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനത്തിനിടെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ കരാറില്‍ ഒപ്പ് വെച്ചത്. ഈ കരാര്‍ പ്രകാരം സൗദിയ്‌ക്കോ പാകിസ്ഥാനോ നേരെയുള്ള ഏത് ആക്രമണവും ഇരു രാജ്യങ്ങള്‍ക്കെതിരെയുള്ള നീക്കമായി കണക്കാക്കും.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനും ആക്രമണങ്ങള്‍ക്കെതിരെ സംയുക്ത പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും ഈ കരാറിലൂടെ ലക്ഷ്യമിടുന്നതായി സംയുക്ത പ്രസ്താവനയിലൂടെ ഇരു രാജ്യങ്ങളും അറിയിച്ചിരുന്നു.
എന്നാല്‍ ദീര്‍ഘകാലമായുള്ള ഇരു രാജ്യങ്ങളുടെയും പങ്കാളിത്തം, സാഹോദര്യം, ഇസ്ലാമിക ഐക്യം, തന്ത്രപരമായ താല്‍പര്യങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് കരാര്‍ നിര്‍മിച്ചതെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കരാറിനെ ഇന്ത്യ സൂഷ്മമായി നീരീക്ഷിച്ചു വരികയാണ്. ഈ കരാറിലൂടെ ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കും പ്രാദേശിക, ആഗോള സ്ഥിരതയ്ക്കുമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പഠിക്കും. ഇന്ത്യയുടെ ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സമഗ്രമായ സുരക്ഷ ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.