'സമാധാനം പുനസ്ഥാപിക്കണം': ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ ഐക്യരാഷ്ട്ര സഭ; പ്രതിപക്ഷം ഇരു സഭകളും ബഹിഷ്‌കരിച്ചു

'സമാധാനം പുനസ്ഥാപിക്കണം': ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ ഐക്യരാഷ്ട്ര സഭ; പ്രതിപക്ഷം ഇരു സഭകളും ബഹിഷ്‌കരിച്ചു

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ പ്രതികരിച്ച് ഐക്യരാഷ്ട്ര സഭ. സംഘര്‍ഷം നിലനില്‍ക്കുന്ന തവാങ് മേഖലയില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് ഇരു രാജ്യങ്ങളും സംഘര്‍ഷം വര്‍ധിക്കാതിരിക്കാന്‍ ഇടപെടല്‍ നടത്തണമെന്നും യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാന്‍ ഡുജാറിക്ക് പറഞ്ഞു.

അതേസമയം, നയതന്ത്ര, സൈനിക മാര്‍ഗങ്ങളിലൂടെ അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും സുഗമമായ ആശയവിനിമയം നടത്തിയിട്ടുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇതിനിടെ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി. ഇന്ത്യ - ചൈന സംഘര്‍ഷത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് സഭയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്നിരുന്നു.

അടിയന്തരപ്രമേയം നല്‍കി പ്രതിപക്ഷം ചര്‍ച്ച ആവശ്യപ്പെട്ടപ്പോള്‍ പ്രതിരോധമന്ത്രി ഇന്നലെ പ്രസ്താവന നടത്തി സാഹചര്യം വിശദീകരിച്ചത് ലോകസഭയിലും രാജ്യസഭയിലും അധ്യക്ഷന്‍മാര്‍ ചൂണ്ടിക്കാട്ടി.

ചര്‍ച്ച നടത്താതെ സഭ നടപടികളിലേക്ക് കടന്നതോടെ പ്രതിപക്ഷം ഇറങ്ങിപ്പോവുകയായിരുന്നു. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഉള്‍പ്പടെയുള്ള 17 പാര്‍ട്ടികളാണ് പ്രതിഷേധം ഉയര്‍ത്തി സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്. പാര്‍ലമെന്റ് ചേരുന്നതിന് മുമ്പ് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.