ഫ്രാൻസിസ് മാർപാപ്പയുടെ പൗരോഹിത്യ സ്വീകരണത്തിന്റെ 53-ാം വാർഷികം ആഘോഷിച്ചു

ഫ്രാൻസിസ് മാർപാപ്പയുടെ പൗരോഹിത്യ സ്വീകരണത്തിന്റെ 53-ാം വാർഷികം ആഘോഷിച്ചു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാർപാപ്പയുടെ പൗരോഹിത്യ സ്വീകരണത്തിന്റെ 53-ാം വാർഷികം ആഘോഷിച്ചു. അര്‍ജന്റീനയിലെ ലാസ് ഫ്‌ളോറസില്‍ ജനിച്ച മാർപാപ്പ 1969 ഡിസംബര്‍ 13 നാണ് ഈശോസഭ വൈദികനായി അഭിഷിക്തനായത്.

"The Jesuit: Conversations with Cardinal Jorge Bergoglio" എന്ന പുസ്‌തകത്തിലെ വിവരണമനുസരിച്ച്, ആഗമനത്തിന്റെ മൂന്നാമത്തെ ഞായറാഴ്ചയായ സൺഡേസ് ഗൗഡെറ്റ് അല്ലെങ്കിൽ സന്തോഷത്തിന്റെ ഞായറാഴ്ച ആഘോഷിക്കാനുള്ള യാത്രയ്ക്കിടെയാണ് ഫ്രാൻസിസ് മാർപാപ്പ പൗരോഹിത്യത്തിലേക്കുള്ള വഴി തിരഞ്ഞെടുത്തത്.

1958 മാർച്ച് 11 നാണ് ജോർജ്ജ് മരിയോ ബെർഗോഗ്ലിയോ എന്ന ഇന്നത്തെ ഫ്രാൻസിസ് മാര്‍പാപ്പ ഈശോസഭയിൽ അംഗമായത്. 1960 മാർച്ച് 12 ന് പ്രഥമ വ്രതവാഗ്ദാനം നടത്തി. 1969 ൽ പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ 33-ാം ജന്മദിനത്തിന്റെ നാല് ദിവസങ്ങൾക്ക് മുമ്പായിരുന്നു പൗരോഹിത്യസ്വീകരണം.


ഫ്രാൻസിസ് മാർപാപ്പയുടെ ഒരു പഴയ കാല ചിത്രം

അർജന്റീനയിലെ ബ്യൂനസ് ഐറസില്‍ കോര്‍ജോബ ആര്‍ച്ച് ബിഷപ്പ് മോണ്‍ റാമോണ്‍ ഹോസെ കാസ്റ്റലാനോയാണ് പൗരോഹിത്യം നല്‍കിയത്. ഫാ. ബര്‍ഗോളിയോ ആദ്യകാലങ്ങളില്‍ സന്യാസ സമര്‍പ്പണത്തിനൊപ്പം അജപാലന ശുശ്രൂഷയും നടത്തിവന്നു. പിന്നീട് സാൻ മിഗേൽ സെമിനായിരിയിലെ ദൈവശാസ്ത്ര-തത്ത്വശാസ്ത്ര വിഭാഗത്തിൽ നിന്ന് മാസ്റ്റർ ബിരുദം സമ്പാദിച്ച അദ്ദേഹം അവിടെ ദൈവശാസ്ത്രാദ്ധ്യാപകനായി.

മരിയോ ജോസ് ബെർഗോഗ്ലിയോ (1908-1959), റെജീന മരിയ സാവോരി (1911-1981)എന്നീ ദമ്പതികളുടെ മകനായി 1936 ഡിസംബർ 17 ന് ബ്യൂണസ് അയേഴ്സിലെ ലാസ് ഫ്‌ളോറസിലാണ് പാപ്പയുടെ ജനനം.

ഇറ്റലിയിലെ പീഡ്‌മോണ്ട് മേഖലയിലെ പോർട്ടകോമറോയിൽ (ആസ്റ്റി പ്രവിശ്യ) ജനിച്ച പിതാവ് മരിയോ ബെർഗോഗ്ലിയോ അക്കൗണ്ടന്റായിരുന്നു. ഇറ്റലിയിൽ നിന്നും അർജന്റീനയിലേക്ക് കുടിയേറിയവരാണ് പാപ്പയുടെ മാതാപിതാക്കൾ. ഇവരുടെ അഞ്ച് മക്കളിൽ മൂത്തവനായിരുന്നു ജോർജ്. സുന്ദരനും ഫുട്ബോളിന്റെയും ടാംഗോയുടെയും കടുത്ത ആരാധകനുമായിരുന്നു ജോർജ്.


തന്റെ അമ്മ ഒരു കത്തോലിക്കാ വിശ്വാസിയായിരുന്നിട്ടും പൗരോഹിത്യത്തിൽ പ്രവേശിക്കാനുള്ള തന്റെ തീരുമാനത്തെ ആദ്യം പിന്തുണച്ചിരുന്നില്ലയെന്ന് ഒരിക്കൽ ഫ്രാൻസിസ് മാർപാപ്പ വിശദീകരിക്കുകയുണ്ടായി. എങ്കിലും മകൻ വൈദികനായപ്പോൾ അവർ അവന്റെ ക്ഷണം സ്വീകരിച്ച് പൗരോഹിത്യ സ്വീകരണ ചടങ്ങിൽ എത്തുകയും മകനെ അനുഗ്രഹിക്കുകയും ചെയ്തു.

പിന്നീട് ഫാ. ബര്‍ഗോളിയോ 1973 ല്‍ ഈശോ സഭയുടെ അര്‍ജന്റീനയിലെ പ്രവിന്‍ഷ്യല്‍ സുപ്പീരിയറായി സേവനമനുഷ്ഠിച്ചു. 1979 വരെ തല്‍സ്ഥാനത്ത് തുടര്‍ന്ന അദ്ദേഹം 1992 ല്‍ അദ്ദേഹം ബ്യൂനസ് ഐറസ് അതിരുപതയുടെ സഹായമെത്രാനായും 1998 ല്‍ മെത്രാപ്പോലീത്തയായും നിയമിതനായി.

ബ്യൂനസ് ഐറസ് അതിരൂപതാധ്യക്ഷനായി സേവനത്തിലിരിക്കെ 2001 ൽ പരേതനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായാണ് ആര്‍ച്ച് ബിഷപ്പ് ബര്‍ഗോളിയോയെ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തിയത്. പദവി ഉണ്ടായിരുന്നിട്ടും കരിനാൾ ബെർഗോഗ്ലിയോ അദ്ദേഹത്തിന് വാഗ്ദാനം ചെയ്ത മനോഹരമായ വസതി ഉപേക്ഷിച്ച് ഒരു ചെറിയ അപ്പാർട്ട്മെന്റിൽ താമസിച്ചു.

അര്‍ജന്റീനയിലെ അഭ്യന്തര കലാപസമയങ്ങളില്‍ കര്‍ദ്ദിനാള്‍ ബര്‍ഗോളിയോ കത്തോലിക്കാ സഭയെ നേര്‍വഴിയില്‍ നയിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. എവിടെയും പൊതുസമ്മതനായിരുന്ന കര്‍ദ്ദിനാളിന്റെ ഇടപെടലുകള്‍ സ്വീകാര്യത നേടുകയും ജനങ്ങള്‍ക്കിടയില്‍ സ്വാധീനവും പ്രീതിയും വര്‍ദ്ധിക്കുകയും ചെയ്തു.

2013 ഫെബ്രുവരി 28 ന് ബെനഡിക്ട് പതിനാറാമന്‍ പാപ്പ സ്ഥാന ത്യാഗം ചെയ്തതിനെ തുടര്‍ന്നാണ് മാര്‍ച്ച് 13 ന് കര്‍ദ്ദിനാള്‍ ബര്‍ഗോളിയോ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നത്. ഈശോ സഭയില്‍ നിന്നും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും സഭാതലപ്പത്ത് എത്തുന്ന ആദ്യത്തെ യൂറോപ്പുകാരനല്ലാത്ത വ്യക്തിയാണ് ഫ്രാന്‍സിസ് പാപ്പ.

സഭാ പ്രബോധനങ്ങളിലും സുവിശേഷ മൂല്യങ്ങളിലും അടിയുറച്ച വ്യക്തമായ നിലപാടുകളുള്ള വ്യക്തിയാണ് ഫ്രാന്‍സിസ് പാപ്പ. എന്നും പാവങ്ങളുടെ പക്ഷം പടിച്ച് വേണ്ടത് തക്ക സമയത്ത് ഉറക്കെ പ്രഖ്യാപിക്കാനും പാപ്പയ്ക്ക് ഒട്ടും മടിയില്ല. അതുകൊണ്ടുതന്നെ പാപ്പയെ വിമോചന ദൈവശാസ്ത്രത്തിന്റെ മൗലികവാദിയായും ലോകം ചിത്രീകരിക്കുന്നു.

ക്രിസ്തുവിന്റെ സഭയില്‍ നടക്കുന്ന ഏതെങ്കിലും വിധത്തിലുള്ള തിന്മകൾക്കെതിരെ ശബ്ദമുയര്‍ത്തി ഒരു നവീകരണത്തിന്റെ പാത തെളിയ്ക്കാനും അതുവഴി സുവിശേഷമൂല്യങ്ങളും ക്രിസ്ത്വാനുകരണവും നടപ്പാക്കാനും പാപ്പ വെമ്പല്‍ കൊള്ളുന്നത് പലരേയും ആകര്‍ഷിക്കുന്നുണ്ട്. പാപ്പയുടെ പ്രബോധനങ്ങളും പദ്ധതികളും ലാളിത്യത്തിന്റെ മകുടോദാഹരണങ്ങളാണ്.

അദ്ദേഹത്തിന്റെ ജീവിത ശൈലിയില്‍ അത് ഏറെ പ്രകടമാണ്. കരുണയാണ് ദൈവമെന്ന് പഠിപ്പിയ്ക്കുന്ന പാപ്പ ആഗോളതലത്തില്‍ വിശ്വാസികളുടെ മാത്രമല്ല, മറ്റു സമുദായക്കാരുടെയും പ്രിയഭാജനമാണ്. അപ്പസ്തോലിക അരമനയില്‍ നിന്നൊഴിഞ്ഞ് സുഖലോലുപത വെടിഞ്ഞ് വത്തിക്കാന്റെ അതിഥി മന്ദിരമായ സാന്താമാര്‍ത്തായിലാണു പാപ്പ വസിക്കുന്നത്. അവിടെയാണ് വൈദികരും മറ്റ് മെത്രാന്മാരും താമസിക്കുന്നത്.

പുഞ്ചിരിയിലൂടെ മാനുഷിക മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഫ്രാന്‍സിസ് പാപ്പ ലാളിത്യത്തിന്റെ വിശ്വരൂപവും പര്യായവുമാണ്. ആഗോള തലത്തില്‍ ബഹുഭൂരിപക്ഷം പാവങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു കൂട്ടായ്മ സംസ്ക്കാരത്തിന്‍റെ അംബാസഡറാണ് പാപ്പ.

പൊതുഭവനമായ ഭൂമി അടിയന്തിരമായി സംരക്ഷിക്കുകയും ഭാവി തലമുറയെ നന്നായി വാര്‍ത്തെടുക്കണമെന്ന് ലോകനേതാക്കളെ എന്നും ഉദ്ബോധിപ്പിക്കുന്ന പാപ്പയുടെ വാക്കുകള്‍ക്ക് ലോകം പ്രാധാന്യത്തോടെ ചെവി കൊടുക്കാറുമുണ്ട്. അതിലുപരി ശാന്തിയുടെ ദൂതനും സമാധാനത്തിന്റെ വക്താവുമാണ് എണ്‍പത്തിയഞ്ചുകാരനായ ഫ്രാന്‍സിസ് മാർപാപ്പ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.