ഗോളടിച്ചും ഗോളടിപ്പിച്ചും പ്ലേമേക്കറായി ഉയർന്ന് മെസി; ക്രൊയേഷ്യയെ നിഷ്പ്രഭമാക്കി അർജന്‍റീന ഫൈനലില്‍

ഗോളടിച്ചും ഗോളടിപ്പിച്ചും പ്ലേമേക്കറായി ഉയർന്ന് മെസി; ക്രൊയേഷ്യയെ നിഷ്പ്രഭമാക്കി അർജന്‍റീന ഫൈനലില്‍

പന്ത് കാല്‍വശം വയ്ക്കുന്ന സമയത്തിന്‍റെ ശതമാനകണക്കും പാസുകളുടെ എണ്ണക്കൂടുതലുമല്ല, മറിച്ച് പന്ത് ലഭിക്കുമ്പോള്‍ ഭാവനാസമ്പന്നമായ നീക്കങ്ങളിലൂടെ ചടുലതയോടെ എതിർ ഗോള്‍വല ചലിപ്പിക്കുന്ന വൈദഗ്ധ്യമാണ് മത്സരത്തിന്‍റെ ഫലം നിശ്ചയിക്കുന്നത് എന്ന ഫുട്ബോള്‍ സൗന്ദര്യശാസ്ത്രത്തിന്‍റെ നേർ സാക്ഷ്യമായിരുന്നു അർജന്‍റീന ക്രൊയേഷ്യ ആദ്യ സെമി ഫൈനല്‍ പോരാട്ടം. മെസിയുടെ പെനാല്‍റ്റി ഗോളിലൂടെ തുടക്കമിട്ട സ്കോറിംഗ് ജൂലിയന്‍ അല്‍വാരസിന്‍റെ ഇരട്ട ഗോളോടെ സമ്പൂർണ്ണമായി.

മത്സരത്തിനു മുന്‍പ് രണ്ടു വ്യാഖ്യാനങ്ങള്‍ ഉണ്ടായിരുന്നു. അർജന്‍റീനയുടെ നായകന്‍ ലയണല്‍ മെസിയും ക്രോട്ടുകളുടെ നായകന്‍ ലുക്കാ മോഡ്രിച്ചും തമ്മിലുളള പോരാട്ടം എന്നതായിരുന്നു ഏറ്റവും പ്രധാനം. ഫുട്ബോള്‍ അടിസ്ഥാനപരമായി ഒരു ടീം ഗെയിമാണ്. ചിലപ്പോഴൊക്കെ വ്യക്തിഗത മികവ് മത്സരഫലം നിശ്ചയിക്കാറുണ്ടെങ്കിലും സഹതാരങ്ങളുടെ പിന്തുണയില്ലാതെ സ്കോർ ചെയ്യുന്നത് ദുഷ്കരമാണ്. ആ അർത്ഥത്തില്‍ രണ്ടു ടീമുകള്‍ തമ്മിലുളള പോരാട്ടത്തെ രണ്ടു വ്യക്തികള്‍ തമ്മിലുളള മത്സരം എന്ന രീതിയില്‍ ചുരുക്കുന്നതിനെ അംഗീകരിക്കുന്നില്ല. എങ്കിലും മത്സരത്തില്‍ മോഡ്രിച്ചിന്‍റെ തന്ത്രങ്ങളെ അതിജീവിക്കാന്‍ മെസിക്ക് സാധിച്ചുവെന്നത് യാഥാർത്ഥ്യം മാത്രം.

മറ്റൊന്ന് ഗോള്‍ കീപ്പർമാർ തമ്മിലുളള മത്സരം എന്നതായിരുന്നു. ക്രൊയേഷ്യന്‍ ഗോള്‍കീപ്പർ ഡൊമിനിക് ലിവാക്കോവിച്ചും അർജന്‍റീനയുടെ ഗോള്‍കീപ്പർ എമിലിയാനോ മാർട്ടിനെസും ഇതുവരെയുളള മത്സരങ്ങളില്‍ മികച്ച സേവുകള്‍ നടത്തിയവരാണ്. നാല് പെനാല്‍റ്റി കിക്കുകള്‍ തടഞ്ഞതിന്‍റെ മികവുമായാണ് ലിവാക്കോവിച്ച് മെസിയേയും കൂട്ടരേയും തടയാനെത്തിയത്. എന്നാല്‍ അദ്ദേഹത്തിന് മൂന്ന് ഗോളുകള്‍ വഴങ്ങേണ്ടി വന്നു. മറുഭാഗത്ത് എമിലിയാനോ മാർട്ടിനെസ് ഭൂരിഭാഗം സമയത്തും 'തൊഴില്‍ രഹിത'നായിരുന്നു. ഗോള്‍ പോസ്റ്റ് ലക്ഷ്യം വച്ച് രണ്ടു ഷോട്ടുകള്‍ മാത്രമാണ് ക്രൊയേഷ്യയുടെ ഭാഗത്ത് നിന്നുണ്ടായത്. ഈ രണ്ട് താരതമ്യങ്ങളിലും അർജന്‍റീനയാണ് മികച്ചു നിന്നത്. എന്നാല്‍ ക്രൊയേഷ്യയുടെ മധ്യനിര നിയന്ത്രിച്ച ലുക്കാ മോഡ്രിച്ചിന്‍റെ ഒറ്റയാള്‍ പോരാട്ടം എടുത്തുപറയാതെ വയ്യ. 37 കാരനായ ലുക്കാ മോഡ്രിച്ചിന്‍റെ മികവിലായിരുന്നു ആദ്യ പകുതിയില്‍ ക്രൊയേഷ്യ മികച്ച നീക്കങ്ങള്‍ നടത്താനുളള തുടക്കമിട്ടത്. എന്നാല്‍ ഫിനിഷറുടെ പോരായ്മ ലുക്കാ മോഡ്രിച്ചിനും സംഘത്തിനും തിരിച്ചടിയായി.

പതിഞ്ഞ താളത്തിലായിരുന്നു മത്സരത്തിന്‍റെ തുടക്കം. മെസിയെ സ്വതന്ത്രനായി കളിക്കാന്‍ അനുവദിക്കാതിരിക്കുകയെന്ന ക്രൊയേഷ്യന്‍ തന്ത്രം ആദ്യ പകുതിയില്‍ ‍ഏറെക്കുറെ വിജയിച്ചുവെന്നു തന്നെ പറയാം. എന്നാല്‍ ജൂലിയന്‍ അല്‍വാരസ് എന്ന പ്രതിഭാശാലിയായ അർജന്‍റീനിയന്‍ താരം തുടർച്ചയായി ക്രൊയേഷ്യന്‍ പ്രതിരോധ മതില്‍ ഭേദിക്കുന്നത് അവർക്ക് തലവേദനയായി. അല്‍വാരസിനെ ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി മെസി ഗോളാക്കി മാറ്റിയതോടെ ക്രൊയേഷ്യ മാനസികമായി തകരുന്നതിന്‍റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി. ഇതു മറികടക്കാനാണ് പരിശീലകന്‍ ഡാലിച്ച് രണ്ടാം പകുതിയില്‍ സുപ്രധാനമായ സബ്സ്റ്റിറ്റ്യൂഷനുകള്‍ നടത്തിയത്. അല്‍വാരസ് രണ്ടാം ഗോള്‍ നേടിയതോടെ അർജന്‍റീനയുടെ മുന്നേറ്റ നിരയെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന കാര്യത്തില്‍ ക്രോട്ടുകളുടെ ഇടയില്‍ ആശയക്കുഴപ്പമുണ്ടായി. ഇതു മുതലെടുത്ത് അല്‍വാരസും മെസിയും നടത്തിയ സംയുക്ത നീക്കമാണ് മൂന്നാം ഗോളില്‍ കലാശിച്ചത്.

സൗദി അറേബ്യയോട് ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതിനു ശേഷം ഓരോ മത്സരത്തിലും ക്രമാനുഗതമായ പുരോഗതി കൈവരിക്കാന്‍ അർജന്‍റീനയ്ക്ക് സാധിച്ചിട്ടുണ്ട്. ടീമിന്‍റെ ആവശ്യാനുസരണം സ്വന്തം പൊസിഷന്‍ ക്രമീകരിക്കാനും വിംഗുകള്‍ മാറിക്കളിക്കാനുമുളള മെസിയുടെ തന്ത്രം അർജന്‍റീനയുടെ മുന്നേറ്റത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വൈദഗ്ധ്യമുളള ഒരു കളിക്കാരന്‍ എന്ന നിലയില്‍ നിന്ന് മത്സരം നിർണയിക്കുന്ന പ്ലേ മേക്കർ എന്ന തലത്തിലേക്കുളള മെസിയുടെ ഉയർച്ചയ്ക്കാണ് ഖത്തർ ലോകകപ്പ് സാക്ഷ്യം വഹിക്കുന്നത്. കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും ലയണല്‍ മെസി തന്നെയാണ്. തന്‍റെ ലോകകപ്പ് ഗോള്‍ നേട്ടം പതിനൊന്നായി ഉയർത്തിയ മെസി, അർജന്‍റീനയ്ക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ബഹുമതി ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയില്‍ നിന്ന് ഏറ്റെടുത്തു. 25 ആമത്തെ ലോകകപ്പ് മത്സരം കളിച്ച മെസി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന ജർമ്മന്‍ താരം ലോഥർ മതേയൂസിന്‍റെ റെക്കോർഡിനൊപ്പം എത്തുകയും ചെയ്തു.

എല്ലാ അർത്ഥത്തിലും ഇതിഹാസ താരം ഡീഗോ മറഡോണയുടെ പിന്‍ഗാമിയാകാന്‍ ചരിത്രം മെസിക്ക് മുന്നില്‍ ഒരു അവസരം നല്‍കിയിരിക്കുകയാണ് ഈ മാസം 18 ന് നടക്കുന്ന കലാശപ്പോരാട്ടം. ഒരു കാര്യം കൂടി കുറിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം. സമകാലിക ഫുട്ബോളിലെ മാത്രമല്ല ലോകത്തെ എക്കാലത്തേയും മികച്ച രണ്ട് ഫുട്ബോള്‍ താരങ്ങളാണ് ലയണല്‍ മെസിയും പോർച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. 37 കാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്‍റെ അവസാന ലോകകപ്പ് മത്സരത്തില്‍ ആദ്യ പ്ലെയിംഗ് ഇലവനില്‍ പോലും സ്ഥാനം ലഭിക്കാതെ അപമാനിക്കപ്പെട്ടത് കാല്‍പ്പന്ത് പ്രേമികളുടെ മനസില്‍ ഒരു മുറിവായി അവശേഷിക്കും.

ഗോണ്‍സാലോ റാമോസ് ഉള്‍പ്പടെയുളള യുവതാരങ്ങളെ ഉള്‍പ്പെടുത്തിയാണ് പരിശീലകന്‍ ഫെർണാണ്ടോ സാന്‍റോസ് ലോകകപ്പിനിടെ പോർച്ചുഗീസ് ടീമിനെ പുതുക്കിപ്പണിയാന്‍ ശ്രമിച്ചത്. എന്നാല്‍ റൊണാള്‍ഡോയുടെ വ്യക്തിഗത മികവും ആത്മ സമർപ്പണവും മത്സരഗതി മാറ്റിമറിക്കാനുളള വൈഭവവും പരിശീലകന്‍ പരിഗണിച്ചതേയില്ല. പരാജയശേഷം കണ്ണീരോടെ കളം വിട്ട റൊണാള്‍ഡോ നമ്മുടെ മനസില്‍ ഒരു കണ്ണീരോർമ്മയായി നില്‍ക്കും. എന്നാല്‍ മറുഭാഗത്ത് 35 കാരനായ മെസിയെ എങ്ങനെയാണ് അർജന്‍റീനിയന്‍ പരിശീലകന്‍ ലയണല്‍ സ്കലോണി ഉപയോഗപ്പെടുത്തുന്നത് എന്ന് നോക്കുക. മെസിയുടെ അപാരമായ മികവിനെ യുവതാരങ്ങളുടെ വൈദഗ്ധ്യത്തോട് ചേർത്ത് ടീമിന്‍റെ സംഘ ഗാത്രത്തിലേക്ക് സന്നിവേശിപ്പിക്കുകയാണ് സ്കലോണി ചെയ്തത്. അതുകൊണ്ടാണ് 35 കാരനായ മെസിയുടെ അസിസ്റ്റില്‍ ഗോള്‍ നേടാന്‍ 22 കാരനായ അല്‍വാരസിന് സാധിക്കുന്നത്. ഈ കൂട്ടായ്മയുടെ കരുത്തിലാണ് അർജന്‍റീന കുതിക്കുന്നത്. ജൂലിയന്‍ അല്‍വാരസ്, എന്‍സോ ഫെർണാണ്ടസ്, മാക് അലിസ്റ്റർ, ലവ്റ്റാരോ മാർട്ടിനെസ് എന്നീ യുവതാരങ്ങള്‍ അർജന്‍റീനയ്ക്കു നല്‍കുന്ന ആത്മവിശ്വാസം വലുതാണ്. എന്നാല്‍ 21 നും 25 നും ഇടയില്‍ പ്രായമുളള ഇവരുടെ സാന്നിദ്ധ്യം മെസിയെപ്പോലുളള ഒരു പ്രതിഭാശാലിയുടെ സാന്നിദ്ധ്യത്തേയോ നിലനില്‍പിനേയോ റദ്ദാക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. അതുകൊണ്ട് കലാശക്കളിയില്‍ എതിരാളികള്‍ ആരുതന്നെയാണെങ്കിലും
അർജന്‍റീന പോരാടുക തന്നെ ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.