നിയമസഭാ കക്ഷി യോഗത്തില്‍ ധാരണയായില്ല; ഹിമാചലില്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും

നിയമസഭാ കക്ഷി യോഗത്തില്‍ ധാരണയായില്ല; ഹിമാചലില്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും

ന്യൂഡല്‍ഹി: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചുമതല ഹൈക്കമാന്‍ഡിന്. വെള്ളിയാഴ്ച്ച ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. പ്രതിഭാ സിങ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശമുന്നയിച്ച് രംഗത്തെത്തിയതോടെയാണ് നാടകീയ രംഗങ്ങള്‍ക്ക് സംസ്ഥാനം സാക്ഷ്യം വഹിച്ചത്.

കോണ്‍ഗ്രസിന്റെ വിജയാഹ്ലാദം അവസാനിക്കുന്നതിന് മുമ്പേ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോര് മുറുകിയിരുന്നു. ഈ സാഹചര്യത്തിലാണ് നിര്‍ണായക നിയമസഭാ കക്ഷി യോഗം ചേര്‍ന്നത്. ഷിംലയില്‍ നടന്ന യോഗത്തില്‍ 40 എംഎല്‍എമാരും പങ്കെടുത്തു.

മുഖ്യമന്ത്രിയാരാകണമെന്നതില്‍ ആദ്യഘട്ട ചര്‍ച്ചകളാണ് യോഗത്തില്‍ നടന്നത്. എഐസിസി നിരീക്ഷകരായ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍, ഭൂപീന്ദര്‍ ഹൂഡ, രാജീവ് ശുക്ല എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.

മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്ന പ്രമേയം യോഗത്തില്‍ പാസാക്കി. പ്രചാരണ ചുമതലയുള്ള മുന്‍ പിസിസി അധ്യക്ഷന്‍ സുഖ് വീന്ദര്‍ സിങ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണനയിലുണ്ടായിരുന്നത്.

പിന്നാലെയാണ് പിസിസി പ്രസിഡന്റ് പ്രതിഭാ സിങ് അവകാശവാദമുന്നയിച്ച് രംഗത്തെത്തിയത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങിന്റെ ഭാര്യയായ പ്രതിഭ കുടുംബ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് സമ്മര്‍ദ്ദം ശക്തമാക്കുന്നത്.

എന്നാല്‍ മകനും എംഎല്‍എയുമായ വിക്രമാദിത്യ സിങിന് കാര്യമായ പദവി കിട്ടാനാണ് സമ്മര്‍ദ്ദമെന്ന് കോണ്‍ഗ്രസ് കരുതുന്നു. പ്രതിഭയ്ക്ക് മുഖ്യമന്ത്രിസ്ഥാനത്തെത്താന്‍ എംപി സ്ഥാനം രാജി വയ്‌ക്കേണ്ടി വരും. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡിന്റെയും പ്രിയങ്ക ഗാന്ധിയുടെയും നിലപാട് നിര്‍ണായകമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.