ഓപ്പറേഷന്‍ ലോട്ടസില്‍ കുടുങ്ങി ആം ആദ്മിയും; ഗുജറാത്തില്‍ ജയിച്ച എഎപി എംഎല്‍എമാരെ ലക്ഷ്യമിട്ട് ബിജെപി

ഓപ്പറേഷന്‍ ലോട്ടസില്‍ കുടുങ്ങി ആം ആദ്മിയും; ഗുജറാത്തില്‍ ജയിച്ച എഎപി എംഎല്‍എമാരെ ലക്ഷ്യമിട്ട് ബിജെപി

അഹമ്മദാബാദ്: ഗുജറാത്തില്‍ ഓപ്പറേഷന്‍ ലോട്ടസില്‍ കുടുങ്ങി ആം ആദ്മിയും. അഞ്ചു സീറ്റില്‍ ജയിച്ച എഎപി എംഎല്‍എമാരെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ബിജെപി ശ്രമം നടത്തുന്നതായാണ് പുറത്തുവരുന്ന വിവരം. ജുനാഗഡ് ജില്ലയിലെ വിശ്വദര്‍ മണ്ഡലത്തില്‍നിന്നു ജയിച്ച എഎപി എംഎല്‍എ ഭൂപത് ഭയാനിയെ ഏജന്റുമാര്‍ സമീപിച്ചതായി ഇതിനകം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 

ഭൂപത് ഭയാനിയ ഇത് സമ്മതിച്ചിട്ടില്ല. ബിജെപിയിലേക്ക് താന്‍ പോകില്ലെന്ന് ഉറച്ച് പറയുമ്പോഴും ജനഹിതത്തിനനുസരിച്ച് നില്‍ക്കുമെന്ന് അദ്ദേഹം നിലപാടെടുത്തു. ജനം ബിജെപിക്ക് ഒപ്പം നില്‍ക്കാനാണ് പറയുന്നതെങ്കില്‍ അങ്ങനെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ ജനം അങ്ങനെ പറയില്ലെന്നാണ് തന്റെ വിശ്വാസം. ജനഹിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കാനാണ് താന്‍ താല്‍പര്യപ്പെടുന്നതെന്നും ഭയാനിയ പറഞ്ഞു. 

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെങ്കിലും 12.92% വോട്ട് ഷയറോട് അഞ്ച് സീറ്റില്‍ എഎപി സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നു. ഈ അഞ്ചുപേരും ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്തകളും ഇതിനിടെ പരക്കുന്നുണ്ട്. ഭൂപത് ഭയാനിക്കു പുറമേ ദെദിയാപദ മണ്ഡലത്തില്‍നിന്നു ജയിച്ച ചൈതര്‍ വാസവ, ജംജോധ്പുരില്‍നിന്നു ജയിച്ച ഹേമന്ത് ഖാവ, ബോട്ടാഡ് മണ്ഡലത്തില്‍നിന്നു ജയിച്ച ഉമേഷ് മകവാന, ഗരിയാധറില്‍നിന്നു ജയിച്ച സുധീര്‍ വഘാനി എന്നീ നാലു എഎപി എംഎല്‍എമാരും ബിജെപിയുമായി നിരന്തരം സമ്പര്‍ക്കത്തിലാണെന്നാണു വിവരം. 

ഇവരുടെ ബിജെപി പ്രവേശനവും വൈകാതെ ഉണ്ടാകുമെന്നു അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ മൂന്ന് എംഎല്‍എമാര്‍ ബിജെപി സീറ്റ് നിഷേധിച്ചതിനു പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.