എം.വി ഗോവിന്ദന്റെ ലീഗ് പ്രസ്താവന മൂലം യുഡിഎഫില്‍ ഐക്യം ശക്തമായി: വിമര്‍ശനവുമായി കാനം

എം.വി ഗോവിന്ദന്റെ ലീഗ് പ്രസ്താവന മൂലം യുഡിഎഫില്‍ ഐക്യം ശക്തമായി:  വിമര്‍ശനവുമായി കാനം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മുസ്ലിം ലീഗ് പ്രശംസക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലീഗിന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട അത്യാവശ്യം എല്‍ഡിഎഫിനില്ലെന്നാണ് കാനത്തിന്റെ പ്രതികരണം.

ലീഗ് ഇപ്പോഴും യുഡിഎഫില്‍ ഉറച്ചു നില്‍ക്കുന്ന പാര്‍ട്ടിയാണ്. അത് അവര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഏത് സാഹചര്യത്തിലാണ് അങ്ങനെയൊരു പ്രസ്താവന എം.വി ഗോവിന്ദന്‍ നടത്തിയതെന്ന് അറിയില്ല. സിപിഎമ്മും സിപിഐയും തമ്മില്‍ ഈ വിഷയത്തില്‍ ആശയ വിനിമയം നടത്തിയിട്ടില്ല. എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിക്കേണ്ട വിഷയമില്ലെന്നും അദ്ദേഹം പറഞ്ഞു.

എം.വി ഗോവിന്ദന്റെ പ്രസ്താവനയും തുടര്‍ന്നുള്ള ചര്‍ച്ചകളും യുഡിഎഫിലെ പാര്‍ട്ടികള്‍ തമ്മില്‍ ഐക്യം ശക്തമാക്കുകയാണ് ചെയ്തത്. ചില പ്രസ്താവനകള്‍ക്ക് നെഗറ്റീവ് ആയിട്ടുള്ള ഫലവും അനുകൂലമായിട്ടുള്ള ഫലവുമുണ്ടാകും. ഇതില്‍ ഏതാണ് ഇപ്പോഴുണ്ടായതെന്ന് കാലം തെളിയിക്കട്ടെയെന്നും കാനം പറഞ്ഞു.

'ജനങ്ങള്‍ നമ്മളെ കാണുന്നുണ്ടെന്ന കാര്യം മറന്നു പോകരുത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മുന്‍കാലത്ത് എടുത്തിട്ടുള്ള നിലപാടുകള്‍ ജനങ്ങളുടെ മനസിലുണ്ടാകും. താല്‍ക്കാലിക ലാഭത്തിന് വേണ്ടി എടുക്കുന്ന നിലപാടുകള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷം ചെയ്യുകയില്ലെന്ന് ഉറപ്പു പറയാന്‍ നമുക്ക് പറ്റുമോ? അതുകൊണ്ട് അതെല്ലാം വളരെ സൂക്ഷിച്ച് ചെയ്യേണ്ട കാര്യങ്ങളാണ്'- കാനം പറഞ്ഞു.

'മുസ്ലിം ലീഗ് മതനിരപേക്ഷ നിലപാടെടുക്കുന്ന പാര്‍ട്ടി ആയിരുന്നു എന്നു പറയുന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. പക്ഷേ, ബാബറി മസ്ജിദ് തകര്‍ത്ത ശേഷം പഴയ നിലപാടില്‍ നിന്ന് ലീഗ് പടിപടിയായി മാറിപ്പോകുന്നത് കാണാന്‍ പറ്റും.

എന്നാല്‍ എസ്ഡിപിഐ പോലെ മറ്റൊരു വര്‍ഗീയ കക്ഷിയായി ആരും ലീഗിനെ കാണുന്നില്ല. തീവ്രവാദ പ്രസ്ഥാനങ്ങളെയൊക്കെ ഒരുമിപ്പിക്കാനും അവര്‍ ഇടക്കാലത്ത് ചില നിലപാടുകള്‍ സ്വീകരിച്ചിരുന്നു. അതൊന്നും ഇല്ലെന്ന് അവരാണ് ആദ്യം പറയേണ്ടതെന്നും സിപിഐ നേതാവ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.