രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ടെര്‍മിനല്‍ കൊച്ചി വിമാനത്താവളത്തില്‍; ഉദ്ഘാടനം ഡിസംബര്‍ 10ന്

രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ടെര്‍മിനല്‍ കൊച്ചി വിമാനത്താവളത്തില്‍; ഉദ്ഘാടനം ഡിസംബര്‍ 10ന്

കൊച്ചി: രാജ്യത്തെ തന്നെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ കൊച്ചി വിമാനത്താവളത്തില്‍. ഈ മാസം പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യും.

കൊച്ചി വിമാനത്താവളത്തിനൊപ്പം ടൂറിസം, ബിസിനസ് രംഗങ്ങളില്‍ കേരളത്തിന്റെയും മുഖഛായ മാറ്റാന്‍ പര്യാപ്തമായ സൗകര്യമായാണ് ബിസിനസ് ജെറ്റ് ടെര്‍മിനലിനെ സിയാല്‍ പരിഗണിക്കുന്നത്.

40,000 ചതുരശ്രയടിയാണ് ബിസിനസ് ജെറ്റ് ടെര്‍മിനലിന്റെ വിസ്തീര്‍ണം. അന്താരാഷ്ട്ര, ഡൊമസ്റ്റിക് ജെറ്റ് യാത്രികരെ സ്വാഗതം ചെയ്യാനാകുന്ന രീതിയിലാണ് നിര്‍മാണം. ഇത് കൊച്ചി വിമാനത്താവളത്തെ അന്താരാഷ്ട്ര അതിഥികളുമായി കൂടുതല്‍ അടുപ്പിക്കും.

നിലവില്‍ ഇന്ത്യയിലെ നാല് വിമാനത്താവളങ്ങളില്‍ ബിസിനസ് ജെറ്റ് ടെര്‍മിനലുകള്‍ ഉണ്ടെങ്കിലും ഇത്രയും വിശാലവും നേരിട്ട് അതിഥികളിലേക്ക് തുറക്കുന്നതുമായ ടെര്‍മിനല്‍ ഇന്ത്യയില്‍ ആദ്യമാണ്. ഇതാകട്ടെ താങ്ങാവുന്ന സര്‍വീസ് ഫീസില്‍ പ്രവര്‍ത്തിക്കുന്നതുമാണ്.

ഈ സേവനം ഉപയോഗിക്കുന്ന യാത്രികര്‍ക്ക് കുറവുകള്‍ ഒന്നും തോന്നാതെ ഇരിക്കാന്‍ സുസജ്ജമാണ് ബിസിനസ് ജെറ്റ് ടെര്‍മിനല്‍. സെക്യൂരിറ്റി ഒഴിവാക്കിയിട്ടുള്ള അതിഥികള്‍ക്ക് പ്രത്യേകം സേഫ് ഹൗസ് സംവിധാനം, അഞ്ച് വിപുലമായ ലൗഞ്ചുകള്‍, ഒരു ബിസിനസ് സെന്റര്‍, ഡ്യൂട്ടിഫ്രീ ഷോപ്, ഫോറിന്‍ എക്‌സ്‌ചേഞ്ച് കൗണ്ടര്‍, ഒരു ഹൈ എന്‍ഡ് വീഡിയോ കോണ്‍ഫറന്‍സിങ് റൂം എന്നിവയാണ് മുന്തിയ സൗകര്യങ്ങളില്‍പ്പെടുന്നത്.

പ്രൊഫഷണലായ ടെര്‍മിനല്‍ മാനേജ്‌മെന്റും പാസഞ്ചര്‍ ഹാന്‍ഡ്‌ലിങ് രീതികളും ബിസിനസ് ജെറ്റ് ടെര്‍മിനലില്‍ പ്രത്യേകം നടപ്പാക്കുന്നുണ്ട്. ഇത് യാത്രികര്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള യാത്രാ അനുഭവം നല്‍കുമെന്നാണ് സിയാല്‍ പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ നിര്‍മാണത്തിലും മികവ് പുലര്‍ത്തി. വെറും പത്ത് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കിയ പദ്ധതിക്ക് 30 കോടിരൂപ മാത്രമാണ് ചെലവായത്. എന്നാല്‍ അന്താരാഷ്ട്ര ഗുണനിലവാരവും ഉറപ്പാക്കാനായി.

ടെര്‍മിനലിനോട് ചേര്‍ന്നുതന്നെ വിമാനങ്ങളുടെ പാര്‍ക്കിങ് സാധ്യമാക്കുന്ന രീതിയിലാണ് ബിസിനസ് ജെറ്റ് ടെര്‍മിനലിന്റെ രൂപകല്‍പ്പന. കാറില്‍ വന്നെത്തുന്ന അതിഥികള്‍ക്ക് വെറും രണ്ട് മിനിറ്റില്‍ വിമാനത്തിലേക്ക് പ്രവേശിക്കാനാകും. ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ ദൂരമാണിത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.