ബന്ദികള്‍ക്ക് 'പട്ടിണി കിടക്കുന്ന തലച്ചോറ്' എന്നറിയപ്പെടുന്ന ഒരു അവസ്ഥ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഗാസ: ഗാസയില്‍ ഹമാസ് ബന്ദികളാക്കിയവര്‍ പട്ടിണി മൂലം മരണപ്പെടാനുള്ള സാധ്യതയേറെയെന്ന് ഹോസ്റ്റേജസ് ആന്‍ഡ് മിസിങ് ഫാമിലീസ് ഫോറത്തിന്റെ റിപ്പോര്‍ട്ട്. ബന്ദികളെ പട്ടിണിക്കിടുക എന്ന നയം മനപൂര്‍വമാണെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
ബന്ദികളായ റോം ബ്രാസ്ലാവ്സ്‌കിയും എവ്യാറ്റര്‍ ഡേവിഡും മെലിഞ്ഞിരിക്കുന്നതായി കാണിക്കുന്ന വീഡിയോകള്‍ പുറത്തുവന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇസ്രായേലിലും മറ്റ് രാജ്യങ്ങളിലും ഈ വീഡിയോ ദൃശ്യങ്ങള്‍ ഞെട്ടലുണ്ടാക്കി.
ഗാസയിലെ പാലസ്തീനികള്‍ക്കിടയില്‍ വ്യാപകമായ പട്ടിണിയും പോഷകാഹാരക്കുറവ് മൂലമുള്ള മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ആഗോള തലത്തില്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ഡേവിഡിന്റെയും ബ്രാസ്ലാവ്സ്‌കിയുടെയും വീഡിയോകള്‍, മോചിതരായ ബന്ദികളുടെ സാക്ഷ്യപത്രങ്ങള്‍, കൊല്ലപ്പെട്ടവരുടെ പരിശോധനകള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് മൂന്ന് മെഡിക്കല്‍-പൊതുജനാരോഗ്യ വിദഗ്ധര്‍ ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
'ഹമാസിന്റെ കസ്റ്റഡിയില്‍ ഇപ്പോഴും ജീവനോടെയുള്ള ബന്ദികള്‍ പട്ടിണിയിലാണ്. കഠിനമായ വിശപ്പിന്റെ അവസ്ഥയുണ്ട്. ഇതുമൂലം വിവിധ അവയവങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും അത് ഉടനടിയുള്ള മരണത്തിലേക്ക് നയിക്കുവാന്‍ സാധ്യത സൃഷ്ടിക്കുകയും ചെയ്യുന്നു'- റിപ്പോര്‍ട്ടില്‍ പറയുന്നു.
ബന്ദികള്‍ക്ക് നല്‍കുന്ന ഭക്ഷണം വളരെ കുറവാണ്. അവര്‍ക്ക് പോഷകാഹാരക്കുറവുണ്ട്. ചിലപ്പോള്‍ ഒരു ദിവസം അര പീറ്റില്‍ കൂടുതല്‍ ലഭിക്കുന്നില്ല. ശിക്ഷയായി ഭക്ഷണം നല്‍കാതിരിക്കുന്നതായി ബന്ദികള്‍ വെളിപ്പെടുത്തി.
വീഡിയോകളുടെ അടിസ്ഥാനത്തില്‍ ഡേവിഡിനും റോം ബ്രാസ്ലാവ്‌സ്‌കിക്കും വളരെ ഭാരക്കുറവുണ്ടെന്ന് ഗവേഷകര്‍ വിലയിരുത്തി. ഡേവിഡിന് ശരീര ഭാരത്തിന്റെ 40 ശതമാനത്തിലധികം കുറഞ്ഞപ്പോള്‍ ബ്രാസ്ലാവ്‌സ്‌കിക്ക് 31 ശതമാനം കുറവുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു.
ബന്ദികള്‍ക്ക് 'പട്ടിണി കിടക്കുന്ന തലച്ചോറ്' എന്നറിയപ്പെടുന്ന ഒരു അവസ്ഥ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഓര്‍മക്കുറവ്, വൈജ്ഞാനിക ശേഷി കുറയല്‍, വിഷാദം, ആശയക്കുഴപ്പം, നിസംഗത, ചില സന്ദര്‍ഭങ്ങളില്‍ ഭ്രമാത്മകത എന്നിവ ഉള്‍പ്പെടെ പ്രത്യാഘാതങ്ങളുള്ള ഒരു അവസ്ഥയാണിത്.
പകല്‍ വെളിച്ചത്തില്‍ നിന്ന് അകറ്റി ഭൂമിക്കടിയില്‍ ആഴത്തില്‍ ശുദ്ധ ജലമോ വൈദ്യ സഹായമോ ലഭിക്കാതെ ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്നതിനാല്‍ അവര്‍ കൂടുതല്‍ അപകട സാധ്യതയിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.