ദുബായ്: യുഎഇയുടെ 51 മത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വ്യത്യസ്തമായ ക്യാംപെയിനുകള്‍ സംഘടിപ്പിച്ച് ദുബായ് ആരോഗ്യ- ഗതാഗതവകുപ്പുകള്‍. എന്‍റെ കുട്ടിയുടെ ദേശീയ ദിനസമ്മാനമെന്ന സന്ദേശത്തിലൂന്നി നടന്ന ക്യാംപെയിനിലൂടെ ദുബായിലെ ആശുപത്രികളിലെ നവജാത ശിശുക്കള്‍ക്ക് സൗജന്യ ബേബി കാർസീറ്റുകള്‍ നല്‍കി. വാഹനത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ബേബി കാർസീറ്റുകള്‍ ഉപയോഗിക്കാന്‍ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുകയാണ് ക്യാംപെയിന്‍ ലക്ഷ്യമിടുന്നത്. 23 ആശുപത്രികളിലായി 500 കാർ സീറ്റുകളാണ് നല്‍കിയത്.
അപകടമുണ്ടാകുമ്പോള്‍ കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി കാർ സീറ്റുകള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയെന്നുളളതാണ് ലക്ഷ്യമിട്ടതെന്ന് ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു. ഡ്രൈവിങ്ങിനിടെ കുട്ടികളെ മുൻസീറ്റിലിരുത്തുകയോ അവരുടെ രക്ഷിതാക്കളിൽ ആരെങ്കിലും അവരെ ആലിംഗനം ചെയ്യുകയോ ചെയ്യുന്നത് കുട്ടികളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണി ഉയർത്തുന്ന തെറ്റായ ശീലമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 10 വയസില്‍ താഴെയുളളവരും 140 സെന്‍റിമീറ്ററെങ്കിലും ഉയരമില്ലാത്ത കുട്ടികളും മുന്‍സീറ്റില്‍ ഇരിക്കരുതെന്ന് നിയമം അനുശാസിക്കുന്നു. നിയമം ലംഘിച്ചാല്‍ 400 ദിർഹമാണ് പിഴ.
ട്രാഫിക് അവബോധം പ്രചരിപ്പിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ഗതാഗതവകുപ്പിന്‍റെ പങ്കിനെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ ട്രാഫിക് കാമ്പെയ്‌ൻസ് ആൻഡ് അവേർനെസ് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ കേണൽ സലാഹ് അബ്ദുല്ല അൽ ഹമ്മദി പ്രശംസിച്ചു. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ദുബായ് പോലീസ്, ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ), യുനിസെഫ് എന്നിവയുമായി സഹകരിച്ച് എമിറേറ്റ്‌സ് ജനറൽ പെട്രോളിയമായ അൽ ഫുത്തൈം ഗ്രൂപ്പിന്‍റെ പിന്തുണയോടെയാണ് ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.