കൊച്ചി: കെ.സി.ബി.സി ശീതകാല സമ്മേളനത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കം. വിഴിഞ്ഞം വിഷയത്തില്‍ ഉള്‍പ്പടെ സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിക്കാനാണ് നീക്കം. രാവിലെ പത്തരയ്ക്ക് കെ.സി.ബി.സി സംയുക്ത യോഗം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിനാണ് ശീതകാല സമ്മേളനം ആരംഭിക്കുക.
സമ്മേളനത്തിന്റെ ആദ്യ സെഷനില്‍ തന്നെ വിഴിഞ്ഞം ചര്‍ച്ചയാകും. മറ്റ് കത്തോലിക്കാ സഭകളില്‍ നിന്ന് വിഴിഞ്ഞം സമരത്തിന് പിന്തുണ ലഭിച്ചില്ലെന്ന ആക്ഷേപം ഒരു വിഭാഗം ഉയര്‍ത്തുന്നതിനിടെയാണ് സമ്മേളനം. നിലവില്‍ ഉണ്ടായിരിക്കുന്ന സാമൂഹിക, രാഷ്ട്രീയ സാഹചര്യം കെ.സി.ബി.സി സമ്മേളനം വിലയിരുത്തും. ബഫര്‍സോണ്‍ അടക്കമുള്ള ആനുകാലിക വിഷയങ്ങളും ചര്‍ച്ചയാകും.
വിഴിഞ്ഞത്ത് നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് തലസ്ഥാനത്തെ ആത്മീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വിഴിഞ്ഞത്ത് എത്തിച്ചേരും. സമരങ്ങളിലെ ജനകീയ ആവശ്യങ്ങള്‍ പരിഹരിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
സംഘര്‍ഷത്തില്‍ പരിക്ക് പറ്റിയ മത്സ്യത്തൊഴിലാളികളെയും ഇവര്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് മുല്ലൂരില്‍ വിവിധ സംഘടനകളുടെ സമരപ്പന്തലുകള്‍ ദൗത്യ സംഘം സന്ദര്‍ശിക്കും. സംഘര്‍ഷത്തില്‍ പരുക്കേറ്റ പൊലീസുകാരെയും സന്ദര്‍ശിക്കും. രാഷ്ട്രീയ സാമൂഹിക സംഘടനകളെ സമാവായത്തില്‍ എത്തിക്കാനുള്ള ശ്രമവും നടക്കും.
ബിഷപ്പ് ഡോ. സൂസപാക്യം, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, ഓര്‍ത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസാനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, പാളയം ഇമാം ഡോ വി.പി സുഹൈബ് മൗലവി, മാര്‍ത്തോമ സഭ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ബിഷപ് ഡോ. മാര്‍ ബര്‍ണബാസ് മെത്രപ്പോലീത്ത, ഏകലവ്യ ആശ്രമം സ്വാമി അശ്വതി തിരുനാള്‍, മലങ്കര കത്തോലിക്ക സഭ സഹായ മെത്രാന്‍ ബിഷപ് യോഹന്നാന്‍ മാര്‍ പോളി കാര്‍പ്പസ്, ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ ഡോ. എന്‍ രാധാകൃഷ്ണന്‍, മുന്‍ അംബാസഡര്‍ ടി.പി ശ്രീനിവാസന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുളള സംഘമാണ് വിഴിഞ്ഞത്ത് എത്തിച്ചേരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.