പെര്‍ത്ത്: അര്‍ബുദ രോഗത്തോടു പൊരുതി അകാലത്തില്‍ വിട്ടുപിരിഞ്ഞ ജോഷ്വാ സുബിയുടെ ഒന്നാം ചരമ വാര്‍ഷികം ഓസ്‌ട്രേലിയയിലെ പെര്‍ത്ത് സെന്റ് മേരീസ് കത്തീഡ്രലില്‍ ആചരിച്ചു. ഏറെ വൈകാരികമായിരുന്ന ചടങ്ങില്‍ നിരവധി പേരാണ് കൊച്ചു വിശുദ്ധന്‍ എന്നറിയപ്പെട്ടിരുന്ന ജോഷ്വാ സുബിയുടെ ഓര്‍മദിനത്തില്‍ പ്രണാമമര്‍പ്പിച്ചത്.
ഓസ്ട്രേലിയന്‍ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റല്ലോ അടക്കം ഓസ്ട്രേലിയയിലെ നിരവധി പുരോഹിതരും ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും വിശുദ്ധ കുര്‍ബാനയിലും അനുബന്ധ ചടങ്ങുകളിലും പങ്കെടുത്തു.
ജോഷ്വായുടെ മാതാപിതാക്കളായ ജയശ്രീയും സുബിയും ഏക സഹോദരന്‍ അമലും തിരഞ്ഞെടുത്ത വചനഭാഗമായിരുന്നു വിശുദ്ധബലി മധ്യേ വായിച്ചത്.
ജോഷ്വാ സുബിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്ത് സെന്റ് മേരീസ് കത്തീഡ്രലില്‍ ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റല്ലോയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചപ്പോള്‍.
ജോഷ്വായുടെ കുടുംബവുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റല്ലോയുടെ വചനസന്ദേശം ഏറെ വികാരനിര്‍ഭരമായിരുന്നു. തന്നെ പിതാവ് ഏല്‍പിച്ച ദൗത്യം പൂര്‍ത്തിയാക്കി മരണത്തിലേക്കു നടന്നടുക്കും മുമ്പ് ശിഷ്യന്മാര്‍ക്ക് വേണ്ടി യേശു നടത്തിയ പ്രാര്‍ത്ഥനയും വാഗ്ദാനവും ജോഷ്വായുടെ ജീവിതവുമായി ബന്ധിപ്പിച്ച് ആര്‍ച്ച് ബിഷപ്പ് വചനസന്ദേശം നല്‍കിയപ്പോള്‍ അതു ശ്രവിച്ചവര്‍ക്കെല്ലാം ജോഷ്വയുടെ വിയോഗം സ്വര്‍ഗീയ പിതാവിന്റെ മഹത്തായ ലക്ഷ്യത്തിന്റെ നേര്‍സാക്ഷ്യമായി അനുഭവപ്പെട്ടു.
'നാം അത്രയേറെ സ്‌നേഹിക്കുന്ന ഒരാളെ നഷ്ടപ്പെടുന്നത് എല്ലായ്‌പ്പോഴും ദുഖകരമാണ്. പ്രത്യേകിച്ച് വളരെ ചെറുപ്പത്തിലേ ഒരാളുടെ മരണം ഏറെ സങ്കടകരമാണ്. അതു ഹൃദയത്തില്‍ ശൂന്യത അവശേഷിപ്പിക്കുന്നു. ജീവന്‍ എന്നത് ഏറ്റവും വിലയേറിയ സമ്മാനമാണെന്ന് നമുക്കറിയാം. ഈ സമ്മാനം സന്തോഷത്തോടെയും ഉത്സാഹത്തോടെയും സ്വീകരിക്കാനും പൂര്‍ണമായി ജീവിക്കാനും ദൈവം നമ്മോട് ആവശ്യപ്പെടുന്നു. ചിലര്‍ക്ക് അസാധാരണമായ സമ്മാനം നല്‍കപ്പെടുന്നു. ജയശ്രീയും സുബിയും ആ സമ്മാനം സ്വീകരിച്ചു. വിശ്വാസത്തിലും സ്‌നേഹത്തിലും മാതൃകയായി ആ കുടുംബം അത്ഭുതകരമായി വളര്‍ന്നു.
ജോഷ്വാ സുബിയുടെ കല്ലറയ്ക്കു സമീപം മാതാപിതാക്കളായ ജയശ്രീക്കും സുബിക്കും സഹോദരന്‍ അമലിനും ഒപ്പം പെര്‍ത്ത് സെന്റ് ജോസഫ് സിറോ മലബാര്‍ ഇടവക വികാരി ഫാ. അനീഷ് ജെയിംസ്
ജോഷ്വയെ ഗുരുതരമായ രോഗം ബാധിച്ചിരുന്നു. നമ്മളെല്ലാവരെയും പോലെ അവനും പ്രാര്‍ത്ഥിക്കുകയും ഒരു അത്ഭുതം പ്രതീക്ഷിക്കുകയും ചെയ്തു. പക്ഷേ, രോഗശാന്തിക്കായുള്ള പ്രാര്‍ത്ഥനയ്ക്കൊപ്പം, ദൈവത്തോടുള്ള വലിയ സ്‌നേഹവും ഉണ്ടായിരുന്നു. അത് ആത്യന്തികമായി വലിയ വിശ്വാസത്തോടെ ദൈവത്തിന്റെ കരങ്ങളില്‍ സ്വയം ഏല്‍പ്പിക്കാന്‍ അവനെ പ്രാപ്തനാക്കി. ഇതാണ് യഥാര്‍ത്ഥ വിശ്വാസത്തിന്റെയും യഥാര്‍ത്ഥ ശിഷ്യന്റെയും അടയാളം. അല്ലാതെ പ്രായം കൊണ്ട് മാത്രം വരേണ്ട ഒന്നല്ല.
12 മാസം മുമ്പ് കത്തീഡ്രലില്‍ വച്ച് ജോഷ്വയുടെ അമ്മ പറഞ്ഞത് ആര്‍ച്ച് ബിഷപ്പ് ഓര്‍മിച്ചു. അവന്റെ ജന്മദിനത്തിന് തൊട്ടുമുമ്പ്, ജോഷ്വാ ചോദിച്ചു. എന്റെ ജന്മദിനത്തില്‍ ദൈവം എന്നെ സുഖപ്പെടുത്തുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ആ ജന്മദിനം തീര്‍ച്ചയായും ഇന്നാണ് - ജയശ്രീ വലിയ വിശ്വാസത്തോടെ പറഞ്ഞു. ജോഷ്വയെ അവന്റെ ജന്മദിനത്തില്‍ ദൈവം സുഖപ്പെടുത്തി. അവന്റെ വേദനയില്‍ നിന്നും കഷ്ടപ്പാടുകളില്‍ നിന്നും ദൈവം അവനെ മോചിപ്പിച്ചു. തന്റെ ജന്മദിനത്തിലായിരുന്നു ജോഷ്വായുടെ മരണം.
ധൈര്യവും അസാധാരണമായ വിശ്വാസവും കൊണ്ട് അടയാളപ്പെടുത്തിയ ജോഷിന്റെ ഹ്രസ്വ ജീവിതം ദൈവത്തിലുള്ള നമ്മുടെ സ്വന്തം വിശ്വാസം പുതുക്കാനുള്ള ക്ഷണമാണ്. പക്വതയുണ്ടെന്ന് കരുതുന്ന നമ്മില്‍ പലര്‍ക്കും മനസിലാക്കാന്‍ കഴിയാത്ത വിധത്തിലാണ് ജോഷ്വ ദൈവത്തെ മനസിലാക്കിയതെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
ജോഷ്വ ദൈവരാജ്യത്തിന്റെ സമാധാനത്തിലും സന്തോഷത്തിലും വിശ്രമിക്കട്ടെ. അവനു വേണ്ടിയുള്ള നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവത്തോടുള്ള നമ്മുടെ വിശ്വാസത്തിന്റെ ശക്തമായ അടയാളമാകട്ടെയെന്നും ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റല്ലോ പ്രാര്‍ത്ഥിച്ചു.
കുര്‍ബാനയ്ക്കായി മാതാപിതാക്കള്‍ തിരഞ്ഞെടുത്ത സുവിശേഷഭാഗം, ദൈവം തന്റെ പുത്രനായ യേശുക്രിസ്തുവിലൂടെ നമുക്കു നല്‍കിയ വാഗ്ദാനങ്ങളിലുള്ള അഗാധമായ വിശ്വാസവും പ്രത്യാശയും പ്രകടിപ്പിക്കുന്ന ഒന്നാണെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
വികാരി ജനറല്‍ റവ ഫാ. പീറ്റര്‍ വൈറ്റ്‌ലി, മോണ്‍സിഞ്ഞോര്‍ ബ്രയാന്‍ ഒ ലോഗ്ലിന്‍, ഫാ: റിച്ചാര്‍ഡ് റുത്കൗസ്‌കാസ്, പെര്‍ത്ത് വിന്‍സെന്‍ഷ്യന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. വര്‍ഗീസ് പാറയ്ക്കല്‍ വിസി, പെര്‍ത്ത് സെന്റ് ജോസഫ് സിറോ മലബാര്‍ ഇടവക വികാരി ഫാ. അനീഷ് ജെയിംസ് വി.സി, ഫാ. മനോജ് വി.സി, ഫാ. തോമസ് മാങ്കുന്നേല്‍ വി.സി, ഫാ. തോമസ് (വിന്‍സെന്‍ഷ്യന്‍ റിട്രീറ്റ് സെന്റര്‍), ഫാ ജോണ്‍ പള്ളിപ്പാടന്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കു മുന്‍പായി ഒപ്പീസ് നടന്നു.
ജോഷ്വാ സുബിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍
പെര്‍ത്ത് സെന്റ് ജോസഫ് സിറോ മലബാര്‍ പരിഷ് കാറ്റിക്കിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ അഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ജോഷ്വാ സുബി മെമ്മോറിയല്‍ ബൈബിള്‍ ക്വിസ് നടത്തി. പീറ്റര്‍ ജോയ്, ഐഫല്‍ തെരേസ് തോമസ്, ബെഞ്ചമിന്‍ ജോസഫ് എന്നിവര്‍ സമ്മാനാര്‍ഹരായി.
ചെറുപ്രായത്തില്‍തന്നെ അര്‍ബുദ രോഗം ജോഷ്വായെ ബാധിച്ചിരുന്നു. രോഗത്തിന്റെ അവസാന നാളുകളില്‍ അനിതര സാധാരണമായ സഹനശക്തിയും ദൈവഭക്തിയുമാണ് ഈ ബാലന്‍ പ്രകടിപ്പിച്ചിരുന്നത്. ഇത് ജോഷ്വായെ ശുശ്രൂഷിച്ചവരെയും സന്ദര്‍ശിക്കാനെത്തിയവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. രോഗതീവ്രതയാല്‍ വിഷമിക്കുമ്പോഴും തന്റെ ചുറ്റുമുള്ളവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാനും അവരെ ആശ്വസിപ്പിക്കാനുമാണ് ജോഷ്വാ ശ്രമിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.