കോംഗോയില്‍ സ്ത്രീകള്‍ നേരിടുന്നത് കടുത്ത ചൂഷണം; മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തില്‍ പ്രതീക്ഷയെന്ന് നോബല്‍ സമ്മാന ജേതാവ്

കോംഗോയില്‍ സ്ത്രീകള്‍ നേരിടുന്നത് കടുത്ത ചൂഷണം; മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തില്‍ പ്രതീക്ഷയെന്ന് നോബല്‍ സമ്മാന ജേതാവ്

സമാധാനത്തിനുള്ള നോബല്‍ സമ്മാനജേതാവ് ഡോക്ടര്‍ ഡെന്നിസ് മുക്വേഗെ മാര്‍പ്പാപ്പയെ സന്ദര്‍ശിക്കുന്നു

വത്തിക്കാന്‍ സിറ്റി: കോംഗോയില്‍ സ്ത്രീകള്‍ നേരിടുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളിലേക്കു വെളിച്ചം വീശാനും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇതേക്കുറിച്ച് സംസാരിക്കാനും ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനം സഹായിക്കുമെന്ന് കോംഗോയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റും നോബല്‍ സമ്മാന ജേതാവുമായ ഡെനിസ് മുക്വേഗെ. വത്തിക്കാനില്‍ മാര്‍പ്പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഡെനിസ് മുക്വേഗെ പ്രതീക്ഷ പങ്കിട്ടത്. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ. ഡെനിസ് മുക്വേഗെയ്ക്ക് 2018 ലാണ് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത്.

വിമതര്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കുന്ന സ്ത്രീകളെ ചികിത്സിച്ച് അവര്‍ക്ക് വേണ്ടിയുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളിലാണ് ഡെനിസ് മുക്വേെഗ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്ക് (ഡിആര്‍സി) അപ്പസ്‌തോലിക സന്ദര്‍ശനം നടത്താന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഈ സ്വകാര്യ സന്ദര്‍ശനം. മാര്‍പാപ്പയുടെ സന്ദര്‍ശനം, കോംഗോയില്‍ എന്താണ് സംഭവിക്കുന്നതെന്ന് കൂടുതല്‍ അറിയാന്‍ അന്താരാഷ്ട്ര സമൂഹത്തെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുക്വേഗെ പറഞ്ഞു.

ഇറ്റാലിയന്‍ നഗരമായ നേപ്പിള്‍സില്‍നിന്നാണ് ഡോ. മുക്വേഗെ വത്തിക്കാനിലെത്തിയത്. ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകളെ ചികിത്സിക്കുന്ന കോംഗോയിലെ ബുക്കാവുവിലുള്ള പാന്‍സി ആശുപത്രിക്ക് ലഭിച്ച അവാര്‍ഡ് സ്വീകരിച്ചശേഷമായിരുന്നു മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച്ച.

ആഫ്രിക്കന്‍ രാജ്യമായ കോംഗോയുടെ കിഴക്കന്‍ മേഖലയില്‍ സായുധ വിമതഗ്രൂപ്പുകള്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കിടയില്‍, മുക്വേഗെ 1999-ലാണ് തന്റെ ജന്മനാടായ ബുക്കാവുവില്‍ ആശുപത്രി സ്ഥാപിച്ചത്. അവിടെ ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും ഇരകളായ ആയിരക്കണക്കിന് സ്ത്രീകളെയും പെണ്‍കുട്ടികളെയും ശുശ്രൂഷിക്കുന്നു.

'അയല്‍രാജ്യമായ റുവാണ്ടയില്‍ നിന്നുള്ള പിന്തുണയോടെ ഗറില്ലകള്‍ കോംഗോക്കാരെ കൂട്ടക്കൊല ചെയ്യുകയാണ്. ഇതു മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ മാനുഷിക പ്രതിസന്ധി വര്‍ദ്ധിച്ചുവരികയാണ്. ആറ് ദശലക്ഷം ആളുകള്‍ ഇപ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ടു. അവര്‍ ഭവനരഹിതരും ഭക്ഷണവുമില്ലാത്തവരുമായി ദുരിതത്തില്‍ കഴിയുന്നു' - മുക്വേഗെ പറഞ്ഞു.

തന്റെ വൈദ്യശാസ്ത്ര പരിജ്ഞാനം യുദ്ധം, അഭ്യന്തരകലാപം, ലൈംഗികപീഡനങ്ങള്‍ എന്നിവയ്ക്കു വിധേയരായ വനിതകളുടെയും കുട്ടികളുടെയും സഹായത്തിനായി തിരിച്ചുവിട്ടതോടെയാണ് ഡെനിസ് മുക്വേഗെയെ ലോകം തിരിച്ചറിഞ്ഞത്.

ഗറില്ലകള്‍ ദിവസേന സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു, അവര്‍ ഈ ലൈംഗിക അതിക്രമം ഉന്മൂലനത്തിന്റെ ഉപകരണമായും ഉപയോഗിക്കുന്നു. കാരണം ഇതിന് ഇരകളെ വന്ധ്യമാക്കുക എന്ന ലക്ഷ്യവും കൂടിയുണ്ട്.

പാന്‍സി ഹോസ്പിറ്റലിന് അടുത്തായി ഇരകള്‍ക്കും അവരുടെ കുട്ടികള്‍ക്കുമായി അഭയകേന്ദ്രവുമുണ്ട്. സ്ത്രീകള്‍ ഇവിടെ തയ്യലും നെയ്ത്തും മറ്റ് ജോലികളും പഠിച്ച് സ്വയം പര്യാപ്തരാകുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.